ഐ ഫോണോ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനമാണിത്.
വാഹന ഉടമകള്‍ക്ക് ഐഫോൺ അല്ലെങ്കിൽ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് വാഹനം അൺലോക്ക് ചെയ്യാൻ സാധിക്കുന്ന കാർ കീ വിപണിയിലേക്ക്. ആപ്പിളാണ് പുതിയ കാര്‍ കീ അവതരിപ്പിച്ചത്. ഈ ഡിജിറ്റൽ കീ ഉപയോഗിച്ച് കാർ തുറക്കാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും.
ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവുമായി സഹകരിച്ചാണ് ആപ്പിൾ ഈ കാർ കീ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ആപ്പിൾ കാർകീ നേടുന്ന ആദ്യ മോഡലായിരിക്കും. വരാനിരിക്കുന്ന മോഡലുകളിൽ ബിഎംഡബ്ല്യു ഇതിനെ ഡിജിറ്റൽ കീ ഫീച്ചർ എന്ന് വിളിക്കുമെന്ന് കരുതുന്നു.
undefined
പുതിയ ഐഒഎസ് 14നൊപ്പം കാർകീ ഫീച്ചർ ലഭ്യമാകും. ഐഒഎസ് 13ലും ഇത് പ്രവർത്തിക്കും. 45 രാജ്യങ്ങളിൽ 2020 ജൂലൈ 1ന് ശേഷം ബിഎംഡബ്ല്യു ഈ ഫീച്ചർ അവതരിപ്പിക്കും. അനുയോജ്യമായ ഐഫോൺ മോഡലുകൾ ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ്, ആപ്പിൾ വാച്ച് സീരീസ് 5 എന്നിവ ആയിരിക്കും. ഫോൺ ഓഫ് ആയതിന് ശേഷം അഞ്ച് മണിക്കൂർ വരെ കാർ കീകൾ പ്രവർത്തിക്കാൻ കഴിയുന്ന പവർ റിസർവ് ഐഫോണിന് നൽകും.
ദീർഘദൂര യാത്രയിൽ എപ്പോൾ, എവിടെ നിന്ന് ചാർജ് ചെയ്യണം എന്നതിന്റെ പുതിയ സവിശേഷത ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനങ്ങൾക്കും ലഭിക്കും. ആപ്പിൾ കാർപ്ലേയിലോ ഐഫോണിലോ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇത് ഡ്രൈവർമാരെ സഹായിക്കുന്നു. ആപ്പിൾ മാപ്‌സ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ഉള്ള വഴി ഇതിലൂടെ കാണിക്കും.
ഡിജിറ്റൽ കീ സജ്ജീകരിക്കുന്നതിനായി ബിഎംഡബ്ല്യു സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിക്കാം. ഉയർന്ന വേഗത, പരമാവധി റേഡിയോ വോളിയം എന്നിവ ഉൾപ്പെടെ നിരവധി കാർ ആക്സസ് ഓപ്ഷനുകളാണ് ബിഎംഡബ്യൂ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ കീ ഉപയോഗിച്ച് വാഹനം ലോക്ക് - അൺലോക്ക് ചെയ്യാനും ഓണാക്കാനും ഓഫാക്കാനുമാകും.
ഉടമസ്ഥന്റെ അനുമതിയില്ലാതെ മറ്റൊരാൾക്കും കാറിന്റെ ഡോർ തുറക്കാനോ സ്റ്റാർട്ട് ചെയ്യാനോ സാധിക്കില്ല. എന്നാല്‍ വാലറ്റ് ആപ്പ് വഴി കാർ മറ്റൊരാൾക്ക് ഉപയോഗിക്കാനുള്ള അനുമതി നൽകാമെന്ന് ആപ്പിൾ പറയുന്നു. അതായത് കാർ ഉടമസ്ഥന് അവരുടെ വിശ്വസ്തനായ കുടുംബാംഗത്തെയോ ഒരു സുഹൃത്തിനെയോ കാർ ഉപയോഗിക്കാൻ അനുമതി നൽകാം. എന്നാല്‍ അവരെ ചേർത്ത് കഴിഞ്ഞാൽ മാത്രമേ അയാൾക്ക് കാർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
ഉടമകൾക്ക് വാലറ്റ് ആപ്പ് വഴി പെയറിംഗ് പ്രക്രിയ നടത്താം. ഈ ആപ്പ് ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ ഡിവൈസുകൾ ആദ്യമായി കാറിലേക്ക് ലിങ്ക് ചെയ്യുന്നതും. ഉപയോക്താക്കൾ അവരുടെ ഡിവൈസ് എൻഎഫ്‌സി റീഡറിന് മുകളിൽ സ്ഥാപിക്കണം. ഇതിലൂടെ വാലറ്റ് അപ്ലിക്കേഷനിൽ ഓട്ടോമാറ്റിക്കായി കാർ കീ പ്രോമ്റ്റ് ചെയ്യും.
ബിഎംഡബ്യൂവിന്റെ 1 സീരീസ്, 2 സീരീസ്, 3 സീരീസ്, 4 സീരീസ്, 5 സീരീസ്, 6 സീരീസ്, 8 സീരീസ്, എക്സ് 5, എക്സ് 6, എക്സ് 7എന്നീ സീരീസുകളിലും എക്സ് 5എം, എക്സ് 6എം, Z4 എന്നിവയിലും ഡിജിറ്റൽ കീ സംവിധാനം ഏർപ്പെടുത്തും. കൂടാതെ 45 രാജ്യങ്ങളിൽ ഡിജിറ്റൽ കീ ബിഎംഡബ്ല്യു ലഭ്യമാക്കും.