വാരാണസിയുടെ ഇരുളാഴങ്ങളിലേക്ക്

By Web Team  |  First Published Nov 22, 2018, 2:31 PM IST

വേരുകൾ പോലെ  പടരുന്ന ഗല്ലികൾ! സൈക്കിൾ റിക്ഷമുതൽ ആഡംബരകാറുകൾ വരെ ഇടതടവില്ലാതെ പായുന്ന പഴക്കംചെന്ന പൊട്ടിപ്പൊളിഞ്ഞ വഴികൾക്കിരുവശവുമായി നിരനിരയായി രണ്ടും മൂന്നും നിലകൾ ഉള്ള പ്രൗഢിനഷ്ടപ്പെട്ട പഴക്കമുള്ള കെട്ടിടങ്ങൾ. ജി ഡി നൗഷാദ് എഴുതുന്നു


വാരണസി, ദൈവികതയും ആത്മീയതയും നിറഞ്ഞു തുളുമ്പുന്ന ഇടം. ലോകത്തിലെ തന്നെ പുരാതന നഗരങ്ങളിലൊന്ന്, ഇന്ത്യയിലെ ഹിന്ദു വിശ്വാസികളുടെ ഏഴ് പ്രധാന വിശുദ്ധ നഗരങ്ങളിലൊന്ന്, കാശി ബനാറസ് എന്നീ പേരുകളിൽ പ്രസിദ്ധമായ വാരണാസിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അതിപുരാതന വിശ്വാസങ്ങളും ആചാരങ്ങളും നിത്യജീവിതവുമായി അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ നഗരത്തിലെ ഓരോ കാഴ്ചയും നമ്മെ വിസ്മയിപ്പിക്കും. മനുഷ്യർ ഭക്തിയെ ജീവിതചര്യയും ജീവിതമാർഗവും ആക്കുന്ന നഗരം. ഇതിൽ കൂടുതലൊന്നും തന്നെ വേണ്ടിയിരുന്നില്ല  ഒരു പൊർട്ട്രൈറ്റ് / ട്രാവൽ ഫോട്ടോഗ്രഫി എൻതൂസീയാസ്റ്റിന്ന്. 

Latest Videos

ഒന്നാം ദിനം - തീരാത്ത കാഴ്ചകളിലേക്ക് 
ദൈവങ്ങളുടെ ദീപാവലി എന്നറിയപെടുന്ന  ദേവ്  ദീപാവലി സമയത്ത് സുഹൃത്ത് ബിജുവിനൊപ്പമായിരുന്നു അഞ്ചു ദിവസം നീളുന്ന യാത്ര. വേരുകൾ പോലെ  പടരുന്ന ഗല്ലികൾ! സൈക്കിൾ റിക്ഷമുതൽ ആഡംബരകാറുകൾ വരെ ഇടതടവില്ലാതെ പായുന്ന പഴക്കംചെന്ന പൊട്ടിപ്പൊളിഞ്ഞ വഴികൾക്കിരുവശവുമായി നിരനിരയായി രണ്ടും മൂന്നും നിലകൾ ഉള്ള പ്രൗഢിനഷ്ടപ്പെട്ട പഴക്കമുള്ള കെട്ടിടങ്ങൾ. നായകളും കന്നുകാലികളും തെരുവിൽ അലഞ്ഞുതിരിയുന്നു. വഴിയരികിലെ  വിസർജ്ജ്യങ്ങളും മാലിന്യകൂമ്പാരങ്ങളും ഏതൊരു ഇന്ത്യൻ നഗരത്തെയും എന്നപോലെ വരാണസിയേയും മലീമസപ്പെടുത്തുന്നു. വൈവിധ്യമാർന്ന കാഴ്ചകൾ പിറക്കുന്ന ആ നഗരത്തെ  അടുത്തറിയാൻ  അഞ്ചു ദിനം മതിയാവില്ല.  ചെലവ് കുറഞ്ഞ താമസവും രുചികരമായ ഭക്ഷണവും ഏതൊരു സഞ്ചാരിയേയും തൃപ്തിപ്പെടുത്തുമെന്നതിൽ സംശയം വേണ്ട.

