വർഷങ്ങളായി ആശ്രയിച്ചുകൊണ്ടിരുന്ന യാത്രാമാർഗ്ഗം താളം തെറ്റിയ നിരാശയിലാണ് സ്ഥിര യാത്രക്കാർ. പുലർച്ചെ കാസർകോടേക്കുള്ള വന്ദേഭാരത് മൂലം വേണാടിന്‍റെ സമയം മാറ്റിയതും പാലരുവി വളരെ നേരത്തെ പുറപ്പെടുന്നതും പിടിച്ചിടുന്നതും കോട്ടയം പാതയിൽ ദുരിതം വിതയ്ക്കുകയാണ്.
കൊച്ചി: സ്ഥിരയാത്രക്കാരായ പതിനായിരക്കണക്കിന് യാത്രക്കാർക്ക് കടുത്ത ദുരിതമാണ് വന്ദേഭാരത് സമ്മാനിച്ചതെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. രാവിലെയും വൈകുന്നേരവും ഓഫീസിലും വിദ്യാലയങ്ങളിലും പോയി മടങ്ങുന്നവർ ഇതുമൂലം ഇരു ദിശയിലേക്കും സമയത്ത് എത്തിച്ചേരാൻ കഴിയാതെ ദിവസവും ബുദ്ധിമുട്ടുകയാണ്.
വർഷങ്ങളായി ആശ്രയിച്ചുകൊണ്ടിരുന്ന യാത്രാമാർഗ്ഗം താളം തെറ്റിയ നിരാശയിലാണ് സ്ഥിര യാത്രക്കാർ. പുലർച്ചെ കാസർകോടേക്കുള്ള വന്ദേഭാരത് മൂലം വേണാടിന്‍റെ സമയം മാറ്റിയതും പാലരുവി വളരെ നേരത്തെ പുറപ്പെടുന്നതും പിടിച്ചിടുന്നതും കോട്ടയം പാതയിൽ ദുരിതം വിതയ്ക്കുകയാണ്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം പാസഞ്ചറിനെ കൊല്ലത്തിന് മുമ്പും കായംകുളം പാസഞ്ചറിനെ കുമ്പളത്തും ഒരു മണിക്കൂറോളം പിടിച്ചിട്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഏറനാട്, ഇന്റർസിറ്റി, നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സ്, കൊല്ലം മെമു, ജനശതാബ്ദി മുതൽ രാജധാനിവരെ വന്ദേഭാരതിന് വേണ്ടി വഴിയിൽ കാത്തുകെട്ടി കിടക്കാറുണ്ട്.
undefined
തീരദേശ പാതയിലൂടെയുള്ള വന്ദേഭാരത് ട്രയൽ റൺ നടത്തിയത് മുതൽ ആലപ്പുഴ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ കൃത്യസമയം പാലിക്കാൻ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടായ്മ പറയുന്നു. പ്രായോഗികമല്ലാത്ത സമയക്രമമാണ് ഇവിടെ വന്ദേഭാരതിന് വേണ്ടി ചിട്ടപ്പെടുത്തിയത്. വന്ദേഭാരത് താമസിക്കും തോറും മുൻകൂട്ടി നിശ്ചയിച്ച ക്രോസിങ്ങിൽ മാറ്റം വരുത്താനും റെയിൽവേ തയ്യാറാകുന്നില്ല. ഇതുമൂലം 40 മിനിറ്റിലേറെ മറ്റു ഗതാഗത സൗകര്യമൊന്നുമില്ലാത്ത കുമ്പളം സ്റ്റേഷനിൽ തിങ്ങി നിറഞ്ഞ യാത്രക്കാരുമായി കായംകുളം പാസഞ്ചറിനെ ഇപ്പോൾ പിടിച്ചിടുകയാണ് ചെയ്യുന്നത്.
വന്ദേഭാരത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 15 ന് ചേർത്തലയിൽ സെക്രട്ടറി ലിയോൺസ് ജെ. യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗത്തിൽ നൂറുക്കണക്കിന് യാത്രക്കാർ പങ്കെടുത്തു. സ്പെയർ റേക്ക് ഉള്ള സാഹചര്യത്തിൽ 03.30 ന് മുമ്പ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വിധം വന്ദേഭാരതിന്റെ സമയം ക്രമീകരിക്കണമെന്ന ആവശ്യം യാത്രക്കാർ ഒന്നടങ്കം ഉന്നയിച്ചു. ഇപ്രകാരം ക്രമീകരിക്കുമ്പോൾ എറണാകുളം ജംഗ്ഷനിൽ ആറുമണിയോടെ വന്ദേഭാരത് കടന്നുപോകുകയും സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാകുന്നതുമാണ്. അതുപോലെ ചില ദിവസങ്ങളിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സിനെ ഒരു മണിക്കൂറോളം പിടിച്ചിടുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അനാവശ്യമായി നൽകിയിരിക്കുന്ന ബഫർ ടൈം ഒഴിവാക്കണമെന്നും റെയിൽവേ സ്ഥിരയാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം അപലപിച്ചു.
കോട്ടയം വഴിയുള്ള വന്ദേഭാരത് 05.00 മണിയോടെ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ പഴയപോലെ വേണാട്, പാലരുവി, ഏറനാട് എക്സ്പ്രസ്സുകളെ ബാധിക്കാത്ത വിധം സർവീസ് ക്രമീകരിക്കാവുന്നതാണ്. മലബാർ മേഖലയിൽ വന്ദേഭാരതിന്റെ വരവോടെ പരശുറാം എക്സ്പ്രസ്സിലെ യാത്രക്കാർക്ക് ഒൻപതുമണിയ്ക്ക് മുമ്പ് കോഴിക്കോട് എത്തിച്ചേരാൻ കഴിയുന്നില്ലെന്നതും പ്രതിസന്ധിയിലാക്കുന്നു. തീരദേശപാതിയിലെ പ്രശ്നം പരിഹരിക്കുന്നതിന് വന്ദേഭാരതിന്റെ സമയം അടിയന്തിരമായി പുനക്രമീകരിക്കണമെന്നും വന്ദേഭാരത് മൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും താത്പര്യം കാണിക്കണമെന്നും ലിയോൺസ് യോഗത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ ചെറിയ ചില മാറ്റങ്ങളിലൂടെ സുഗമമായി വന്ദേഭാരത് സർവീസ് നടത്താൻ കഴിയുന്നതാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. അനുകൂലമായ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്നുമുണ്ടായില്ലേൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.