ബജാജ്  ചേതക് സ്‌കൂട്ടറില്‍  രാജ്യം ചുററി ഒരമ്മയും മകനും, ഇനി ലക്ഷ്യം പ്രധാനമന്ത്രിയെ കാണല്‍!

By Bindu A V  |  First Published Nov 23, 2019, 3:41 PM IST

13 വര്‍ഷത്തോളം ബംഗളൂരുവില്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ടീം ലീഡറായിരുന്ന കൃഷ്ണകുമാര്‍ തന്റെ മാതൃസങ്കല്‍പ്പ യാത്രക്കുവേണ്ടി ജോലി രാജിവെക്കുകയായിരുന്നു.


ബംഗളുരു: മൈസൂരു സ്വദേശിയായ കൃഷ്ണകുമാര്‍ ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ മിയാവോയിലാണ്.  ഒപ്പം 70 കാരിയായ അമ്മ ചൂഡാരത്‌നയുമുണ്ട്. 20 വര്‍ഷം പഴക്കമുള്ള ബജാജ് ചേതക് സ്‌കൂട്ടറിലാണ് അമ്മയെ പിറകിലിരുത്തി കൃഷ്ണകുമാര്‍ മിയാവോയില്‍ എത്തിയത്.  മിയാവോ ഇവര്‍ യാത്ര ചെയ്യുന്ന ആദ്യ സ്ഥലമല്ല.  ഇതിനകം 23 സംസ്ഥാനങ്ങളും 3 രാജ്യങ്ങളും ചേതക് സ്‌കൂട്ടറില്‍ അവര്‍ പിന്നിട്ടു കഴിഞ്ഞു. ആകെ 49,495 കിലോമീറ്ററുകള്‍. 

 

Latest Videos

 

യാത്രകളെ കുറിച്ച് നമുക്കുള്ള സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ സങ്കല്‍പ്പത്തിനതീതമായ ചില യാത്രകളുണ്ട്. അത്തരത്തില്‍ വേറിട്ട ഒരു യാത്രയിലാണ് മൈസൂരു സ്വദേശി 40 കാരനായ കൃഷ്ണകുമാറും 70 വയസ്സുളള അമ്മ ചൂഡാരത്‌നയും. ചേതക് സ്‌കൂട്ടറില്‍ 23 സംസ്ഥാനങ്ങളും നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും അവര്‍ പിന്നിട്ടു. 

2018 ജനുവരിയില്‍ തുടങ്ങിയ ആ മാതൃ സേവാ സങ്കല്‍പ്പയാത്ര ഇനി ഉത്തര്‍ പ്രദേശിലേക്കാണ്. അതിനിടെ തനിക്കും അമ്മയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങിയതായും കൃഷ്ണകുമാര്‍ പറയുന്നു. 

അമ്മ മൈസൂരിനു പുറത്തുള്ള ലോകം കണ്ടിട്ടില്ലെന്ന തിരിച്ചറിവാണ് കൃഷ്ണകുമാറിനെ ഇങ്ങനെയൊരുയാത്രയ്ക്ക് പ്രേരിപ്പിച്ചത്. ''ഒരു സാധാരാണ സംഭാഷണത്തിനിടെയാണ് തിരുവണ്ണാമലൈ, തിരുനെല്‍വേലി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ അമ്മ  സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു ചോദിച്ചത്. മൈസൂരിനു പുറത്ത് ഒരു സ്ഥലവും കണ്ടിട്ടില്ലെന്ന അമ്മയുടെ മറുപടി എന്നെ വളരെ നിരാശപ്പെടുത്തി. കര്‍ണാടകയിലെ പ്രശസ്തമായ ബേളൂരും ഹളേബീഡും മൈസൂരിനു സമീപത്തായിട്ടുപോലും അമ്മയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.''  അതിനുശേഷമാണ് ഇങ്ങനെയൊരു യാത്രയെ കുറിച്ചാലോചിച്ചത്'-കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 

 

തുടക്കം കേരളത്തില്‍ നിന്ന് 
ആദ്യം കേരളത്തിലേക്കായിരുന്നു ഇരുവരുടെയും യാത്ര. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ചു. തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രം, പാറമേക്കാവ്, ഗുരുവായൂര്‍ ക്ഷേത്രം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കാലടി, അമൃതാനന്ദമയി ആശ്രമം തുടങ്ങിയവ ഇതില്‍പ്പെടും. ''കേരളത്തിലെ ആളുകള്‍ വളരെ ആതിഥ്യമര്യാദയുള്ളവരാണ്. പലരും വീട്ടിലേക്ക് ക്ഷണിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു''-കൃഷ്ണകുമാര്‍ പറഞ്ഞു

തമിഴ്‌നാട് ,ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചതിനു ശേഷം കൃഷ്ണകുമാറിന്റെയും അമ്മയുടെയും അടുത്ത യാത്ര ഇന്ത്യയ്ക്കു പുറത്തേക്കായിരുന്നു.  പര്‍വ്വതപ്രദേശങ്ങളും തടാകങ്ങളും അരുവികളും നിറഞ്ഞ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ അവര്‍ കടന്നു പോയി. കത്തുന്ന ചൂടിനെയും കനത്ത മഴയെയും പ്രതിരോധിച്ച് കുണ്ടും കുഴികളും നിറഞ്ഞ റോഡുകളും മലയോരങ്ങളും കാടുകളുമെല്ലാം പിന്നിട്ടായിരുന്നു യാത്ര.