വാരാണസിയില്‍ ഏറ്റവും പ്രസിദ്ധമായത് അവിടുത്തെ 'ഘാട്ടു'കള്‍ ആണ്. പുണ്യനദിയായ ഗംഗയിലേയ്ക്ക് നീളുന്ന പടിക്കെട്ടുകളെയാണ് ഘാട്ടുകളെന്ന് വിളിക്കുന്നത്. അവിടുത്തെ കാഴ്ചകൾ പകർത്തുന്നതിനായി രാവിലെ തന്നെ മുറിയിൽ നിന്നുമിറങ്ങി. ഓരോ ഘാട്ടിനും വ്യത്യസ്തപേരുകളും അതിന്റേതായ ചരിത്രവുമുണ്ട്. അഞ്ചു നദികളുടെ സംഗമസ്ഥാനമെന്നുപറയുന്ന പഞ്ചഗംഗ ഘാട്ട്, മൃതദേഹങ്ങള്‍ ദഹിപ്പിയ്ക്കുന്ന മണികര്‍ണിക ഘാട്ട്, വൈകുന്നേരങ്ങളിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നായ ഗംഗ ആരതി നടക്കുന്ന ദശാശ്വമേധ ഘാട്ട് തുടങ്ങി ഹരിശ്ചന്ദ്ര  ഘാട്ട്, നാരദ്  ഘാട്ട്, ശിവാല ഘാട്ട്, തുളസി ഘാട്ട്, അസ്സി ഘാട്ട്, ഹനുമാന്‍ ഘാട്ട് എന്നിങ്ങനെ തൊണ്ണൂറോളം ഘാട്ടുകളുണ്ടിവിടെ. 

ഉദയാസ്തമയ സമയങ്ങളിലാണ് പൂജകളും മറ്റു കർമ്മങ്ങളുമായി ഘാട്ടുകൾ കൂടുതൽ സജീവമാകുന്നത്. പനയോല മേഞ്ഞ കുടകൾക്കടിയിലിരുന്ന് തീർത്ഥാടകരെ മാടിവിളിക്കുന്ന പുരോഹിതരും സന്യാസികളും കർമ്മങ്ങൾ അനുഷ്ഠിക്കാൻ വന്ന ഭക്തരും പാഠശാലയിലെ  വിദ്യാർത്ഥികളും, അഖാടയിലെ ഗുസ്തിക്കാരും ടൂറിസ്റ്റുകളും മോക്ഷം കാത്തുകിടക്കുന്ന ദയനീയ ജീവിതങ്ങളുമെല്ലാം ചേർന്ന് ഓരോ ഘാട്ടിലേയും കാഴ്ചകൾക്ക് ജീവനേകുന്നു. മന്ത്രധ്വനികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിനെ അലോസരപ്പെടുത്താനെന്ന പോലെ  അലഞ്ഞുതിരിയുന്ന മൃഗങ്ങളും തീരത്തടിയുന്ന മാലിന്യങ്ങളും. 


 
രണ്ടാം ദിനം - ദേവ് ദീപാവലി 
അതിരാവിലെ മുതൽ റോഡിലും മറ്റിടങ്ങളിലും  കർമ്മങ്ങളും അനുഷ്ഠാനങ്ങളുമായി ആളുകൾ തിരക്കിലാണ്. വാരാണസി ഹിന്ദുക്കളുടെ അതിവിശുദ്ധനഗരങ്ങളിൽ ഒന്നായതിനാൽ തന്നെ ഇവിടെ ദിവസേനയെന്നോണം വിവിധങ്ങളായ ആഘോഷങ്ങളും ആചാരങ്ങളും നടത്തപ്പെടുന്നു, അതിൽ സുപ്രധാനമായ ഒന്നാണ് കാര്ത്തിക പൂർണ്ണിമയിലെ ദൈവങ്ങളുടെ ദീപാവലിയായ ദേവ്  ദീപാവലി. നൂറോളം വരുന്ന ഘാട്ടുകളിലെ ആയിരകണക്കിനു പടവുകളിൽ ലക്ഷകണക്കിന് ധിയാസ് (മൺചിരാതുകൾ) തെളിയും. ആളുകൾ ഭക്തിപൂർവ്വം ഗംഗയിൽ ഒഴുക്കുന്ന ഈ മണ്‍ചെരാതുകള്‍ കടവുകളില്‍ നിന്ന് ഒഴുകിനീങ്ങി ഗംഗയുടെ ഓളങ്ങളില്‍ അലിഞ്ഞുചേരുന്നത് കാണേണ്ടുന്ന ഒരു കാഴ്ചതന്നെയാണ്. 

