കിയ സിറോസിന്‍റെ ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2024 അവസാനത്തോടെ മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ വരാനിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവിയെ സിറോസ് എന്ന് പേരിട്ടുവിളിക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. വാഹനത്തിന്‍റെ ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2024 അവസാനത്തോടെ മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ൻ്റെ തുടക്കത്തിൽ, ഭാരത് മൊബിലിറ്റി ഷോയിൽ അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെ അതിൻ്റെ ഇന്ത്യയിലെ ലോഞ്ച് നടക്കും. കിയ ഇന്ത്യയിൽ നിന്നുള്ള ആറാമത്തെ ഓഫറാണ് സിറോസ്. ഈ കാർ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയോട് മത്സരിക്കും.
വരാനിരിക്കുന്ന കിയ കോംപാക്റ്റ് എസ്‌യുവിയുടെ നിരവധി സ്പൈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പില്ലറുകളിൽ ഘടിപ്പിച്ച എൽ-ആകൃതിയിലുള്ള ടെയിൽലാമ്പുകൾ, ഫ്ലഷ് ശൈലിയിലുള്ള ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവയ്‌ക്കൊപ്പം വാഹനത്തിന് കൂടുതൽ ഉയരവും ലഭിക്കും. ഇതിന്‍റെ ഔദ്യോഗിക സ്കെച്ചുകൾ കമ്പനി അടുത്തിടെ പുറത്തിറക്കി. കോംപാക്റ്റ് എസ്‌യുവിയിൽ ബമ്പർ-ഇൻ്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുകളും ഉയർന്ന സ്റ്റോപ്പ് ലാമ്പും ഉണ്ട്.
കിയ സിറോസ് ബ്രാൻഡ് സിഗ്നേച്ചർ ഗ്രിൽ, എൽഇഡി ഘടകങ്ങളുള്ള ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, LED DRL-കൾ, ഫോർ-സ്‌പോക്ക് അലോയ് വീലുകൾ എന്നിവ ഫീച്ചർ ചെയ്യുമെന്ന് മുൻ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കിയ സോനെറ്റിനെ അപേക്ഷിച്ച് വരാനിരിക്കുന്ന കിയ കോംപാക്റ്റ് എസ്‌യുവി പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ ഇടം നൽകും എന്നാണ് റിപ്പോർട്ടുകൾ. ഇത് കമ്പനിയുടെ ഉൽപ്പന്ന നിരയിൽ സോനെറ്റിന് മുകളിലായിരിക്കും.
കിയ സിറോസിന്‍റെ ഇന്‍റീരിയറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, സോനെറ്റുമായി ഇത് നിരവധി സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. പനോരമിക് സൺറൂഫ്, ബോസ് ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ടെക്‌നോളജി എന്നിവയും ഇത് വാഗ്ദാനം ചെയ്തേക്കാം. പുതിയ കിയ കോംപാക്റ്റ് എസ്‌യുവിയിൽ സുരക്ഷയ്ക്കായി ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയും ഉൾപ്പെടുന്നു.
സിറോസ് എന്നുപേര്, വാഗണാർ ലുക്ക്! പിന്നിൽ വിശാല സ്‍പേസും കുറഞ്ഞ വിലയുമുള്ള കാറിന് പേരുറപ്പിച്ച് കിയ!
തുടക്കത്തിൽ, കിയ സിറോസിന് ഇന്‍റേണൽ കംബഷൻ എഞ്ചിൻ പവർട്രെയിനുകൾ നൽകും. ഇതിന്‍റെ പെട്രോൾ പതിപ്പിന് 118 ബിഎച്ച്പി, 1.0 എൽ ടർബോ എഞ്ചിനും നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറും ലഭിച്ചേക്കാം. ഡീസൽ പതിപ്പ് 1.5 എൽ എഞ്ചിനുമായി വരാം. പിന്നീടുള്ള ഘട്ടത്തിൽ ഇലക്ട്രിക് പവർട്രെയിനുമായും കിയ സിറോസ് എത്തും എന്നാണ് റിപ്പോട്ടുകൾ.