സഞ്ചാരികള്‍ക്ക് ആവേശമായി ജടായു കാര്‍ണിവല്‍ തുടങ്ങി

By Web Team  |  First Published Dec 23, 2018, 4:26 PM IST

സഞ്ചാരികള്‍ക്ക് ആവേശമായി ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കമായി. 


സഞ്ചാരികള്‍ക്ക് ആവേശമായി ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കമായി. കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്‌കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. 

കാര്‍ണിവല്‍ ജനുവരി 22 ന് സമാപിക്കും. ഒരു മാസക്കാലം വൈകുന്നേരം 5മണി മുതല്‍ രാത്രി 9 മണി വരെയാണ് ജടായു കാര്‍ണിവല്‍ അരങ്ങേറുക. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും.

Latest Videos

undefined

കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്‌സ് സെന്റര്‍ മാറിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്‍തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ ആദ്യ ബിഒടി പദ്ധതി വിജയകരമായി മാറുന്നത് പ്രതീക്ഷ പകരുന്നതാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള അനുമതി കൂടി ലഭിച്ചതോടെ ഹെലികോപ്ടറില്‍ ഉയര്‍ന്നുപൊങ്ങി ജടായു ശില്‍പ്പവും, മനോഹരമായ ചടയമംഗലം ഗ്രാമവും, സഹ്യപര്‍വതവുമെല്ലാം അടങ്ങുന്ന ആകാശ കാഴ്ച കാണാനാകുന്നു.

സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എര്‍ത്ത്‌സ് സെന്ററിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെന്മല ഇക്കോ ടൂറിസം കേന്ദ്രമടക്കമുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളെ ആകാശമാര്‍ഗം ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് ജടായു എര്‍ത്ത്‌സ് സെന്ററില്‍ നിന്ന് ഭാവിയില്‍ ആരംഭിക്കാനാകുമെന്നും, ഇത് കേരള ടൂറിസത്തിന് പുതിയ മുഖം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!