27 കിമീ മൈലേജുമായി പുത്തന്‍ ഹോണ്ട സിറ്റി ഇന്ത്യയിലേക്ക്

By Web Team  |  First Published Jan 24, 2021, 10:43 PM IST

പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മോഡലിന് പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. 2021 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മോഡലിന് പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ ഇതിനകം തായ്ലന്‍ഡ് വിപണിയില്‍ എത്തുന്നുണ്ട്.

98 ബിഎച്ച്പി കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേഷന്‍ (ഐഎസ്ജി), 109 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് യൂണിറ്റ്. ഈ സംവിധാനം ആഗോള വിപണിയിലെ പുതുതലമുറ ജാസിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest Videos

undefined

ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിന്‍ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും പുതിയ ഹോണ്ട സിറ്റിയിലുണ്ടാകും. ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റി മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന കാറാണ്. ഇത് 27 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയിലുള്ള മോഡലില്‍ 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്റ്റിയറിംഗ് വീല്‍ പാഡില്‍സ്, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ സെന്ററിംഗ് അസിസ്റ്റ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.

1998 ജനുവരിയിലാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) ആഭ്യന്തര വിപണിയില്‍ സിറ്റിയുടെ വില്‍പ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. സിറ്റിയുടെ  അഞ്ചാം തലമുറയെ 2020 ജൂലൈയിലാണ് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.  പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും ഹോണ്ട വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
 

click me!