ഈ വാഹനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധം

By Web Team  |  First Published Dec 5, 2018, 10:09 AM IST

2019 ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


തിരുവനന്തപുരം: 2019 ജനുവരി ഒന്ന് മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

Latest Videos

അതേസമയം സംസ്ഥാനത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്കൂൾ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.  കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ഈ ജിപിഎസിലുണ്ട്. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്.

തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. സ്‌കൂള്‍ ബസുകളിലെ ജിപിഎസ് ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലേക്ക് കടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും  ആളുകള്‍ കയറുന്നതിനുമുമ്പ് വാഹനം എടുക്കുന്നതുമൊക്കെ തടയാന്‍ ജിപിഎസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളുമൊക്കെ  കണ്ടുപിടിക്കാനും ഇതുമൂലം മോട്ടോര്‍വാഹന വകുപ്പിന് കഴിയുമെന്നാണ് കരുതുന്നത്.

click me!