പെട്രോള്‍ കരുത്തിലും എംജി ZS, പരീക്ഷണയോട്ടം പുരോഗമിക്കുന്നു

By Web Team  |  First Published Aug 12, 2020, 8:34 PM IST

ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നു


ദില്ലി: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ മോഡലിന്‍റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എംജി. വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നു.

കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും. കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ശ്രേണിയില്‍ തന്നെ നല്‍കിയിട്ടില്ലാത്ത ഫീച്ചറുകളും നല്‍കിയായിരിക്കും ഈ വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ആഗോള വിപണികളില്‍ വില്‍ക്കുന്നതുപോലെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ടര്‍ബോ എന്‍ജിന്‍ 160 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 1.5 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളിലാണ് ആദ്യമെത്തുക. പിന്നീട് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി.

ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.

16 ലക്ഷം രൂപയോളമായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്‌. 2021 ഓടെ വാഹനം ഇന്ത്യയില്‍ എത്തിയേക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, ഹാരിയര്‍ എന്‍ട്രി മോഡല്‍ തുടങ്ങിയവരായിരിക്കും ഈ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍. 

ഇലക്ട്രിക് സണ്‍റൂഫുമായി പുത്തന്‍ ജാസ്, ബുക്കിംഗ് തുടങ്ങി    

click me!