നേരം ഇരുട്ടി, അകലെ വന്ദേഭാരതിന്‍റെ ശബ്‍ദം! പിടിച്ചിട്ട ട്രെയിനിൽ ശ്വാസം മുട്ടുന്നവർക്ക് ആശ്വാസം, ദുരിതയാത്ര

By Web Team  |  First Published Oct 5, 2023, 6:51 PM IST

സമയക്രമത്തില്‍ മാറ്റം വരുത്തിയാല്‍ തീരാവുന്ന പ്രശ്നമായിട്ടും റെയില്‍വേയ്ക്ക് പിടിവാശിയാണെന്ന് യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നു


ആലപ്പുഴ: വന്ദേഭാരത് ട്രെയിനിന് വേണ്ടി ട്രെയിൻ പിടിച്ചിടുന്നതില്‍ പരാതിയുമായി യാത്രക്കാര്‍. സാധാരണക്കാരായ ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന എറണാകുളം - കായംകുളം പാസഞ്ചര്‍ വഴിയില്‍ പിടിച്ചിട്ടാണ് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വന്ദേഭാരതിന് വഴിയൊരുക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകള്‍ അടക്കം മണിക്കൂറുകള്‍ താമസിച്ച് പാതിരാത്രിയാവും വീടെത്താന്‍.

സമയക്രമത്തില്‍ മാറ്റം വരുത്തിയാല്‍ തീരാവുന്ന പ്രശ്നമായിട്ടും റെയില്‍വേയ്ക്ക് പിടിവാശിയാണെന്ന് യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 6.05ന് തിങ്ങി നിറഞ്ഞ യാത്രക്കാരുമായാണ് കായംകുളം പാസഞ്ചര്‍ ഓടിത്തുടങ്ങുന്നത്. മെട്രോ നഗരത്തിലെത്തില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് എത്രയും പെട്ടെന്ന് വീടെത്തണം എന്ന ചിന്തയേ ഉണ്ടാകൂ. എന്നാല്‍ യാത്ര തുടങ്ങി പത്ത് മിനിറ്റില്‍ ട്രെയിന്‍ പിടിച്ചിടും.

Latest Videos

വന്ദേ ഭാരത് മാത്രമാല്ല മറ്റ് പല ദീര്‍ഘദൂര ട്രെയിനുകളും ഇവര്‍ക്ക് പണി കൊടുക്കുന്നുണ്ട്. അവസാന സ്റ്റേഷന്‍ വരെ യാത്ര ചെയ്യേണ്ടവര്‍ക്ക് ഓരോ ദിവസവും എത്ര സമയം നഷ്ടമാകുമെന്ന് വെറുതെയൊന്ന് ചിന്തിച്ച് നോക്കൂ എന്ന് യാത്രക്കാര്‍ പറയുന്നു. ഈ ദുരിതത്തിന് ശാശ്വതമായ പരിഹാരം വേണമെങ്കില്‍ എറണാകുളം ആലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കണം. താത്കാലിക പരിഹാരത്തിന് സമയക്രമം അല്‍പ്പമൊന്ന് മാറ്റിയാല്‍ മതിയാകുമെന്ന് യാത്രക്കാര്‍ പറഞ്ഞു. വന്ദേഭാരതിന്‍റെ സമയത്തില്‍ മാറ്റം വരുത്തിയാലും ഈ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ട്രെയിന്‍ സമയക്രമത്തിലെ പുനക്രമീകരണത്തിൽ കോട്ടയം വഴിയുള്ള യാത്രക്കാരും വലയുകയാണ്. വന്ദേ ഭാരത് ട്രെയിനിന്‍റെ വരവോടെ കേരളത്തിലെ തെക്കു വടക്ക് യാത്രയ്ക്ക് വേഗം കൂടിയെങ്കിലും സമയക്രമത്തിലെ മാറ്റം ചില്ലറയൊന്നുമല്ല പതിവ് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട്. വന്ദേ ഭാരതിനായി വേണാട് എക്സ്പ്രസിന്‍റെ സമയം മാറ്റിയതോടെ കോട്ടയം വഴി എറണാകുളത്ത് ജോലിക്കു പോകുന്നവരെല്ലാം പാലരുവി എക്സ്പ്രസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ഈ ട്രെയിനിലെ തിരക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!