ഇപ്പോഴിതാ ജാവ പ്രേമികള്‍ക്ക് ആവേശമായി പുത്തന്‍ ജാവയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നു. 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള്ള 293 സിസി എൻജിനാവും വാഹനത്തിന്‍റെ ഹൃദയം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസത്തില്‍ പുത്തന്‍ ജാവ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
ഒരു കാലത്ത് ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് മഹീന്ദ്രയുടെ നീക്കം. ജാവയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നവരോട് ഈ വർഷം തന്നെ ബൈക്ക് പുറത്തിറങ്ങുമെന്ന് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജാവ പ്രേമികള്‍ക്ക് ആവേശമായി പുത്തന്‍ ജാവയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നു. 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള്ള 293 സിസി എൻജിനാവും വാഹനത്തിന്‍റെ ഹൃദയം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസത്തില്‍ പുത്തന്‍ ജാവ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
ടൂ സ്‌ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. മഹീന്ദ്ര ഏറ്റെടുത്ത ശേഷം 2017 മെയില്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനില്‍ വാഹനം അവതരിപ്പിച്ചിരുന്നു. 100 സി സി ബൈക്കുകള്‍ റോഡ് കൈയ്യടക്കും മുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തുകളിലെ രാജാവ്. 1960 ല്‍ ആരംഭിച്ച ജാവ യുഗം യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്നിരുന്നു ഒരുകാലത്ത്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അന്താരാഷ്ട്ര ജാവ ദിനം തന്നെ ബൈക്ക് പ്രേമികള്‍ ആചരിച്ചു വരുന്നുണ്ട്. അതുകൊണ്ടു തന്നെ പുത്തന്‍ ജാവയുടെ വിപണി പ്രവേശത്തിന് ഏറെ പ്രാധാന്യവുമുണ്ട്.