മൂന്നാം ദിനം -  രാവിലെ ഗല്ലികളിലൂടെ വൈകിട്ട് ഗംഗാ ആരതി   
ഗല്ലി - പഴയ കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള  ഇടുങ്ങിയ ഇടവഴികളാണ് ഗല്ലികൾ. ഇത്തരം ധാരാളം ഗല്ലികളുണ്ടിവിടെ, സ്ട്രീറ്റ് / പൊർട്രെയ്റ്റ് ഫോട്ടോഗ്രഫിക്ക് അനന്ത സാധ്യതകളാണ് ഈ ഗല്ലികൾ തുറന്നിടുന്നത്. വളരെ ഇടുങ്ങിയ ഈ വഴികളിലേക്ക് ഊർന്നിറങ്ങുന്ന വെളിച്ചവും അതിലേക്ക് അവിചാരിതമായി കടന്നു വരുന്ന ഫ്രെയിമുകളും ഏതൊരു ഫോട്ടോഗ്രാഫറേയും മോഹിപ്പിക്കും. 

ഗല്ലികളിലെ വിശുദ്ധ പശുക്കൾ മറ്റൊരു ഫോട്ടോഗ്രാഫി ഇന്ട്രെസ്റ് ആണ് ഹൈന്ദവർ വളരെ പാവനമായി കരുതുന്നതാണ് പശുക്കൾ. ഇവയെ ഭക്തി പൂർവം വണങ്ങുന്നത് തൊട്ടു തലോടുന്നതും പൂജിക്കുന്നതും സ്ഥിരം കാഴ്ചകളിലൊന്നാണ്. ഗല്ലികളിലൂടെ നടക്കുമ്പോൾ ഒരു നൂറു പ്രാവശ്യമെങ്കിലും അവയെ പേടിച്ച് മാറി നിന്നിട്ടുണ്ട്. 

വൈകീട്ട് ഗംഗാ ആരതി കാണണം. അതിനാൽ ഇന്നിനി അധികം കറക്കം വേണ്ട. ഉച്ചഭക്ഷണം കഴിച്ചു ഒന്നു മയങ്ങി. ലക്ഷർ റോഡിലുള്ള ലോഡ്‍ജിനു മുന്നിലൂടെ കടന്നുപോകുന്ന ഒരു ഘോഷയാത്രയിലെ ബാന്റുമേളം കേട്ടാണ് ഉച്ചമയക്കമുണർന്നത്. ജനാലവഴി നോക്കുമ്പോൾ വർണ്ണാഭമായ ഒരു കല്യാണ ഘോഷയാത്രയാണ്... കുതിരവണ്ടിയിൽ നവദമ്പതികൾ ചുറ്റും ബാന്റ് വാദ്യത്തിനൊത്ത് നൃത്തം വെക്കുന്ന ചെറുപ്പക്കാർ, റാന്തൽ വിളക്കുകളും വർണ്ണ കുടകളുമേന്തി  സ്ത്രീകളും കുട്ടികളും. പെട്ടന്ന് ക്യാമറ എടുത്ത് പുറത്തേക്കിറങ്ങി അവരിലൊരാളായി ഫോട്ടോ എടുത്തുതുടങ്ങി. ഇപ്പോൾ കല്യാണ സീസൺ ആണ്. അതിനാൽ ഇനിയും ഇതുപോലെ ഒത്തിരി നഗരപ്രദക്ഷിണം കാണാം എന്ന് ലോഡ്ജിലെ ഭായി പറഞ്ഞു. 

ഗംഗാ ആരതി
എല്ലാ ദിവസവും സന്ധ്യയാവുമ്പോള്‍ ഗംഗയുടെ തീരത്തെങ്ങും ആരതി നടക്കും. അതിൽ ഏറ്റവും മനോഹരമായ ആരതി നടക്കുന്നത് ദശാശ്വമേധ ഘാട്ടിൽ ആണ്. അതിനാൽ തന്നെ ഫോട്ടോ എടുക്കാൻ നേരത്തെ എത്തി പറ്റിയ ഇടം പിടിച്ചു. ഗംഗയിലേക്ക് നീട്ടിക്കെട്ടിയിരിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ മനോഹരമായി വേഷം ധരിച്ച്  യുവ നര്‍ത്തകര്‍. കസവുവരയുള്ള വെള്ള ധോത്തിയും ഓറഞ്ചുകളർ കുര്‍ത്തയും. കൈകളിള്‍ പല തട്ടുകളുള്ള ഒത്തിരി തിരികള്‍ ഉള്ള വെത്യസ്തമായ വലിയ വിളക്കുകള്‍. ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും പൂക്കളുടെയും ഹൃദ്യമായ സുഗന്ധം. ച്ചഭാഷിണിയിലൂടെ സംഗീതം ഉയര്‍ന്നു പൊങ്ങി. അതിനൊത്ത് നര്‍ത്തകര്‍ വ്യത്യസ്ത ദിശകളിലേക്ക് വിളക്കുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും അനന്യസാധാരണമായ താളലയം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 

