ഇ.വി വഴിയില്‍ നില്‍ക്കില്ല; 10,000 പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ

By Web Team  |  First Published Dec 13, 2023, 3:25 PM IST

ഇന്ത്യയിലുടനീളം 1.15 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ ഇതിനകം വിറ്റുകഴിഞ്ഞു. നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവ ഉൾപ്പെടുന്ന മൂന്ന് ഇലക്ട്രിക് കാറുകൾ ടാറ്റയ്ക്ക് വിപണിയിലുണ്ട്. 


ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി, രാജ്യത്തുടനീളമുള്ള ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ നാല് ഇവി ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് പ്രവർത്തനം വിപുലീകരിക്കുന്നു. ചാർജ്ജ് സോൺ, ഗ്ലിഡ, സ്റ്റാറ്റിക്ക്, സോൺ തുടങ്ങിയ ഓപ്പറേറ്റർമാരുടെ സഹായത്തോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 10,000 പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ട്. ഇതിനായി ഈ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.

നിലവിൽ ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിലെ മുൻനിര നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ഇവി സെഗ്‌മെന്റിലെ മുൻനിരയിലുള്ളതിനാൽ, ടാറ്റ പവറിന്റെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നുകൂടിയാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലുടനീളം 1.15 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ ഇതിനകം വിറ്റുകഴിഞ്ഞു. നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവ ഉൾപ്പെടുന്ന മൂന്ന് ഇലക്ട്രിക് കാറുകൾ ടാറ്റയ്ക്ക് വിപണിയിലുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളെങ്കിലും കമ്പനി അവതരിപ്പിക്കുമെന്നും  പ്രതീക്ഷിക്കുന്നു.

Latest Videos

ടാറ്റ മോട്ടോഴ്‌സുമായും ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും ചേർന്ന് പുതിയ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കമ്പനി പരിശോധിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവുമധികം വിൽക്കുന്നതോ ടാറ്റയ്ക്ക് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹന ഉടമകളുള്ളതോ ആയ സ്ഥലങ്ങളിൽ ഇവി ചാർജറുകൾ സ്ഥാപിക്കാൻ ഈ ഓപ്പറേറ്റർമാരുടെ സഹായം സ്വീകരിക്കാൻ കഴിയും. രാജ്യത്തെ വിവിധ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,000 സ്റ്റേഷനുകളുടെ സംയോജിത ഇവി ചാർജിംഗ് ശൃംഖല ടാറ്റയുമായി ധാരണാപത്രം ഒപ്പിട്ട കമ്പനികൾക്ക് നിലവില്‍ ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!