2019 ജനുവരി ഒന്നു മുതല്‍ ഇന്ത്യയിലെ വാഹന വില വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ഒരുങ്ങുന്നു. രണ്ടര ശതമാനം വില വര്‍ധനവാണ് ഫോര്‍ഡ് വാഹനങ്ങള്‍ക്കുണ്ടാകുക.
2019 ജനുവരി ഒന്നു മുതല്‍ ഇന്ത്യയിലെ വാഹന വില വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ഒരുങ്ങുന്നു. രണ്ടര ശതമാനം വില വര്‍ധനവാണ് ഫോര്‍ഡ് വാഹനങ്ങള്‍ക്കുണ്ടാകുക. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് വാഹന വില കൂട്ടാനുള്ള പ്രധാന കാരണമായി ഫോര്‍ഡ് പറയുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും ഇടയ്ക്കിടെ ഉയരുന്ന ഇന്ധനവിലയും വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയെന്ന് ഫോര്‍ഡ് പറയുന്നു.
പ്രാരംഭ ഹാച്ച്ബാക്ക് ഫിഗൊ മുതല്‍ സ്‌പോര്‍ട്‌സ് കാര്‍ മസ്താംഗ് വരെ നീളും ഫോര്‍ഡ് ഇന്ത്യയുടെ മോഡല്‍ നിര. ഈ വര്‍ഷം മൂന്നു പുതിയ കാറുകളെയാണ് നിരയിലേക്കു ഫോര്‍ഡ് കൊണ്ടുവന്നത്. ഫോര്‍ഡിനെ കൂടാതെ മാരുതി സുസുക്കി, ടാറ്റ, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം വാഹനവില കൂട്ടുന്ന കാര്യം വ്യക്തമാക്കിയിച്ചിട്ടുണ്ട്. ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വരെ കൂടും.
നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധനവാകും വിവിധ മോഡലുകൾക്ക് ഉണ്ടാവുകയെന്ന് ടാറ്റ വ്യക്തമാക്കി. മാരുതിയും ടൊയോട്ടയും ഇസുസുവും ഫോക്സവാഗണും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്. ടോയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ദ്ധിക്കും. ബിഎംഡബ്ല്യു നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്. മൂന്നു ശതമാനം വരെ വില കൂട്ടാനാണ് ഫോക്സ് വാഗന്‍റെ നീക്കം. ഇസൂസു കാറുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് വര്‍ധിക്കുക. എത്ര ശതമാനം വില കൂടുമെന്ന കാര്യത്തില്‍ മാരുതി വ്യക്തത വരുത്തിയിട്ടില്ല. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.