ഗംഗയില്‍ നിറയെ മണ്‍ചെരാതുകള്‍ കത്തുന്ന ബോട്ടുകള്‍. ഗംഗാ ആരതി കാണാന്‍ പലരും ബോട്ടുകളിലാണ് നില്‍ക്കുന്നത്. മണിയൊച്ചകള്‍ക്കും വാദ്യമേളങ്ങള്‍ക്കും ഭജന ഗാനങ്ങള്‍ക്കുമൊപ്പം വിളക്കുകള്‍ ഉയര്‍ന്നും പൊങ്ങിയും താണും വിസ്മയം സൃഷ്ടിച്ചു. 'ഓം ജയ് ജഗദീഷ് ഹരേ..' ഭക്തിയുടെ പാരമ്യത്തില്‍ പലരും ഏറ്റുപാടി. നര്‍ത്തകരുടെ കൈയ്യിലെ വിളക്കുകളിലെ താളമിയന്ന ചലനങ്ങള്‍ ഗംഗയിലെ ഓളങ്ങള്‍ക്ക് സ്വര്‍ണ്ണനിറം ചാലിച്ചു. പല തരത്തിലുള്ള വിളക്കുകള്‍ കൈകളിലേന്തി ഒരേതാളത്തില്‍ നൃത്തമാടി. ഇടയ്ക്കവര്‍ കുന്തിരിക്കം പുകയുന്ന ധൂപപാത്രങ്ങള്‍ കൈയ്യിലേന്തി നൃത്തച്ചുവടുകള്‍ വച്ചു. കുന്തിരിക്കത്തിന്റെ ഗന്ധം പരന്നൊഴുകി. 

വർണ്ണാഭമായ ഈ വെളിച്ച വിന്യാസം ഫോട്ടോഗ്രാഫിക്ക് ഒത്തിരി സാധ്യതകളാണ്. തുടക്കം മുതൽ ഒടുക്കം വരെ നിരവധി നല്ല ചിത്രങ്ങൾ എടുക്കാം. കാഴ്ചകളിൽ മുഴുകി ചിലപ്പോഴൊക്കെ ക്ലിക്ക് ചെയ്യാൻ മറന്നു പോയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ്‌ ആരതിക്ക് അവസാനം നർത്തകർ മേലോട്ട് പൂക്കൾ ഏറിയുന്നത്. ആ ഒരു നിമിഷം ഫോട്ടോ മിസ്സായി. സാരമില്ല ഇനിയും രണ്ടു നാൾ ഉണ്ടല്ലോ നാളെ എടുക്കാം എന്ന് കരുതി. 

നാലാം ദിനം
നാളെ ഒരു പകൽ കൂടിയേയുള്ളൂ. ഇവിടെ അതിനാൽ ഇന്ന് പരമാവധി ഇടങ്ങളിലെത്തണം, ഫുൾ പ്ലാനോട് കൂടിയാണ് റൂമിൽ നിന്നും ഇറങ്ങിയത് അതിരാവിലെ ഘാട്ടിലേക്ക് തുളസി ഘാട്ട് അഖാര (Akhara) യാണ് ലക്‌ഷ്യം. പരമ്പരാഗതമായ ഗുസ്തി പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയുന്ന സ്ഥലമാണ് അഖാരകൾ. ഇത്തരം കുറെ അഖാരകൾ വാരണാസിയിൽ ഉണ്ട്. 

