നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.
തിരുവനന്തപുരം: അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‍കറിനും കുടുംബത്തിനും സംഭവിച്ച അപകടമാണ് ഇതില്‍ ഒടുവിലത്തേത്. പുലര്‍ച്ചെ 4.30 ഓടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‍കറിന്‍റെ രണ്ടു വയസുകാരി മകള്‍ തേജസ്വി ബാല മരണത്തിനു കീഴടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.
undefined
1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക
3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക
7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും
ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.
ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക
1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.
6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.