പുതിയ ഡിസൈനുകളുമായി യമഹ MT-09 എത്തി

By Web Team  |  First Published Feb 21, 2019, 6:40 PM IST

യമഹയുടെ MT-09 ബൈക്കിന്‍റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി


ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ MT-09 ബൈക്കിന്‍റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ബൈക്കിന്‍റെ മെക്കാനിക്കല്‍ ഘടകങ്ങളില്‍ മാറ്റമൊന്നുമില്ല. ചെറിയ രീതിയിലുള്ള ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന കോസ്റ്റിക് അപ്ഡേറ്റ് മാത്രമെ പുതിയ MT-09 മോഡലിനുള്ളൂ.  10.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. മുന്‍മോഡലിനെക്കാള്‍ 16,000 രൂപയോളം കൂടുതലാണിത്.

പുതിയ ബോഡി ഗ്രാഫിക്‌സ്, കളര്‍ സ്‌കീം എന്നിവ പുതുമ നല്‍കും. യമഹ ബ്ലൂ, ടെക് ബ്ലാക്ക്, നൈറ്റ് ഫ്‌ളു എന്നീ മൂന്ന് നിറങ്ങളിലാണ് MT-09 അണിനിരക്കുന്നത്. ഇരട്ട എല്‍ഇഡി ഹെഡ് ലാമ്പ്, ഇന്ധനടാങ്കിന് ഇരുവശത്തുമുള്ള വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.

Latest Videos

undefined

10,000 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി പവറും 8500 ആര്‍പിഎമ്മില്‍ 87.5 എന്‍എം ടോര്‍ക്കുമേകുന്ന 847 സിസി ത്രീ സിലിണ്ടര്‍ ഇന്‍-ലൈന്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ലിക്വിഡ് കൂളിംഗ് സംവിധാനവും ക്വിക്ക് ഷിഫ്റ്റ് സിസ്റ്റവും ഇതിലുണ്ട്. 

ഒറ്റ സീറ്റ് ഘടനയാണ് ബൈക്കിന്.  മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് സ്വിംഗ്ആം യൂണിറ്റും സസ്പെന്‍ഷന്‍ നിറവേറ്റും. 298 mm വലുപ്പമുള്ള ഇരട്ട ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 245 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും. 120/70, 180/55 അളവ് കുറിക്കുന്ന മുന്‍ പിന്‍ ടയറുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സീറ്റ് ഉയരം 820 mm. ഭാരം 193 കിലോ. 135 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ലിറ്ററാണ് പരമാവധി ഇന്ധനടാങ്ക് ശേഷി.  

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821, സുസുക്കി GSX-S750, കവസാക്കി Z900 എന്നിവയാണ് വിപണിയില്‍ MT-09 മോഡലിന്റെ പ്രധാന എതിരാളികള്‍. രാജ്യത്തെ മുഴുവന്‍ യമഹ ഡീലര്‍ഷിപ്പുകളും 2019 MT-09 ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 

click me!