വലിയ വാഹനത്തിന്‍റെയും ചെറിയ വാഹനങ്ങളുടെയും ഡ്രൈവര്‍മാരാവും ഇത്തരം സംഘര്‍ഷങ്ങളില്‍ ഇരുഭാഗത്തുമുണ്ടാകുക. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ചു സ്കൂട്ടർ യാത്രക്കാരനായ യുവാവ് കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്ത് താക്കോൽകൊണ്ടു കുത്തിയതാണ് ഇത്തരത്തിലുള്ള പുതിയൊരു വാര്‍ത്ത
കൊല്ലം: റോഡപകടങ്ങളെപ്പോലെ തന്നെ വര്‍ദ്ധിച്ചുവരികയാണ് റോഡിലെ സംഘര്‍ഷങ്ങളും. അക്ഷമയും റോഡ് തനിക്കു മാത്രം ഉപയോഗിക്കാനാണെന്നു കരുതുന്ന ചിലരുടെ അഹങ്കാരവുമൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍. വലിയ വാഹനത്തിന്‍റെയും ചെറിയ വാഹനങ്ങളുടെയും ഡ്രൈവര്‍മാരാവും ഇത്തരം സംഘര്‍ഷങ്ങളില്‍ ഇരുഭാഗത്തുമുണ്ടാകുക. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ചു സ്കൂട്ടർ യാത്രക്കാരനായ യുവാവ് കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്ത് താക്കോൽകൊണ്ടു കുത്തിയതാണ് ഇത്തരത്തിലുള്ള പുതിയൊരു വാര്‍ത്ത.
കൊല്ലം അഞ്ചാലുമൂട്ടിലാണ് സംഭവം. കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ പാലക്കാട് കയറാടി സ്വദേശി ചന്ദ്രനാണ് കുത്തേറ്റത്. മുഖത്ത് ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഏഴരയോടെ തൃക്കടവൂർ യുവദീപ്തി ജംക്‌ഷനു സമീപമായിരുന്നു സംഭവം. കൊല്ലത്തുനിന്നു ചെങ്ങന്നൂരേക്കു പോകുകയായിരുന്നു ബസ്. തേവള്ളി ഭാഗത്തുവച്ച് എതിരെ അമിത വേഗത്തിൽ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുകയായിരുന്നുവെന്നാണ് ഡ്രൈവറും യാത്രികരും പറയുന്നത്. ഇതിൽ പ്രകോപിതനായ യുവാവ് ബസിനെ പിന്തുടർന്നെത്തി ബസിനു കുറുകെ സ്കൂട്ടർ നിർത്തി. തുടര്‍ന്ന് അസഭ്യം പറഞ്ഞുകൊണ്ട് ഉള്ളിൽ കയറി ഡ്രൈവറെ മർദിക്കുകയും താക്കോൽകൊണ്ടു കുത്തുകയുമായിരുന്നെന്നുവത്രെ.
യാത്രികര്‍ ബഹളംവച്ചതോടെ യുവാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടര്‍ന്ന് യാത്രിക്കാര്‍ തന്നെ ഡ്രൈവറെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂട്ടറിന്റെ നമ്പർ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.