അഖാരയിൽ  എത്തിയപ്പോൾ അവിടെ കുറച്ചുഗുസ്‌തിക്കാരെയൂള്ളൂ. ഉള്ളവരെല്ലാം ആശാന്റെ നിർദേശമനുസരിച് പരിശീലനത്തിലും. ക്യാമറ കണ്ടപ്പോൾ ആശാൻ പുഞ്ചിരിയോടെ വരവേറ്റു കൊണ്ട് ചോദിച്ചു "കാലേകൂട്ടി എത്തേണ്ട ഫയൽവാൻമാരെല്ലാം പോയല്ലോ...  നിങ്ങൾ പാത്രത്തിൽ നിന്നാണോ അതോ ടൂറിസ്റ്റോ" ഇങ്ങനെ നിരവധി ചോദ്യങ്ങൾ ആശാനോട് കുറച്ചുനേരം സംസാരിചു ഗുസ്‌തി പിടുത്തത്തെ കുറിച് അയാൾ വാചാലനായ വളരെ ഇൻഫോർമറ്റിവ് പിന്നെ ഉള്ളവരെ വെച് അഭ്യാസം തുടങ്ങി ഞങ്ങൾ ഫോട്ടോ എടുക്കാനും. തിരിച്ചിറങ്ങുമ്പോൾ എല്ലാവരും കൂടി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ഇനി വരുമ്പോൾ നേരത്തെ വരണമെന്ന് ആശാൻ ഓർമിപ്പിക്കുകയും ചെയ്തു. 

ബനാറസ് സാരിയും ബനാറസ് പാനും
വാരാണസിയുടെ  മറ്റൊരു പേരാണ് ബനാറസ്. ബനാറസ് എന്നുകേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത് വിശ്വ പ്രസിദ്ധമായ ബനാറസ് സാരികള്‍ തന്നെ. മനോഹരമായ ബനാറസ് സാരികൾ നെയ്‌തെടുക്കുന്ന ഒത്തിരി ചെറുതും വലുതുമായ നെയ്ത്തുശാലകളുണ്ടിവിടെ അതിലൊന്നിലെങ്കിലും പോകണമെന്നത് ആദ്യമേ തീരുമാനിച്ചതാണ്. 

തുളസി ഘാട്ട് അഖാരയിൽ നിന്നും ഇറങ്ങി ഗല്ലികളുടെ കുറച്ചുദൂരം നടന്നു ചെറിയ ഒരു നെയ്തുശാലയിലെത്തി. മുസ്ലിം സമുദായത്തിലെ അന്‍സാരി വിഭാഗമാണ് പാരമ്പര്യമായി ഇവിടെ നെയ്ത്ത് നടത്തുന്നത്. സ്വന്തം വീട്ടിലെ ഒരു കോണില്‍, നെയ്ത്തു സാമഗ്രികളില്‍ നെയ്തെടുക്കുന്ന സാരികള്‍ കടകളില്‍ കൊണ്ട് വില്ക്കുകയാണ് ഇവിടെ പതിവ്. ചെറിയ ഒരു പടിപ്പുരകടന്നു വേണം ഉള്ളിലെത്താൻ ഇടുങ്ങിയ പൊട്ടിപൊളിഞ്ഞ രണ്ടു മുറികളുള്ള ആ നെയ്ത്തുശാലയിൽ രണ്ടു പേരാണ് നെയ്യുന്നത്. ഒഴിഞ്ഞു കിടക്കുന്ന മറ്റു രണ്ടു പഴയ മര തറികൾ. ഒറ്റനോട്ടം കൊണ്ടുതന്നെ ഈ പരമ്പരാഗത കലാകാരൻമാർ നേരിടുന്ന വെല്ലുവിളികൾ വായിച്ചെടുക്കാം. പവർ ലൂംസിന്റെ വരവും, ദിവസങ്ങളെടുത്ത് നെയ്തെടുക്കുന്നവക്ക്  വേണ്ടത്ര വിലകിട്ടാത്തതും, വിലയും നിലവാരവും കുറഞ്ഞ ഇമിറ്റേഷൻസും, ഈ പരമ്പരാഗത കരകൗശല വ്യവസായത്തെ പിറകോട്ടടിപ്പിച്ചു ഒപ്പം  ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ മിക്ക നെയ്ത്തുകാരും ഈ തൊഴിൽ ഉപേക്ഷിച് വേറെ ഉപജീവനമാര്‍ഗ്ഗതേടി പോയി.

