കനല്‍ക്കാടുകള്‍ താണ്ടിയെത്തി നാരായബിന്ദുവില്‍ ഈ ഞങ്ങളും!

By Web Team  |  First Published Feb 1, 2019, 10:15 PM IST

സുന്ദരിയായി അണിഞ്ഞൊരുങ്ങി  നിൽക്കുന്ന പലതരം കാടുകൾ. ഈറ്റ  കാട്ടിലെത്തിയപ്പോൾ ആനച്ചൂരടിക്കുന്നുണ്ടായിരുന്നു. അഡ്വ ഷേര്‍ലി സ്നേഹ എഴുതുന്നു


വായിച്ചും കേട്ടറിഞ്ഞും സ്വപ്നം കണ്ട അഗസ്ത്യന്റെ സൗന്ദര്യം നേരിൽകണ്ട് തൃപ്തിയായ നിമിഷങ്ങൾ മറക്കാനാവില്ല.  മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ഒരു ധ്യാനത്തിലെന്നപോലെ കാടിനെ സ്നേഹിച്ച മൂന്ന് ദിവസങ്ങൾ. കണ്ടുതീരാത്ത കാടിന്‍റെ വശ്യത  പറഞ്ഞറിയിക്കാനാവില്ല. ആദ്യമായാണ് ഇത്രയും ദീർഘദൂര ട്രക്കിങ്ങിന് പോകുന്നത്. രണ്ടു ദിവസത്തിന് ശേഷം ആഗ്രഹിച്ച് കാത്തിരുന്ന പരീക്ഷയാണെന്നറിഞ്ഞി'ട്ടും പിന്മാറിയില്ല.

Latest Videos

കോടതി വിധിയിലൂടെ സമ്പാദിച്ച അവകാശത്തിന്‍റെ പേരിലല്ല,  ഉൾക്കാടിനെ വേണ്ടുവോളം കണ്ടു മടങ്ങി വരാൻ ആഗ്രഹിച്ചുള്ള യാത്രയായിരുന്നു. സുഹ്യത്തിനോടൊപ്പം  അതിരാവിലെ ബോണക്കാടിലേക്ക്  യാത്ര തിരിക്കുമ്പോൾ മഞ്ഞുപെയ്യുന്ന തണുത്ത പ്രഭാതം എന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു. ശരീരവും മനസ്സും കോരിത്തരിച്ചുപോയി. അതെ,  എന്റെ മോഹം പൂവണിയാൻ പോകുന്നു. ഞാനിതാ അഗസ്ത്യന്‍റെ  നെറുകയിലേക്ക് നീങ്ങുന്നു. നൂറുപേരടങ്ങുന്ന അന്നത്തെ സംഘത്തിൽ ഞങ്ങൾ ഒമ്പത്  സ്ത്രീകളുണ്ടായിരുന്നു.

ബാഗും തൂക്കിയുള്ള നീണ്ട യാത്ര. പക്ഷികളുടെ ചിലമ്പൊലി ശബ്ദം,  നദികളുടെ താളം,  വള്ളി ഊഞ്ഞാലുകളുമായി  കാത്തു നിൽക്കുന്ന മരങ്ങളും കുറ്റിക്കാടുകളും, പൂത്തുലഞ്ഞ മരങ്ങൾ,  മനോഹരമായ പൂക്കൾ,  ആകെയൊരു വശ്യസൗന്ദര്യം.  അരുവികളിൽ നിന്നും വെള്ളം കുടിച്ചും യാത്ര കഴിഞ്ഞ് വരുന്നവരോട് ആവേശത്തോടെ സംസാരിച്ചും വൈകുന്നേരം അഞ്ചുമണിയോടെ അതിരുമല ബെയ്സ് ക്യാമ്പിലെത്തി.  യാത്രാ മധ്യേ കണ്ട തമിഴ്നാട്ടുകാരൻ  സ്വാമിയോടു സംസാരിച്ച് നടക്കുക രസകരമായിരുന്നു.  അതിരുമലയിൽ എത്തിയപ്പോൾ തുടക്കത്തിൽ കണ്ട എല്ല‌ാ  മുഖങ്ങളെയും  വീണ്ടും കണ്ടു. കാട്ടിലൂടെയുള്ള നടത്തം പലപ്പോഴും ഒന്നും രണ്ടും മൂന്നും പേരായി മാറുന്നുണ്ടായിരുന്നു. ജനുവരി 18  മുതൽ 20 വരെ ആയിരുന്നു എന്റെ ട്രെക്കിങ്ങ്...

