യുഎഇ യിലെ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ സര്‍വീസ് സ്‌റ്റേഷനുകളില്‍ പുതിയ പദ്ധതി. 'മൈ സ്‌റ്റേഷന്‍' എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് ഇനി മുതല്‍ വാഹനത്തില്‍ ഇന്ധനം അടിക്കണമെങ്കില്‍ ഒന്നുകില്‍ സ്വയം ഇറങ്ങിച്ചെന്ന് നിറയ്ക്കണം. അല്ലെങ്കില്‍ ഇന്ധനം നിറച്ചു കിട്ടാന്‍ ചെറിയ ഫീസ് നല്‍കേണ്ടി വരും. ഏപ്രില്‍ മദ്ധ്യത്തോടെ അബുദബി എമിറേറ്റ്‌സിലെ കമ്പനിയുടെ എല്ലാ സ്‌റ്റേഷനുകളിലും നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വയം ഇന്ധനം നിറയ്ക്കുന്ന ഉപഭോക്താക്കള്‍ക്കായി ടച്ച് പാഡുകള്‍, കയ്യുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കും. ഏപ്രില്‍ പകുതിയോടെ നടപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ എല്ലാ ഇന്ധന സ്‌റ്റേഷനുകളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് സുഗമമാകുന്ന രീതിയില്‍ ബോധവല്‍ക്കരണ പ്രചരണവും നടത്തുന്നുണ്ട്.
ജീവനക്കാര്‍ ഇന്ധനം നിറച്ചാല്‍ നല്‍കേണ്ട ഫീസ് എത്രയാണെന്ന് അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ വയോധികര്‍ക്കും മറ്റും തുടര്‍ന്നും സൗജന്യമായി ഇന്ധനം നിറച്ചു നല്‍കും. സ്വയം സേവനം പരിചിതമാകും വരെ ഇന്ധനം ഫീസില്ലാതെ തന്നെ നിറച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.