റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കാണാതായി, മാസങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തി; സംഭവിച്ചത്

By Web Team  |  First Published Jul 13, 2023, 8:17 AM IST

രാജസ്ഥാനിലെ ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഒടുവിൽ ട്രെയിൻ എഞ്ചിൻ കണ്ടുകിട്ടിയത്. എഞ്ചിനെത്തിക്കാൻ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അസാധാരണ സംഭവങ്ങൾ


മുംബൈ: ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ട് വരവെ കാണാതായ ട്രെയിൻ എഞ്ചിൻ മൂന്ന് മാസത്തിന് ശേഷം മുംബൈയിലെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെയാണ് ഒളിപ്പിച്ച ആൾ തന്നെ എ‍ഞ്ചിൻ മുംബൈയിലെത്തിച്ചത്. എഞ്ചിനെത്തിക്കാൻ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

ഹരിയാനയിലെ കൽക്കയിലേക്ക് ഒരു ട്രെയിൻ എഞ്ചിൻ എത്തിക്കണം. അവിടെ നിന്ന് ഒന്ന് തിരികെ മുംബൈയിലേക്കും കൊണ്ടുവരണം. ഇതായിരുന്നു കരാറുകാരനോട് ഇന്ത്യൻ റെയിൽവേ ആവശ്യപ്പെട്ടത്. കരാറെടുത്ത കമ്പനി രാധാ റോഡേഴ്സ് എന്ന മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ഏപ്രിൽ 27ന് എഞ്ചിൻ കൽക്കയിൽ എത്തിച്ചു. എന്നാൽ തിരികെ കൊണ്ടുവരേണ്ട എഞ്ചിനുമായി ഉപകരാറെടുത്ത കമ്പനി മുങ്ങുകയായിരുന്നു. ഇത്രയും വലിയൊരു സാധനവുമായി എങ്ങോട്ട് പോയെന്ന് വിവരമൊന്നുമില്ല. 

Latest Videos

undefined

മുഴുവൻ തുകയും ആദ്യമേ തരണമെന്ന് ഉപകരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതായിരുന്നു എഞ്ചിന്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായ പ്രകോപനം. സാധനം എത്തിയാൽ മുഴുവൻ തുകയും തരാമെന്ന് കരാറുകാരനും ഉറച്ച് നിന്നു. ഒരു ലക്ഷം നൽകേണ്ട സ്ഥാനത്ത് ഇനി 60000 രൂപ അധികം തരണമെന്നായി ഉപകരാറുകാരൻ. കൽക്കയിലേക്ക് കൊണ്ടുപോയ എഞ്ചിന് ചെറിയ കേടുപാട് പറ്റിയെന്നും അതിന്‍റെ പിഴ നൽകേണ്ടി വന്നെന്നും ന്യായം പറഞ്ഞു. ഒടുവിലാണ് വിഷയം പൊലീസിലെത്തുന്നത്. 

പൊലീസ് ഉപകരാറുകാരനെ കണ്ടെത്തി. ഇതിന് പിന്നാലെ എഞ്ചിന്‍ രാജസ്ഥാനിൽ ഉണ്ടെന്ന വിവരം കിട്ടി. രാജസ്ഥാനിലെ ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഒടുവിൽ ട്രെയിൻ എഞ്ചിൻ കണ്ടുകിട്ടിയത്. മുംബൈയിൽ എത്തിച്ച എഞ്ചിൽ റോഡരികിൽ ആളുകൾക്ക് കൗതുകക്കാഴ്ചയാവുകയാണ്. കേസിൽ നിയമ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു

അഞ്ച് കോടി രൂപ വില വരുന്നതാണ് കാണാതായ എഞ്ചിന്‍. ട്രെയിലറിലാണ് എഞ്ചിന്‍ സൂക്ഷിച്ചിരുന്നത്. മെയ് 2നാണ് എഞ്ചിന്‍ ട്രെക്കില്‍ കയറ്റിയത്. സംഭവത്തില്‍ ഉപകരാര്‍ എടുത്തയാള്‍ക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!