ആദ്യ ദിനത്തെ 16 കിലോമീറ്റർ കാനനയാത്ര കഴിഞ്ഞു. അതിരുമലയിൽ എത്തി മുന്നിലേക്ക് നോക്കിയതും തല ഉയർത്തി എന്നെ തന്നെ നോക്കി നിൽക്കുന്ന അഗസ്ത്യനെ കണ്ടു.  ബാഗും സാധനങ്ങളും താമസിക്കുന്ന റൂമിൽ കൊണ്ടു വച്ചതിനുശേഷം ഒരു കാപ്പി കുടിച്ചു. പിന്നെ അഗസ്ത്യനെ കുറച്ചുകൂടി വ്യക്തമായി കാണാവുന്ന ഒരിടത്തേക്ക് ഓടിപ്പോയി. അസ്തമയസൂര്യൻ അഗസ്ത്യനെ ചുവപ്പിൽ കുളിപ്പിച്ച് നിർത്തിയിരിക്കുന്നു. ആ കാഴ്ച എന്തു രസമായിരുന്നു! അവിടെ കണ്ട പാറപ്പുറത്ത് കയറിയിരുന്ന്, ഇരുട്ടുന്നതുവരെ അഗസ്ത്യനെ  നോക്കിയിരുന്നു.  അതിശക്തമായ കാറ്റും മഞ്ഞും തണുപ്പും ശരീരത്തിലേക്ക് ഇരച്ചുകയറി. രാത്രി മുഴുവൻ തണുത്തുവിറച്ചു.   രണ്ടാംദിവസം രാവിലെ 8. 30 ആയപ്പോൾ അഗസ്ത്യന്‍റെ  അടുക്കലേക്ക് തണുപ്പിനെ അതിജീവിച്ച് നടന്നുതുടങ്ങി. 

കാനന സൗന്ദര്യം എന്താണെന്ന്  അറിയണമെങ്കിൽ ഇവിടെത്തന്നെ വരണം.  ഒട്ടും മടിക്കാതെ  സുന്ദരിയായി അണിഞ്ഞൊരുങ്ങി  നിൽക്കുന്ന പലതരം കാടുകൾ. ഈറ്റ  കാട്ടിലെത്തിയപ്പോൾ ആനച്ചൂരടിക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിൽ  ധാരാളം അരുവികൾ ശുദ്ധ ജലവുമായി കാത്തിരിക്കുന്നതിനാൽ കൈയ്യിൽ വെള്ളം കരുതിയിരുന്നില്ല. രണ്ടാമത്തെ ദിനം ആറ് കിലോമീറ്റർ കഠിനമായ  മലകയറിയാലേ അഗസ്ത്യന്റെ അടുക്കലെത്താനാകൂ...

വഴിമദ്ധ്യേ പൊങ്കാലപ്പാറ ഇങ്ങനെ പരന്നു കിടക്കുകയാണ്.  ഏറെ സുന്ദരിയാണ് അവളും. അവളുടെ മടിത്തട്ടിൽ  കുറെ സമയം ഇരുന്നു വിശ്രമിച്ചു. പൊങ്കാലപ്പാറയുടെ നടുവിലൂടെ ഒരു അരുവി അഹങ്കാരത്തോടെ ഒഴുകുന്നുണ്ട്. പൊങ്കാലപ്പാറയിലേക്ക് എത്താനുള്ള വഴികൾ ദുർഘടമാണെങ്കിലും  ആർക്കും മടുപ്പ് തോന്നിയില്ല.  വീണ്ടും മുന്നോട്ട്. ഔഷധസസ്യങ്ങളും പലതരം പൂക്കളും മരങ്ങളും നിറഞ്ഞ ലോകത്തേക്ക്.  ഒന്നും മതിവരോളം കണ്ട് ആസ്വദിക്കാൻ സമയമില്ല. കാരണം,  അഗസ്ത്യൻ കാത്തിരിക്കുന്നു.

