പുത്തന്‍ യെസ്‍ഡി ഉടന്‍ വിപണയില്‍ എത്തുമെന്നാണ് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ 2018 ല്‍ ആണ് ഇന്ത്യയില്‍ തിരികെ എത്തന്നത്. നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ആ മടങ്ങിവരവ്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് രാജ്യത്ത് തിരികെ എത്തിച്ചത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ജാവയെ പുനര്‍ജ്ജനിപ്പിച്ചതോടെ മറവിയില്‍ ആഴ്‍ന്നിരുന്ന മറ്റൊരു ബ്രാന്‍ഡ് നാമം കൂടി ബൈക്ക് പ്രേമികളുടെ ഹൃദയങ്ങളില്‍ തലനിവര്‍ത്തി. യെസ്‍ഡി എന്നായിരുന്നു ആ നാമം.
ജാവയുടെ ഒപ്പം തന്നെ ഇന്ത്യക്കാരെ ഗൃഹാതുരതയിലേക്ക് വഴി നടത്തുന്നു യെസ്‍ഡി എന്ന നാമവും. കാരണം ജാവയും യെസ്‍ഡിയും ഒരമ്മപെറ്റ മക്കളാണെന്നതു തന്നെ. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായിരുന്നു ജാവ എങ്കിൽ തനി ഇന്ത്യനായിരുന്നു യെസ്‍ഡി. 1960-കളിൽ ജാവ ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിറ്റിരുന്ന മൈസൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐഡിയൽ ജാവ കമ്പനി 1973-ൽ റീബ്രാൻഡ് ചെയ്‍തപ്പോൾ സ്വീകരിച്ച പേരായിരുന്നു യെസ്‍ഡി. ആ കഥയിലേക്ക് വരാം, പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്, ഈ യെസ്‍ഡി ബൈക്കുകളും തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുന്നു.
പുത്തന്‍ യെസ്‍ഡി ഉടന്‍ വിപണയില്‍ എത്തുമെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ യെസ്‍ഡി ബൈക്കുകള്‍ക്കായി ഉപയോഗിക്കുന്നത് നിലവിലെ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്ന അതേ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനായിരിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 27 ബിഎച്ച്പി പവറും 28 എന്‍എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. അതേസമയം യെസ്‍ഡി റോഡ് കിംഗ് എന്ന പേരില്‍ കമ്പനി ട്രേഡ്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്‍തതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
യെസ്‍ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ പുറത്തിറക്കുമ്പോൾ ആകെ ഉല്‍പ്പന്ന നിര വിപുലീകരിക്കപ്പെടുമെന്നും സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കുമെന്നുമാണ് ക്ലാസിക് ലെജന്‍ഡ്‌സ് കണക്കുകൂട്ടുന്നത്. ക്ലാസിക് ലെജന്‍ഡ്‌സ് ജാവ മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തിലെന്ന പോലെ, ഉപയോക്താക്കള്‍ക്കിടയിലെ ഗതകാല സ്മരണകള്‍ ഉണര്‍ത്താനാണ് ശ്രമിക്കുന്നത്. ഓയില്‍ കിംഗ്, റോഡ് കിംഗ്, ക്ലാസിക്, സിഎല്‍ 2, മൊണാര്‍ക്ക്, ഡീലക്‌സ്, 350 തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിച്ചാണ് യെസ്ഡി നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുന്നതിന് വാഹനഘടകങ്ങളും പങ്കുവെയ്ക്കും. യെസ്ഡി മോഡലുകളും നിലവില്‍ ജാവ ബൈക്കുകള്‍ നിര്‍മിക്കുന്ന മധ്യപ്രദേശിലെ പീതംപുര്‍ പ്ലാന്റില്‍ നിര്‍മിക്കും. യെസ്ഡി ബ്രാന്‍ഡ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക സംഘത്തെ കമ്പനി നിയോഗിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ യുവത്വത്തെ ത്രസിപ്പിച്ച റോഡ്‍ കിംഗ്, മൊണാർക്ക്, സിഎൽ-II, 350 എന്നീ പേരുകളിൽ എത്തിയിരുന്ന യെസ്‍ഡി ബൈക്കുകൾ ഇലക്ട്രിക് രൂപത്തിലായിരിക്കും തിരിച്ചു വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
രാജ്യത്ത് ഇന്നും വളരെയധികം ആരാധകരുള്ള വാഹനമാണ് യെസ്‍ഡി. അതുകൊണ്ടു തന്നെ യെസ്‍ഡി ബ്രാന്‍ഡിനെ തിരികെ നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ വിപണിയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ക്ലാസിക്ക് ലെജന്‍ഡ്‍സിന്‍റെ കണക്കുകൂട്ടല്‍. മഹീന്ദ്രയുടെ ഇലക്ട്രിക്ക് റേസിംഗ് (ഫോർമുല ഇ) ടീമിൽ നിന്നും, മഹിന്ദ്ര ഇലക്ട്രിക്ക് ബ്രാൻഡിൽ നിന്നുമുള്ള സാങ്കേതികമായി പരിജ്ഞാനം പുത്തന്‍ യെസ്‍ഡി ഇലക്ട്രിക് ബൈക്കുകളുടെ നിർമ്മാണത്തിൽ ക്ലാസിക് ലെജന്‍ഡ്‍സ് പ്രയോജനപ്പെടുത്തുമെന്ന് കരുതാം. പുത്തന്‍ യെസ്‍ഡിയുടെ ഏറെക്കുറെ എല്ലാ ഘടകങ്ങളും ഇന്ത്യയില്‍ തന്നെയാവും നിര്‍മ്മിക്കുക എന്നും ബാറ്ററി സെല്‍ പോലുള്ള ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.
പുത്തന്‍ യെസ്‍ഡിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. അതുകൊണ്ടു തന്നെ ഇനി ജാവയുടെയും യെസ്‍ഡിയുടെയും പഴയ കഥയിലേക്ക് വരാം. 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനിയുടെ തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്.
ആദ്യകാലത്ത് മുംബൈയില്‍ ഇറാനി കമ്പനിയും ദില്ലിയില്‍ ഭഗവന്‍ദാസുമായിരുന്നു ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്‍തിരുന്നത്. എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചു. പക്ഷേ വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്‍തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജാവ റോഡിലിറങ്ങി.
ആദ്യം ജാവ എന്നായിരുന്നു പേരെങ്കിലും ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത ജാവയുടെ പേര് യെസ്‍ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണത്ര അര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.
എന്തായാലും കിക്ക് ചെയ്‍ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസുകളില്‍ ആര്‍ദ്രമായി നില്‍ക്കുന്നുണ്ടാവണം. അതുകൊണ്ട് തന്നെ ജാവയ്ക്ക് പിന്നാലെ പ്രിയപ്പെട്ട യെസ്‍ഡിയും മടങ്ങി വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷത്തിലാവും പല വാഹന പ്രേമികളും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona