ഫോക്‌സ്‌വാഗൺ 2025 ടെയ്‌റോൺ എസ്‌യുവി അനാച്ഛാദനം ചെയ്തു. ഇത് ഇന്ത്യൻ വിപണിയിലെ അടുത്ത തലമുറ ടിഗ്വാൻ എസ്‌യുവിയായിരിക്കും
ഏറ്റവും പുതിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എസ്‌യുവി യൂറോപ്യൻ വിപണികൾക്കായി അനാവരണം ചെയ്‌തു. 2024-ലെ പാരീസ് മോട്ടോർ ഷോയിലാണ് വാഹനത്തിന്‍റെ അരങ്ങേറ്റം. ആഗോളതലത്തിൽ, ടെയ്‌റോൺ ടിഗ്വാൻ ഓൾസ്‌പേസിന് പകരമാകും. കൂടുതൽ വിശാലമായ ഇൻ്റീരിയറും നൂതന സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ എസ്‌യുവിക്ക് 260 എംഎം നീളവും പുതിയ ടിഗ്വാനേക്കാൾ 111 എംഎം നീളമുള്ള വീൽബേസും ഉണ്ട്. മൊത്തത്തിലുള്ള നീളം 4,770 എംഎം, വീൽബേസ് 2,791 എംഎം. ടെയ്‌റോണിൻ്റെ വലിയ ക്യാബിൻ അധിക നിര സീറ്റുകൾ ഉൾക്കൊള്ളുന്നു. കൂടാതെ 198 ലിറ്റർ ബൂട്ട് സ്പേസും നൽകുന്നു.
ആഗോളതലത്തിൽ, പെട്രോൾ, മൈൽഡ് ഹൈബ്രിഡ് പെട്രോൾ, പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ്, ഡീസൽ എന്നിങ്ങനെ നാല് എഞ്ചിൻ ഓപ്ഷനുകളിൽ ടെയ്‌റോൺ എസ്‌യുവി ലഭ്യമാകും. വിശദമായ സ്പെസിഫിക്കേഷനുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എൻട്രി ലെവൽ eTSI മൈൽഡ് ഹൈബ്രിഡ് 148bhp ഉത്പാദിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് 201bhp, 268bhp എന്നിങ്ങനെ രണ്ട് വ്യത്യസ്ത പവർ ഔട്ട്പുട്ടുകളുമായി വരും. ഈ സജ്ജീകരണത്തിൽ 19.7kWh ബാറ്ററിയും ഒരു ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു, ഇത് 100 കിമി വരെ ഇവി മോഡിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു.
2.0L ടർബോ ഡീസൽ എഞ്ചിൻ 148bhp, 190bhp എന്നിങ്ങനെ രണ്ട് ട്യൂൺ സ്റ്റേറ്റുകളിൽ വരും. ആദ്യത്തേതിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ടായിരിക്കും. രണ്ടാമത്തേതിൽ 4WD സജ്ജീകരണം ഉണ്ടായിരിക്കും. എസ്‌യുവി മോഡൽ ലൈനപ്പ് 6-സ്പീഡ്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും വാഗ്ദാനം ചെയ്യും. ബൂട്ട് ഫ്ലോറിനു താഴെ ബാറ്ററി സ്ഥാപിച്ചിരിക്കുന്നതിനാൽ PHEV പതിപ്പ് ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷൻ നൽകില്ല. 885 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്ന സാധാരണ 5-സീറ്റർ ടെയ്‌റോണിൽ നിന്ന് വ്യത്യസ്തമായി, PHEV പതിപ്പിൻ്റെ ലഗേജ് സ്പേസ് 18 ലിറ്റർ കുറച്ചു.
ഫോക്‌സ്‌വാഗൺ ടെയ്‌റോണിൻ്റെ ഇൻ്റീരിയർ ലേഔട്ട്, ഡാഷ്‌ബോർഡ് ഡിസൈൻ, ട്രിം ഇൻസെർട്ടുകൾ, ഫാബ്രിക് നിറങ്ങൾ എന്നിവയുൾപ്പെടെ ടിഗ്വാനുമായി സാമ്യമുള്ളതാണ്. 12.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.15 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, 15.0 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), സ്റ്റിയറിംഗ് കോളത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗിയർ സെലക്ടർ, ഡിജിറ്റൽ ഡയലുകൾ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. ത്രീ-സോൺ ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 700W ഹർമൻ-കാർഡൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെൻ്റിലേഷൻ, മസാജ് ഫംഗ്‌ഷനുകളുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, 10-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് എൻട്രി ലെവൽ വേരിയൻ്റ് വരുന്നത്.
സുരക്ഷയുടെ കാര്യത്തിൽ, പുതിയ ഫോക്‌സ്‌വാഗൺ 7-സീറ്റർ എസ്‌യുവിയിൽ ഒമ്പത് എയർബാഗുകൾ, ഒരു എഡിഎഎസ് സ്യൂട്ട്, ഒരു റിയർവ്യൂ ക്യാമറ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓപ്ഷണൽ മാട്രിക്സ് എൽഇഡി യൂണിറ്റുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വലിയ സിംഗിൾ വെൻ്റുള്ള ഫ്രണ്ട് ബമ്പർ, പരിചിതമായ ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക്ഡ് ഔട്ട് റൂഫും ഡി-പില്ലറും, ഫ്ലോട്ടിംഗ് റൂഫ്, എൽഇഡി കണക്റ്റുചെയ്‌ത ടെയിൽലാമ്പുകൾ എന്നിവ പ്രധാന ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.
ഈ കാർ ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച് നിലവിൽ ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. എങ്കിലും, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7-സീറ്റർ എസ്‌യുവി 2025-ൽ സികെഡി റൂട്ട് വഴി ഇന്ത്യയിലെത്തുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തതലമുറ ടിഗ്വാൻ ആയിട്ടായിരിക്കും ഇതെത്തുക. ഈ മോഡൽ സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ എതിരാളികൾക്ക് എതിരെയാകും വിപണിയിൽ മത്സരിക്കുക.