അധികം സംസാരിക്കാൻ ഇഷ്ട്ടമില്ലാത്തവരായിരുന്നു രണ്ടു പേരും കുറച്ചു നേരം അവർക്കൊപ്പം ചിലവിട്ടപ്പോൾ ഇടക്കിടക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു അതിനിടയിൽ കുറച് ചിത്രങ്ങളും പകർത്തി. സാരി വാങ്ങാൻ താല്പര്യമുണ്ടന്നു പറഞ്ഞപ്പോൾ ഇവിടെ വില്പനയില്ല ഞങ്ങൾ കൂലിക്ക് നെയ്യുന്നവരാണെന്നും നല്ല അസ്സൽ ബനാറസ് സാരി കിട്ടുന്ന ഇടം അവർ പറഞ്ഞു തരികയും ചെയ്തു.

     

ബനാറസ് പാൻ
വാരണാസിയിൽ എത്തിയാൽ മസ്റ്റായിട്ടും ട്രൈ ചെയ്യേണ്ടതാണ് അവിടുത്തെ ഫുഡ് പ്രത്യേകിച് പാൽ ഉല്പന്നങ്ങളായ ലസ്സി, മലായിയോ കൂടാതെ എല്ലാ ഗല്ലികളിലും സുലഭമായ ചുക്കും ഏലക്കായും ഇട്ട മസാല ചായ, ആലു ടിക്കി, റാബ്രി മലായ്, മലായ് ടോസ്റ്റ്, മോമോ, പിന്നെ പേര് മറന്നു പോയ ഒത്തിരി വെജിറ്റബിൾ ഐറ്റംസ്  

ട്രൈ ചെയ്യേണ്ട മറ്റൊന്നാണ് ബനാറസ് പാൻ. പാനും അനുബന്ധസാധനങ്ങളും വിൽക്കുന്ന ഒത്തിരി കടകളുണ്ടിവിടെ. അതിൽ പ്രശസ്തമാണ് കാശി വിശ്വനാഥ റ്റെമ്പൽ വഴിയിലുള്ള കുബേറ് പാൻ ഷോപ്. റ്റെമ്പൽ വഴിയായതിനാൽ ഇവിടം ഭക്തരെകൊണ്ടും മറ്റു ടൂറിസ്റ്റ്കളാലും ഏതു സമയവും നല്ലതിരക്കാണ്. ഏക് മീട്ടാ പാൻ ഏക് ഗുൽകണ്ട്‌...സർദാ... സാദാ എന്നിങ്ങനെ ആളുകൾ ഓർഡർ ചെയ്യുന്നു. ഞങ്ങളും ഒരു മീട്ടാ പാൻ കഴിച്ചു ആഹാ... അടിപൊളി  

മാൽവിയപ്പാലം
വാരണാസിയിൽ ഗംഗാനദിക്ക് കുറുകെ 1887ൽ  നിർമ്മിക്കപ്പെട്ട രണ്ടു നിലകളുള്ള ഇരുമ്പു പാലമാണ് മാ‌‌‌‌ൽവിയപ്പാലം. ഇത് ടഫ്രിൻ പാലമെന്നും അറിയപ്പെടുന്നുണ്ട്. പാലത്തിൽ നിന്നും ഗംഗാ തീരത്തുള്ള കാഴ്ച്ചകൾ മനോഹരമാണ് ഒരു  ഏരിയൽ വ്യൂ. രണ്ടു നിലകളുള്ള പാലത്തിന്റെ താഴെ തട്ടിൽ ട്രെയിന് ട്രാക്കും  മുകളിൽ റോഡുമാണ്. പാലത്തിന്റെ താഴെയായി ഒരു ചേരിയുണ്ട്. ഗംഗാ നദിയുമായ് ഇഴുകി ചേർന്ന് ഉപജീവനം കഴിക്കുന്ന ഡോബിക‌ലും വഞ്ചി തുഴയുന്നവരുമാണ് ഇവിടെ താമസിക്കുന്നത്.

നേരം ഇരുട്ടിയതിനാൽ പാലത്തിന്റെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല, താഴെ ചേരിയിൽ കുറച്ച നേരം കറങ്ങി രാജ് ഘാട്ടിൽ നിന്നും ഒരു ബോട്ട് പിടിച്ചു. സാദാരണ 200 രൂപ മുതൽ മൂന്നാല് പേർക്കിരിക്കാവുന്ന ചെറു തോണികൾ വാടകക്ക് കിട്ടും. തിരക്കുള്ള സമയങ്ങളിൽ 1000 രൂപ വരെ ചോദിക്കും നഗോഷിയേറ്റ് ചെയ്താൽ 500 രൂപക്ക് കിട്ടും. ഇന്ന ഘാട്ടുമുതൽ ഇന്ന വരെ എന്നാണ് കണക്ക്.   

