കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ലോകപ്രശസ്തമായ കേരളത്തിന്‍റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഓണക്കാലം ഉള്‍പ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയില്‍ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്‍തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക നല്‍കുന്നത്.
തീര്‍ത്തും പ്രൊഫഷണല്‍ രീതിയിലായിരിക്കും സര്‍ക്കാര്‍ സിബിഎല്‍ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ ഇത് ആഗോള നിലവാരമുള്ള ടൂറിസം ഉല്പന്നമായി മാറും. ഒപ്പം സംസ്ഥാനത്തെ ബോട്ട്ക്ലബ്ബുകള്‍ക്ക് സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കപ്പെടും. വള്ളംകളി മത്സരങ്ങളുടെ പുത്തന്‍ തലമുറയായിരിക്കും സിബിഎല്ലിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കായികമത്സരവും വിനോദസഞ്ചാരവും സംയോജിപ്പിക്കുന്ന സിബിഎല്ലിലൂടെ പുത്തന്‍ ടൂറിസം സീസണായിരിക്കും സൃഷ്ടിക്കപ്പെടുക. ഇടവപ്പാതിയുടെയും തുലാവര്‍ഷത്തിന്‍റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി പരമ്പരാഗതമായ വള്ളംകളിയുടെ തുടര്‍ പരമ്പരയായിരിക്കും ലഭിക്കുക. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തങ്ങളുടെ യാത്രാപരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ആസൂത്രണം ചെയ്യാനാവും.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ആറു ജില്ലകളിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. 1952-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതിഥിയായെത്തുകയും പിന്നീട് അദ്ദേഹം സമ്മാനിച്ച ട്രോഫിയുമായി നടത്തുന്നതുമായ നെഹ്റു ട്രോഫി മത്സരം പതിവായി അരങ്ങേറുന്ന ഓഗസ്റ്റ് പത്തിന് രണ്ടാംശനിയാഴ്ച തന്നെ സിബിഎല്ലിനു തുടക്കമിടുന്നത് ആ പാരമ്പര്യം നിലനിറുത്താനാണ്. ഇതടക്കം എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കും.
നെഹ്രു ട്രോഫിക്കും പ്രസിഡന്‍റ്സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈന്‍ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരങ്ങള്‍.
അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സിബിഎല്‍-ന്‍റെ നടത്തിപ്പിന് ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളില്‍നിന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കായിക മത്സരങ്ങളും മറ്റും നടത്തുന്നതില്‍ മൂന്നു വര്‍ഷമെങ്കിലും പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.