ക്ഷേത്രസന്ദര്‍ശനം മാത്രമായിരുന്നില്ല ഈ യാത്രയുടെ ലക്ഷ്യം. വിവിധ ദേശങ്ങളിലെ ജനവിഭാഗങ്ങളുമായി അവര്‍ ഇടപഴകി. വിവിധ സംസ്‌കാരങ്ങള്‍, ഭാഷ, ഭക്ഷണം, ജീവിത രീതികള്‍ എല്ലാം അടുത്തറിയാന്‍ കഴിഞ്ഞു. മഠങ്ങളിലും ആശ്രമങ്ങളിലും താമസിച്ച് അവിടുന്നു ലഭിക്കുന്ന ഭക്ഷണം കഴിക്കും. ദിവസം രണ്ടു നേരം മാത്രമാണ് ഭക്ഷണം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് കൃഷ്ണകുമാര്‍ ലൊക്കേഷനുകള്‍ കണ്ടുപിടിക്കുന്നത്. നാട്ടുകാരുടെ സഹായവും തേടുന്നുണ്ട്.

 

ഒരു കുലുക്കവുമില്ലാതെ ചേതക്ക്
ഇത്രയും ദൂരം താണ്ടിയിട്ടും സ്‌കൂട്ടറിന് ഒരു 'കുലുക്ക'വുമില്ലെന്നതാണ് ഇവര്‍ പറയുന്നത്. നാലു വര്‍ഷം  മുന്‍പ് മരിച്ചുപോയ കൃഷ്ണകുമാറിന്റെ അച്ഛന്റെ സമ്മാനമായിരുന്നു ആ സ്‌കൂട്ടര്‍. അതുകൊണ്ടുതന്നെ യാത്രയില്‍ അച്ഛനും തങ്ങളെ അനുഗമിക്കുന്നുണ്ടാവാമെന്നാണ് കൃഷ്ണകുമാറിന്റെ വിശ്വാസം. അച്ഛന്റെ മരണം അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ സമയത്താണ് 2017 ല്‍ അമ്മയോടൊത്ത്് കശ്മീര്‍ യാത്ര നടത്തിയത്. ഹൃഷികേശ്, കേദാര്‍നാഥ്, വൈഷ്‌ണോദേവി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

13 വര്‍ഷത്തോളം ബംഗളൂരുവില്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ടീം ലീഡറായിരുന്ന കൃഷ്ണകുമാര്‍ തന്റെ മാതൃസങ്കല്‍പ്പ യാത്രക്കുവേണ്ടി ജോലി രാജിവെക്കുകയായിരുന്നു. അവിവാഹിതനും ഏകമകനുമായ അദ്ദേഹം തന്റെ അത്രയും വര്‍ഷത്തെ സമ്പാദ്യമാണ് യാത്രക്കായി വിനിയോഗിക്കുന്നത്്. നിരവധിപേര്‍ സഹായങ്ങള്‍ വാദ്ഗാനം ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് കൃഷ്ണകുമാര്‍. അതിനിടെ ഇവരുടെ യാത്രയെകുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായപ്പോള്‍ മഹീന്ദ്രഗ്രൂപ്പ്് ചെയര്‍മാന്‍ വാഹനം നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

 

 

 

അമ്മയ്ക്ക് വേണ്ടി ഒരു ജീവിതം 
വാര്‍ദ്ധക്യത്തില്‍ തനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തില്‍ ഏറെ സന്തോഷിക്കുകയാണ് ചൂഡാരത്‌ന. മകന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ എനിക്കും വളരെ ഉത്സാഹമായി.  ഓരോ ഘട്ടത്തിലും തന്റെ ആരോഗ്യനില ഉറപ്പുവരുത്തിയശേഷമാണ് യാത്രതുടരുന്നത്. ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇരുവരുടെയും അടുത്ത യാത്ര ഉത്തര്‍പ്രദേശിലേക്കാണ്. ''യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ടുകാണാനുള്ള സൗകര്യം ഒരുക്കിതരാമെന്ന് രാമചരിതമാനസ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വഴി പ്രധാനമന്ത്രിയെയും നേരിട്ടു കാണാനാവുമെന്നാണ് പ്രതീക്ഷ''-കൃഷണകുമാര്‍ പറഞ്ഞു.

യാത്രകളിലൂടെ ലഭിക്കുന്നത് പുസ്തകങ്ങളിലൊന്നും കിട്ടാത്ത വിദ്യാഭ്യാസമാണെന്ന് കൃഷ്ണകുമാര്‍ തന്റെ അനുഭവത്തില്‍ നിന്നു പറയുന്നത്. രണ്ടു വര്‍ഷത്തോളമായ യാത്ര തുടരുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടിലും ചിന്താഗതിയിലും യാത്രകള്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല. ''നന്‍മയുള്ള എത്രയോ മനുഷ്യരുണ്ട് ചുറ്റും. നമ്മള്‍ കണ്ണു തുറന്നു നോക്കണമെന്നേയുള്ളൂ''. 

എന്തു സന്ദേശമാണ് മാതൃസങ്കല്‍പ്പയാത്ര നല്‍കുന്നതെന്നു ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ''ജന്‍മം തന്നവര്‍ക്ക് ജീവിച്ചിരിക്കുമ്പോഴാണ് സന്തോഷം നല്‍കേണ്ടത്. അവര്‍ മരിച്ചതിനു ശേഷം നമുക്കെന്ത് ചെയ്യാന്‍ കഴിയും. ഒരു ദിവസം ഒരു അര മണിക്കൂറെങ്കിലും അവരോടൊത്ത് ചിലവഴിക്കാന്‍ മനസ്സുണ്ടാവണം''. 

click me!