ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോ കാർ ഇന്ത്യ
ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോ കാർ ഇന്ത്യ. ഈ വർഷം ആദ്യ ആറു മാസത്തിൽ 52 ശതമാനം വില്‍പ്പന വളർച്ചയാണ് കമ്പനി സ്വന്തമാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
713 യൂണിറ്റ് കാറുകളാണ് 2021 ജനുവരി-ജൂൺ കാലയളവിൽ വോൾവോ കാർ ഇന്ത്യ വിറ്റത് . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 469 കാറുകളായിരുന്നു വിറ്റത്. വോൾവോയുടെ മിഡ് സൈസ് ആഡംബര എസ്‍യുവി മോഡലായ എക്സ്‍സി 60 ആണ് ഏറ്റവും അധികം വിറ്റുപോയ മോഡൽ.
ഈ കാലയളവിൽ വോൾവോ കാർ ഇന്ത്യ എക്‌സ്‌സി 40 എസ്‌യുവി, എക്‌സ്‌സി 90 എസ്‌യുവി, എസ് 60 സെഡാൻ, എസ് 90 സെഡാൻ തുടങ്ങിയ മോഡലുകളും വിറ്റു. 2021 ജനുവരിയിൽ ആണ് പുതിയ വോൾവോ എസ് 60 രാജ്യത്ത് അവതരിപ്പിക്കുന്നത്.
2021 ന്റെ രണ്ടാം പകുതിയിൽ വോൾവോ കാർ ഇന്ത്യ വോൾവോ എക്‌സ്‌സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയും വോൾവോ എക്‌സ്‌സി 60, വോൾവോ എസ് 90 എന്നിവയുടെ പെട്രോൾ വേരിയന്റുകളും പുറത്തിറക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനിയുടെ ഈ നേട്ടം ഇന്ത്യൻ ഉപഭോക്താവിന് വോൾവോ ബ്രാൻഡിലുള്ള ആത്മവിശ്വാസം കാണിക്കുന്നതായി വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.
രാജ്യത്ത് തങ്ങളുടെ ശൃംഖല വിപുലീകരിച്ചുകൊണ്ട് വോൾവോ കാർ ഇന്ത്യ ഹൈദരാബാദിലും ചെന്നൈയിലും 2021 ൽ പുതിയ ഡീലർഷിപ്പുകൾ തുറന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona