ആലപ്പുഴ - എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പരാതി ഒഴിഞ്ഞ നേരമില്ല. പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പെടെ പിടിച്ചിടുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.
ആലപ്പുഴ: എറണാകുളം - അമ്പലപ്പുഴ റൂട്ടിൽ വന്ദേഭാരത് ട്രെയിനിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ - അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂ എന്ന് ഇതിനായി മുൻകൈ എടുത്ത എ എം ആരിഫ് എം പി പറയുന്നു.
ആലപ്പുഴ - എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പരാതി ഒഴിഞ്ഞ നേരമില്ല. പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പെടെ പിടിച്ചിടുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. ഇതിനിടയിലാണ് വന്ദേഭാരതിന്‍റെ വരവ്. ഇതോടെ ദുരിതം ഇരട്ടിയായി. അമ്പലപ്പുഴ - എറണാകളും റൂട്ടിൽ ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എറണാകുളം മുതല്‍ തുറവൂർ വരെ പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിട്ടുണ്ട്.
സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നതേയുള്ളൂ. തുറവൂർ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചത് അടുത്തിടെ മാത്രമാണ്. സ്ഥലമെടുപ്പിനുള്ള സര്‍വേ മുതല്‍ പ്രാരംഭ നടപടികള്‍ തുടങ്ങാനിരിക്കുന്നതെ ഉള്ളൂ. ഇരട്ടിപ്പിക്കലിനായി ഫണ്ട് എത്തിയാലേ നടപടികള്‍ തുടങ്ങാനാകൂ. 45 കിലോമീറ്റര്‍ ദൂരം ഇരട്ടപ്പാതയാക്കാന്‍ 1262 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സാങ്കേതിക നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ജനപ്രതിനിധികളുടെ തുടര്‍ച്ചയായ ഇടപെടലുകളും കൊണ്ട് മാത്രമേ എന്തെങ്കിലും ഫലമുണ്ടാവൂ.