ലോകത്തെ ഒട്ടുമിക്ക വാഹനനിര്‍മ്മാതാക്കളും ഇലക്ട്രിക്കിലേക്ക് ചുവടുമാറ്റം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ളവര്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. അപ്പോഴും ഇന്ത്യൻ വാഹന ലോകത്തെ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കി ഇലക്ട്രിക്ക് വാഹനങ്ങളോട് വലിയ താല്‍പ്പര്യം കാണിക്കുന്നില്ല
ലോകത്തെ ഒട്ടുമിക്ക വാഹനനിര്‍മ്മാതാക്കളും ഇലക്ട്രിക്കിലേക്ക് ചുവടുമാറ്റം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ളവര്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. അപ്പോഴും ഇന്ത്യൻ വാഹന ലോകത്തെ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കി ഇലക്ട്രിക്ക് വാഹനങ്ങളോട് വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. ഇലക്ട്രിക്കിനേക്കാൾ സിഎൻജിയും ഹൈബ്രിഡ് വാഹനങ്ങളുമാണ് മികച്ചതെന്നാണ് മാരുതി പറയുന്നത്.
2020ൽതന്നെ ഇലക്ട്രിക്ക് വാഹനം നിർമിക്കാൻ മാരുതി ആലോചിച്ചിരുന്നു. പക്ഷേ ഇതുവരെ ആ വാഹനം പുറത്തെത്തിയിട്ടില്ല. ഇപ്പോഴും തങ്ങൾ ഇ.വി നിർമാണത്തിലാണെന്ന് കമ്പനി പറയുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. വാഗൺ ആർ അധിഷ്‌ഠിത ഇവിയുടെ ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇതുവരെ 50ഓളം പ്രോട്ടോടൈപ്പുകൾ കമ്പനി റോഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷൻ സ്പെക് ഇവി ഇതുവരെ തയ്യാറായിട്ടില്ല.
എന്തുകൊണ്ടാണ് മാരുതിയുടെ ഇക്കാര്യത്തിലെ അലംഭാവമെന്ന് പല വാഹനപ്രേമികളും ചോദിച്ചു തുടങ്ങി. വാഹന ലോകത്തു തന്നെ സജീവ ചര്‍ച്ചയുമാണ് മാരുതിയുടെ ഇലക്ട്രിക്ക് കരുത്തിനോടുള്ള അലംഭാവം. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ സി ഭാർഗവ.
ഷെയർഹോൾഡർമാരുടെ വാർഷിക പൊതുയോഗത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാരുതി ഹ്രസ്വകാലത്തേക്ക് ഇ വി വിഭാഗത്തിൽ പ്രവേശിക്കില്ലെന്നും സാധ്യമാകുമ്പോൾ മാത്രം ആദ്യ മോഡൽ അവതരിപ്പിക്കുമെന്നും ഈ മാസം ആദ്യം നടന്ന യോഗത്തില്‍ ഭാർഗവ പറഞ്ഞു.
പാസഞ്ചർ വാഹന വ്യവസായത്തിലെ ആധിപത്യം ഇലക്ട്രിക്കിലും നിലനിർത്താൻ മാരുതി ഉദ്ദേശിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് അത് വാങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോൾ മാത്രമേ കമ്പനി അതിന് തയ്യാറാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന വില കാരണം ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് എളുപ്പമല്ലെന്നും ഭാർഗവ പറയുന്നു. കൂടാതെ, ഇലക്ട്രിക് വാഹന ബാറ്ററികളുടെ പ്രധാന ഘടകമാണ് ലിഥിയം. ഇതിനായി ഇന്ത്യ ഇറക്കുമതിയുടെ ഭൂരിഭാഗവും ചൈനയെ ആശ്രയിക്കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ കമ്പനിയെ പിന്നോട്ടടിപ്പിക്കുന്നുണ്ട്.
ഇലക്ട്രിക്ക വാഹനങ്ങളിലേക്ക് ചുവടുമാറും മുമ്പ് ഹൈബ്രിഡുകളെ ആശ്രയിക്കാം എന്നതും കമ്പനിയുടെ നയമാണെന്നും നിലവിലെ ബിസിനസ് അന്തരീക്ഷം ഇവികൾക്ക് അനുയോജ്യമല്ലെങ്കിലും, വ്യവസായം ഒടുവിൽ അവിടേക്ക് കുടിയേറുമെന്നും മാരുതി സുസുകി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു. വലിയ തോതിലും പ്രായോഗികമായും സുസ്ഥിരവുമായി ഇ വികൾ നിർമിക്കാൻ സാധിച്ചില്ലെങ്കിൽ പരിസ്ഥിതിയിൽ കൃത്യമായ മാറ്റം വരുത്താൻ കഴിയില്ലെന്നും ഇവികളുടെ കാര്യത്തിൽ അത്തരമൊരു അവസ്ഥയിലേക്ക് എത്താൻ ഒരു നിർമാതാവിനും ഇനിയും കഴിഞ്ഞിട്ടില്ലെന്നും ശ്രീവാസ്‍തവ പറയുന്നു.
ഇവികളുടെ കാര്യത്തിൽ വാഹനലോകം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണെന്നും പൂർണതക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും മാരുതി പറയുന്നു. സിഎൻജി, ഹൈബ്രിഡ് സാങ്കേതികതകളെയാണ് നിലവിൽ വൈദ്യുതിക്ക് ബദലായി കാണുന്നതെന്നും തങ്ങളുടെ മൊത്തം വിൽപ്പനയുടെ 11 ശതമാനം സി.എൻ.ജി വാഹനങ്ങളാണെന്നും മാരുതി വ്യക്തമാക്കുന്നു.