ഒരിടത്തുവച്ച് ഗൈഡ് പറഞ്ഞു. ഇനി നിങ്ങൾ പ്രവേശിക്കാൻ പോകുന്നത് എ സി കാട്ടിലേക്കാണ്.  പ്രകൃതിയൊരുക്കിയ ഒരു എസി മുറിയിലേക്ക്  എത്തിയതുപോലെ തോന്നി.  കിളികളുടെ ശബ്ദം  ഇപ്പോൾ വളരെ വ്യക്തമായി കേൾക്കാം.  ഇലകളിൽ തൊടുമ്പോൾ ഐസിൽ തൊട്ടതു പോലെ. പിന്നെ കണ്ടത് ബോൺസായി കാടുകൾ.  പ്രപഞ്ചത്തിലെ അൽഭുതങ്ങൾ പലതും അനുഭവിച്ചറിഞ്ഞും, പാറയിലൂടെ കയറിൽ തൂങ്ങി കയറിയും,  രസിച്ചും അവസാനം അഗസ്ത്യന്റെ  നെറുകയിലെത്തി.  അപ്പോഴേക്കും സമയം 12. 30 ആയിട്ടുണ്ടായിരുന്നു.

കുറച്ചുസമയം അഗസ്ത്യന്റെ  നിറുകയിൽ മലർന്നുകിടന്നു.  സൂര്യനാളം കണ്ണിലുടക്കിയപ്പോൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു വ്യൂ മുഴുവനും  വീഡിയോയും ഫോട്ടയുമായി പകർത്തി. അഗസ്ത്യമുനിയുടെ വിഗ്രഹം കുറച്ചു സമയം നോക്കി നിന്നു. കോടതി വിധി അനുസരിച്ച് ഈ വർഷം പൂജയില്ലാത്തതിനാൽ അവിടേക്ക് പ്രവേശനമില്ല. അവിടവിടെയായി വിശ്രമിക്കുന്ന ആൾക്കാരെ കണ്ടപ്പോൾ പെട്ടെന്ന് ഒരു ഐഡിയ തോന്നി. എല്ലാവരെയും വിളിച്ച് ഒരുമിച്ച് ചേർത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു.  

ഇനി തിരിച്ചിറങ്ങാൻ സമയമായി.  2 മണിക്ക് ശേഷം അവിടെ നിൽക്കാൻ ആരെയും അനുവദിക്കില്ല.  മുകളിലേക്ക് പോയ അതേ വഴികളിലൂടെ താഴേക്കിറങ്ങി തുടങ്ങുമ്പോൾ തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ കൂട്ടു കിട്ടി. പിന്നെ സംസാരം മുഴുവനും പ്രകൃതിയെക്കുറിച്ചായി. കുറെ നല്ല ഫോട്ടോസ് ഡോക്ടർ സമ്മാനിച്ചു.  ബേസ് ക്യാമ്പിൽ എത്തിയാലുടൻ കഞ്ഞി കുടിക്കാനുള്ള മോഹം മനസിനെ ഉണർത്തി കൊണ്ടിരുന്നു. കയറ്റത്തെക്കാൾ ഇറക്കം ബുദ്ധിമുട്ടായിരുന്നു.   ക്യാമ്പിലെത്തിയ ഉടനെ വയറുനിറയെ കഞ്ഞികുടിച്ചു. ആദ്യത്തെ ദിവസം ഉണ്ടായിരുന്ന ശക്തമായ കാറ്റ് രണ്ടാം ദിനം ഉണ്ടായിരുന്നില്ല.  സുഖമായി കിടന്നുറങ്ങി.

