ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്റര്‍ വിപണിയില്‍ എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്റര്‍ വിപണിയില്‍ എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാകും വാഹനം എത്തുക. പേഴ്‌സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ആണിതില്‍ പ്രധാനം. വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണ് ഈ സംവിധാനം.
അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്ത വ്യക്തിഗത എഐ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്റ്റർ. എഐ അസിസ്റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്ടീവ് റോബോട്ടായിരിക്കും ഉണ്ടാകുക. മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണെന്നും തനിച്ച് വാഹനം ഓടിക്കുമ്പോൾ ഇത് വേറിട്ടൊരു അനുഭവമാകും നല്‍കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
undefined
ആസ്റ്റർ എഐ റോബോട്ടിന് ശബ്‍ദമാകുന്നത് ആര് എന്നതാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ച. ഇതുസംബന്ധിച്ച് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പേര് ഇന്ത്യയുടെ പാരാ ഒളിമ്പിക്സ് താരം ദീപ മാലിക്കിന്‍റേതാണെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖേൽ രത്‌ന ജേതാവുകൂടിയായ ദീപ മാലിക് ആസ്റ്റർ എഐക്ക് ശബ്ദം നൽകുമെന്ന് എംജി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ഉപഭോക്താക്കൾക്ക് അതുല്യമായ ശബ്ദാനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എം.ജി അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ആദ്യത്തെ വനിതാ പാരാഒളിമ്പിക്സ് മെഡൽ ജേതാവാണ് ദീപ മാലിക്. നിരവധി തവണ ഏഷ്യൻ പാരാ ഗെയിംസിലും ദീപ വിജയ കിരീടം ചൂടിയിട്ടുണ്ട്. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, നീന്തൽ, മോട്ടോർസൈക്ലിങ് തുടങ്ങി വിവിധതരം മത്സങ്ങളിൽ വിജയിച്ചിട്ടുള്ള ദീപക്ക് പദ്മശ്രീ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് കൂടാതെ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ 23 അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പതിലധികം ദേശീയ ചാമ്പ്യൻഷിപ്പുകളിലും ദീപ മെഡൽ അണിഞ്ഞിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രതിരൂപമാണ് ദീപയെന്നും ആസ്റ്ററിലെ ദീപയുടെ ശബ്‍ദം എല്ലാവർക്കും മികച്ച അനുഭവമായിരിക്കും എന്നും എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആവേശകരവും അർഥവത്തായതുമായ അനുഭവങ്ങൾ തുടർച്ചയായി നൽകാൻ കമ്പനി പരിശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എംജി എസ്‌യുവിയുടെ ശബ്‍ദമാകാൻ കഴിഞ്ഞതിൽ സന്തുഷ്‍ടയാണെന്നും എംജിയുടെ മൂന്നിലൊന്ന് തൊഴിലാളികൾ സ്ത്രീകളാണെന്നത് അഭിനന്ദനീയമാണെന്നും ദീപ മാലിക് പറഞ്ഞു.
ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറാണ് ആസ്റ്റർ. മാപ്പ് മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ
സബ്സ്ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.
ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. ഓട്ടോണമസ് ലെവല്‍ ടു സംവിധാനം അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് സഹായിക്കും. ഇതിന്റെ ഭാഗമായി അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്‌ലാമ്പ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എംജി മോട്ടോഴ്‌സ് ആസ്റ്ററില്‍ നൽകുന്നത്.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്ക് മോഡലിന്‍റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ആസ്റ്റര്‍ എന്ന പേരില്‍ എത്തുക. നിരവധി തവണ ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ആസ്റ്ററിന്റെ കരുത്ത് നൽകുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ ലഭിക്കുമെന്നാണ് സൂചന.
നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍, അതിന്റെ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും. 10-16 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ബ്രെസ, ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്സൺ, കിയ സോനറ്റ്, ഫോർഡ് ഇക്കോസ്പോർട്ട് , ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളാവും ആസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.
ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം ജിയുടെ വാഹനനിര.
ആസ്റ്റര്‍ കൂടി ഈ ശ്രേണിയിലേക്ക് വരുന്നതോടെ ഗുജറാത്തിലെ ഹാലോൾ പ്ലാൻറിന്‍റെ ശേഷി വർധിപ്പിക്കാനും എം ജി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിൽ പ്രതിവർഷം 80,000 യൂണിറ്റാണ് ഈ പ്ലാൻറിന്‍റെ ശേഷി. ഇത് 1,00,000 യൂനിറ്റായി ഉയർത്താനാണ് എം.ജി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona