ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ചു; ബിജെപി എംപിക്ക് പിഴ, പൂച്ചെണ്ട് നല്‍കി ഗതാഗത മന്ത്രി

By Web Team  |  First Published Nov 4, 2019, 7:57 PM IST
  • ദില്ലിയിലെ ഒറ്റ -ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ച ബിജെപി എംപിക്ക് പിഴ
  • 4000 രൂപയാണ് പിഴ ഈടാക്കിയത്. 

ദില്ലി: ദില്ലിയിലെ ഒറ്റ- ഇരട്ട വാഹന നിയന്ത്രണ നിയമം ലംഘിച്ച ബിജെപി എംപി വിജയ് ഗോയലിന് 4000 രൂപ പിഴ. ദില്ലി ട്രാഫിക് പൊലീസാണ് ഗോയലിന്‍റെ കയ്യില്‍ നിന്നും പിഴ ഈടാക്കിയത്. ഇരട്ട വാഹനങ്ങള്‍ക്ക് അനുമതിയുള്ള ദിവസം ഒറ്റ അക്ക എസ്‍യുവിയില്‍ സഞ്ചരിച്ചാണ് വിജയ് ഗോയല്‍ നിയമം ലംഘിച്ചത്.

അശോകാ റോഡിലെ വസതിയില്‍ നിന്ന് ഐടിഒയിലേക്ക് പോകുന്നതിനിടെയാണ് വിജയ് ഗോയല്‍ ട്രാഫിക് പൊലീസിന്‍റെ പിടിയിലായത്. ഗോയല്‍ തന്നെയാണ് കാറോടിച്ചിരുന്നത്. ബിജെപി ഉപാധ്യക്ഷന്‍ ശ്യാം ജജുവും മറ്റ് പാര്‍ട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ 2000 രൂപയായിരുന്നു പിഴ. ഇത് 4000 ആയി വര്‍ധിപ്പിക്കുകയായിരുന്നു.  എന്നാല്‍ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ആം ആദ്മി പാര്‍ട്ടിയുടെ അടവാണെന്ന് വിജയ് ഗോയല്‍ ആരോപിച്ചു. 

Latest Videos

'ദില്ലിയിലെ വായുമലിനീകരണത്തില്‍ 28 ശതമാനമാണ് വാഹനങ്ങളില്‍ നിന്നുണ്ടാകുന്നത് അതില്‍ മൂന്ന് ശതമാനം മാത്രമാണ് കാറുകളില്‍ നിന്നുണ്ടാകുന്നത്. ദില്ലിയിലെ മൊത്തം മലിനീകരണത്തില്‍ .084 ശതമാനം മാത്രമാണ് കാറുകളുടെ സംഭാവന'- ഗോയല്‍ പറഞ്ഞു. വായുമലിനീകരണത്തിന്‍റെ 99.58 ശതമാനം കാരണങ്ങളും പരിഹരിക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിമയലംഘനത്തിന് ഗോയലില്‍ നിന്ന് പിഴ ഈടാക്കിയതിന് പിന്നാലെ അദ്ദേഹത്തെ സന്ദര്‍ശിച്ച ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ഗോയലിന് പൂച്ചെണ്ട് സമ്മാനിച്ചു. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിമയം പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്താനാണ് ഗെഹ്ലോട്ട് ഗോയലിനെ സന്ദര്‍ശിച്ചത്. നവംബര്‍ 15 വരെ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് ഒറ്റ- ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം.
 

click me!