പ്രഭാതത്തിലും പ്രദോഷത്തിലും ഗംഗയിലൂടെയുള്ള ബോട്ട് യാത്ര മനോഹരമാണ്, വാരാണസിയില്‍ എത്തിയാല്‍ ഒരു പ്രാവശ്യമെങ്കിലും ബോട്ട് യാത്ര നടത്തണം. അര മണിക്കൂറോ മറ്റോ നീണ്ടു നില്ക്കുന്ന ഈ യാത്രയില്‍ ഏറ്റവും ശ്രദ്ധിക്കപെടുന്നത് മണികര്‍ണിക ഘാട്ട് ആണ്. ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന ഒരു ഘാട്ട് ആണ് മണികര്‍ണിക ഇവിടെയാണ് ശവസംസ്‌ക്കാരം നടക്കുന്നത്. "രാം നാം സത്യാ ഹേ" ഒന്ന് ഉറക്കെ വിളിച്ചു കൊണ്ട് രാജ്യത്തിൻറെ പല ഭാഗത്തുനിന്നും എത്തുന്ന ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ദിവസേന ഇവിടെ ദഹിപ്പിക്കുന്നത്. 'ഡോം' എന്ന വിഭാഗക്കാരാണ് ഈ പ്രക്രിയ ചെയ്യുന്നത്.  

ഒരാള്‍ വാരണാസിയില്‍ വച്ച് മരിച്ചാല്‍ ആയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ഒപ്പം മനുഷ്യന്റെ പാപങ്ങള്‍ കഴുകികളയാല്‍ ഗംഗാ നദിക്ക് കഴിയുമെന്ന ഒരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. അതിനാൽ തന്നെ മരണം കാത്തുകിടക്കുന്ന നിരവധി വൃദ്ധരെ ഗംഗാ തീരത്തുകാണാം അവരെ പാർപ്പിക്കാനും സുശ്രൂഷിക്കാനുമുള്ള 'മോക്ഷ ഭവനങ്ങൾ' തന്നെ വരണാസിയിലുണ്ട്

അഞ്ചാം ദിനം - ഗുഡ് ബൈ വാരണാസി  
ഇന്നലെ രാത്രി ഏറെ വൈകിയാണ് ഹോട്ടൽ മുറിയിൽ എത്തിയത്. രാത്രി സ്ട്രീറ്റിൽ നിന്നും കഴിച്ച സോയ ഫില്ല് ചെയ്ത മോമോ പണിതന്നു :) . വാരണാസിക്കടുത്തുള്ള സ്ഥലങ്ങളിൽ സന്ദർശിക്കേണ്ട ഇടങ്ങളിൽ ഒന്നാണ്  സാരനാഥ്. വാരാണസിയില്‍ നിന്ന് ഏകദേശം 11 കിലോ മീറ്റർ ദൂരെയാണ്‌ സാരനാഥ് അതിനാൽ തന്നെ എയർപോർട്ടിലേക്ക് പോകുമ്പോൾ സാരാനാഥ് വഴി പോകാം എന്ന് കരുതി. രാവിലെ ചെക്ക് ഔട്ട് ചെയ്തിറങ്ങി 

ബുദ്ധന്‍ സ്വയം സ്ഥാപിച്ച നാല് തീര്‍ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് സാരനാഥ്. ഉച്ചക്ക് ശേഷം ഡൽഹി വഴിയാണ് അബുദാബിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് അതിനാൽ തന്നെ സാരനാഥിലെ കൂടുതൽ കാഴ്ചകൾ കാണാൻ നില്കാതെ എയർ പോർട്ടിലേക് തിരിച്ചു. ഇനിവരുമ്പോൾ ഒരു ദിനം മുഴുവൻ സാരനാഥ് അടുത്ത് കാണണം    

* ഗംഗാ സ്നാൻ - വാരണാസിയിൽ തീർത്ഥാടനത്തിന് എത്തുന്നവർ ഗംഗയിൽ മുങ്ങിക്കുളിക്കുക പതിവാണ്. പുണ്യ നദിയായ ഗംഗയിൽ മുങ്ങിക്കുളിച്ചാൽ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

click me!