മൂന്നാം ദിനം രാവിലെ ഉണർന്നു,  7 30ന് ബോണക്കാട്ടിലേക്ക്  യാത്രതിരിച്ചു.  രണ്ടുദിവസത്തെ യാത്രാക്ഷീണവും ബാഗിന്‍റെ  ഭാരവും  കൂടിയായപ്പോൾ നന്നായി ക്ഷീണിച്ചു. ആദിവാസികൾ ബെയ്‍സ് ക്യാമ്പിലേക്ക്   ആവശ്യമായ ഭക്ഷണ സാധനങ്ങൾ ചുമന്നു പോകുന്ന കാഴ്ച കണ്ടപ്പോൾ,  ഭക്ഷണത്തിന് രുചി ഇല്ല എന്ന് കമൻറ് ചെയ്തവരുടെ ക്രൂരമായ മുഖം ഓർമയിൽ വന്നു.  ഇടയ്ക്ക് ഒരു മണിക്കൂറോളം വനത്തിനുള്ളിലെ ഒറ്റയ്ക്ക് നടന്നു.  കുറച്ചു പേടി തോന്നിയെങ്കിലും ആ സമയം കാടിന്റെ  യഥാർത്ഥരൂപം ഞാൻ അനുഭവിച്ചറിഞ്ഞു.  കാട്ടിൽ ഇങ്ങനെ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമല്ല എന്ന് അറിയാമെങ്കിലും ഇടയ്ക്കൊക്കെ ഇങ്ങനെ ഒറ്റയ്ക്ക് നടക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ്. 

ഇടയ്ക്കു വെച്ച് ഒരു വെള്ളച്ചാട്ടത്തിലെ ഐസുപോലെ തണുത്ത വെള്ളത്തിൽ ചാടി കുളിച്ചു.  അതോടെ കുറെയധികം ക്ഷീണം മാറി. ഒടുവിൽ ബോണക്കാട് എത്തിച്ചേരുമ്പോൾ സന്തോഷം കൊണ്ട് കൂടെയിരുന്ന അജ്‍മലിന്‍റെ കൈയ്യിൽ ഉറക്കെ ഇടിച്ചു.  എന്നിട്ട് വിളിച്ചു പറഞ്ഞു " നമ്മളിതാ തിരിച്ചെത്തി" ...

അഗസ്ത്യനെക്കണ്ട്  നിർവൃതിയായി തിരിച്ചു ബോണക്കാട് എത്തിയെന്ന്  വിശ്വസിക്കാൻ കുറച്ചു സമയമെടുത്തു.  പെൺ മനസ്സിന് ആഗ്രഹിക്കാനേ  കഴിയൂ. കീഴടക്കാനാവില്ല എന്ന്  പറഞ്ഞവരോട് വിളിച്ചുപറയാൻ പലതുമുണ്ടായിരുന്നു.  പക്ഷെ ഒന്നും ഒന്നിനും  പകരമാകില്ല എന്ന് തിരിച്ചറിവ് മൗനം പാലിക്കാൻ പഠിപ്പിച്ചു. 

"എന്തൊക്കെ സംഭവിച്ചാലും അഗസ്ത്യന്റെ  നെറുകയിൽ എത്തണം. ട്രക്കിങ് പൂർത്തിയാക്കാതെ  എന്റെ അടുത്തേക്ക് തിരിച്ചു വരരുത്" എന്ന്  പറഞ്ഞ് യാത്ര അയച്ച  സുഹൃത്തിന്റെ  മുഖത്തേയ്ക്കു നോക്കി ഒരു നിമിഷം നിന്നപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. അതെ ഞാൻ അഗസ്ത്യനെ കണ്ടു തിരിച്ചു മടങ്ങി വന്നിരിക്കുന്നു.  

ഞാൻ ആഗ്രഹിച്ചതു പോലെ കാനനഭംഗി വേണ്ടവിധം ആസ്വദിക്കാനാ‌യോ എന്ന് ചോദിച്ചാൽ,  ഇല്ല എന്നാണ് ഉത്തരം.  കാരണം,  പിന്നിടാൻ ദൂരം ഏറെയുണ്ട് എന്നത് തന്നെ.  ഇനി ഒരിക്കൽകൂടി ആ നെറുകയിലെത്താനായാൽ  ബാക്കി വച്ച  കാഴ്ചകൾ ഒപ്പിയെടുക്കും ഞാനെൻ ഹ്യദയത്തിൽ. ഈ യാത്രാമോഹം  സഫലമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.

click me!