സിഗ്മ,ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വേരിയൻറുകളിലാണ് ബലേനോ 2022 മോഡൽ പുറത്തിറങ്ങിയിട്ടുള്ളത്. 88 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ലഭിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വണ്ടിക്ക് കരുത്തേകുന്നത്.
മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ ബലേനോ മുഖം മിനുക്കിയെത്തിയ വാർത്തയാണ് 2022ലെ ഇന്ത്യൻ വാഹനപിപണിയിലെ പ്രധാന കാഴ്ച. ഡിസൈനിൽ മാത്രമല്ല കരുത്തിലും സൗകര്യങ്ങളിലും സുരക്ഷയിലും അതീവ ശ്രദ്ധ നൽകിയാണ് പുതിയ ബലേനോയെ മാരുതി അണിയിച്ചൊരുക്കിയിട്ടുള്ളത്. ബലേനോ അണിനിരക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻ്റിലെ ഏറ്റവും ഭാരം കൂടിയ ഒന്നായി മാറിയിരിക്കുകയാണ് പുതിയ മാറ്റങ്ങളോടെ മാരുതിയുടെ ഈ അഭിമാനതാരം. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ സുരക്ഷക്കായി ആറ് എയർബാഗുകളോടെ പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനവുമാണ് ബലേനോയുടെ 2022 മോഡൽ.
88 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ലഭിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വണ്ടിക്ക് കരുത്തേകുന്നത്. മാനുവൽ വേർഷനും ഓട്ടോമാറ്റിക് വേർഷനും പുതിയ സീരീസിൽ ഉണ്ട്. സിഗ്മ,ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വേരിയൻറുകളിലാണ് ബലേനോ 2022 മോഡൽ പുറത്തിറങ്ങിയിട്ടുള്ളത്. 6.35 ലക്ഷം മുതൽ 9.50 ലക്ഷം വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
undefined
സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന മാരുതി ബലേനോയിൽ ഇരുപതിലേറെ സുരക്ഷാസംവിധാനങ്ങളാണ് സംയോജിപ്പിച്ചിട്ടുള്ളത്. എയർബാഗുകൾക്കു പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഉയർന്ന പ്രദേശങ്ങൾക്കായുള്ള ഹിൽ ഹോൾഡ് സിസ്റ്റം, ഇബിഡിയോടുകൂടിയ എബിഎസ് സംവിധാനം, ഹൈസ്പീഡ് അലർട്ട് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഹെഡ് അപ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ തുടങ്ങിയവ ലഭ്യമാകുന്ന ഏക പ്രീമിയം ഹാച്ച്ബാക്ക് വാഹനവും പുതിയ ബലേനോ ആണ്. 9 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ന്മെൻ്റ് സിസ്റ്റം, മൊബൈൽ ഫോൺ കാറിൻ്റെ റിമോട്ട് കൺട്രോളായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുന്ന സുസുക്കി കണക്ട് തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങളും പുതിയ ബലേനോയിൽ ഉണ്ട്.
പുതിയ ബലേനോയിൽ മാരുതി ഉപയോഗിച്ചിരിക്കുന്ന അഡ്വാൻസ്ഡ് കെ സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിടിടി എഞ്ചിൻ ശക്തവും സുരക്ഷിതവുമായ ഡ്രൈവിങ്ങും ഉയർന്ന മൈലേജും ഉറപ്പു നൽകുന്നു. പുതിയ ബലേനോക്ക് 22.35 കിലോമീറ്റർ മലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ സസ്പെൻഷൻ, ഹൈഡ്രോളിക് ക്ലച്ച്, ഡിസ്ക് ബ്രേക്ക്, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ എന്നിവയും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പു വരുത്തുന്നു.
സുരക്ഷക്കായി ഉൾട്രാ ഹൈ ടെൻസിൽ സ്റ്റീൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ടുതന്നെ കെർബ് വെയ്റ്റിൽ 100 കിലോയോളം വർദ്ധനവാണ് പുതിയ ബലേനോക്കുള്ളത്.
നാലു വേരിയൻ്റുകളിൽ ഇറങ്ങുന്നുണ്ടെങ്കിലും പ്രധാന ഫീച്ചറുകൾ മിക്കതും എൻട്രി ലെവലിൽ തന്നെ ഉൾക്കൊള്ളിക്കാൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ഫീച്ചർ റിച്ച് ആയ എന്‍ട്രി ലെവൽ കാറാണ് മാരുതി ബലേനോയുടെ പുതിയ സിഗ്മ മോഡൽ എന്നു പറയാം.
2015ൽ വിപണിയിൽ അവതരിക്കപ്പെട്ട ബെലേനോ ഇതിനകം തന്നെ ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയും ചെയ്യപ്പെടുന്ന ഈ വാഹനത്തിൻ്റെ വില്പനയിൽ പുതിയൊരു കുതിച്ചു ചാട്ടം നടത്തി പുതിയ മോഡൽ ചരിത്രം കുറിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.