ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു എം യു-എക്സ്, മഹീന്ദ്ര ആള്‍ട്യുറാസ് ജി4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍
ദില്ലി: ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡിന്‍റെ മസിലന്‍ എസ്‍യുവി എന്‍ഡവറിന്‍റെ ബിഎസ് 6 പതിപ്പിന്‍റേതെന്നു കരുതുന്ന പരീക്ഷണ ഓട്ട ചിത്രങ്ങൾ പുറത്ത്. 2019 ഫെബ്രുവരയില്‍ എന്‍ഡവറിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് അവതരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ പുതിയ ബിഎസ്6 പതിപ്പില്‍ മെക്കാനിക്കല്‍ മാറ്റങ്ങളല്ലാതെ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതായത് 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ തന്നെയാവും ഈ വാഹനത്തിന്‍റെയും ഹൃദയം. ഈ എഞ്ചിനുകളെ ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ത്തുക മാത്രമാവും കമ്പനി ചെയ്യുന്നത്. നിലവില്‍ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് സെവന്‍ സീറ്റ് സൗകര്യമുള്ള 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്നത്.
undefined
2.2 ലിറ്റര്‍ എഞ്ചിൻ 160 ബി എച്ച് പി കരുത്തും 385 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതില്‍ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഈ എഞ്ചിൻ ടൈറ്റാനിയം, ടൈറ്റാനിയം+ മോഡലുകളിൽ 4 × 2 പതിപ്പിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 4 × 4 സിസ്റ്റവുമുള്ള വലിയ എഞ്ചിൻ ഏറ്റവും ഉയർന്ന ടൈറ്റാനിയം+ പതിപ്പിൽ മാത്രമാണ് ലഭ്യമാവുന്നത്. 200 ബി എച്ച് പി കരുത്തും 470 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ബിഎസ്6 ലേക്ക് ഉയരുന്നതോടെ ഉല്‍പ്പാദിപ്പിക്കുന്ന കരുത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ എവറസ്റ്റ് എന്നറിയപ്പെടുന്ന ഫോർഡ് എൻഡവർ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏഴ് സീറ്റ് പ്രീമിയം എസ്‌യുവികളിൽ ഒന്നാണ്. നിലവിൽ വിൽപ്പനയ്ക്കെത്തുന്ന മോഡൽ 2016 ൽ പുറത്തിറങ്ങിയതാണ്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച പരിഷ്‍കരിച്ച പതിപ്പില്‍ പുതിയ ബമ്പര്‍, എച്ച ഐ ഡി ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള മുന്നിലെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനിഷിങ്ങിലുള്ള സ്‌കേര്‍ട്ട് എന്നിവയായിരുന്നു മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലുള്ള മാറ്റങ്ങള്‍.
ഓട്ടോമാറ്റിക് എച്ച് ഐ ഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്‌യുവി പതിപ്പിലും ഉണ്ടാകും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.
ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസെന്റ് & ഡിസെന്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുങ്ങുന്നു.
ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു എം യു-എക്സ്, മഹീന്ദ്ര ആള്‍ട്യുറാസ് ജി4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍. നിലവില്‍ 29.20 ലക്ഷം മുതല്‍ 33.62 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. എന്തായാലും എഞ്ചിന്‍ ബിഎസ്6 ആകുന്നതോടെ വാഹനത്തിന്‍റെ വിലയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പുതിയ എൻഡവർ ബിഎസ് 6ന് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.