സമാനതകളില്ലാത്ത സ്പേസും കംഫർട്ടും മികച്ച ഇന്ധനക്ഷമതയും സ്റ്റൈലിഷും പ്രീമിയവുമായ എക്സ്റ്റീരിയർ ഡിസൈനുമായി റൂമിയോൺ എംപിവിയുടെ പുതിയ പതിപ്പ്
ടൊയോട്ട ക്രിലോസ്‍കർ മോട്ടോർ, റൂമിയോൺ എംപിവിയുടെ പുതിയ G-AT ഗ്രേഡ് അവതരിപ്പിച്ചു. സമാനതകളില്ലാത്ത സ്പേസും കംഫർട്ടും മികച്ച ഇന്ധനക്ഷമതയും സ്റ്റൈലിഷും പ്രീമിയവുമായ എക്സ്റ്റീരിയർ ഡിസൈനും വാഗ്ദാനം ചെയ്യുന്ന പുതിയ G-AT വേരിയന്റിന്റെ വരവോടെ റൂമിയോണിന്റെ വിപണി സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ വേരിയന്റിന്റെ വിലയും ബുക്കിംഗ് വിവരങ്ങളും കമ്പനി പുറത്തുവിട്ടു. കൂടാതെ, ഇ-സിഎൻജിയുടെ ബുക്കിങ്ങും കമ്പനി പുനരാരംഭിച്ചു. G-AT ഗ്രേഡിന് 13 ലക്ഷമാണ് പ്രാരംഭ എക്സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ബുക്ക് ചെയ്ത വാഹനങ്ങളുടെ ഡെലിവറി മെയ് 5 മുതൽ ആരംഭിച്ചു. ടൊയോട്ടയുടെ ഔദ്യോഗിക ഡീലർഷിപ്പുകളിലോ വെബ്‌സൈറ്റിലോ 11,000 രൂപ ടോക്കൺ നൽകി ബുക്ക് ചെയ്യാവുന്നതാണ്.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലെത്തുന്ന 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് G-AT ഗ്രേഡിന് കരുത്ത് പകരുന്നത്. ഇതിലെ നിയോ ഡ്രൈവ് ( ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ -ഐഎസ്ജി) സാങ്കേതികവിദ്യ മികവുറ്റ പെർഫോമൻസ് കാഴ്ച്ച വയ്ക്കുന്നു. 6000 ആർപിഎമ്മിൽ പെട്രോൾ വേരിയന്റ് 75.8 kw പവറും 136.8 Nm ടോർക്കും നൽകുമ്പോൾ CNG വേരിയന്റ് 5500 ആർപിഎമ്മിൽ 64.6 kw പവറും 121.5 Nm ടോർക്കും നൽകുന്നു. ടൊയോട്ട റൂമിയോൺ ഇപ്പോൾ നിയോ ഡ്രൈവ് മാനുവൽ ട്രാൻസ്മിഷൻ: എസ്, ജി & വി ഗ്രേഡ്, നിയോ ഡ്രൈവ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ: എസ്, ജി & വി ഗ്രേഡ്, ഇ-സിഎൻജി: എസ് ഗ്രേഡ് എന്നിങ്ങനെ ഏഴ് വേരിയൻ്റുകളിൽ ലഭ്യമാണ്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 17.78 സെൻ്റിമീറ്റർ സ്മാർട്ട്‌പ്ലേ കാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ ഗ്രേഡിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ടൊയോട്ട ഐ-കണക്ടിലൂടെ ക്ലൈമറ്റ് കൺട്രോൾ, ലോക്ക്/ അൺലോക്ക്, ഹസാർഡ് ലൈറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ സ്മാർട്ട് ഫോൺ വഴി നിയന്ത്രിക്കാനാവും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയോട് കൂടിയ എബിഎസ്, ഹിൽ ഹോൾഡ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‌പി) ഉൾപ്പടെയുള്ള നൂതന സുരക്ഷാ ഫീച്ചറുകളാണ് G-AT ഗ്രേഡിൽ സജ്ജീകരിച്ചിരിക്കുന്നത്.
ടൊയോട്ടയുടെ എംപിവി സിഗ്‌നേച്ചർ ഫ്രണ്ട് ഗ്രിൽ, ക്രോം ഫിനിഷുള്ള ഫ്രണ്ട് ബമ്പർ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ തുടങ്ങി സ്റ്റൈലിഷും പ്രീമിയവുമായ എക്സ്റ്റീരിയർ ഡിസൈനാണ് റൂമിയോൺ വാഗ്ദാനം ചെയ്യുന്നത്. ആഡംബരപൂർണമായ വുഡ് ഫിനിഷ് ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളും, പ്രീമിയം ഡ്യുവൽ ടോൺ ഇൻ്റീരിയറുകൾ, സൗകര്യപ്രദമായ ഫീച്ചറുകൾ എന്നിവയും റൂമിയോൺ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും ഉയർന്ന സുരക്ഷാ സ്റ്റാൻഡേർഡുകളുമായാണ് ടൊയോട്ട റൂമിയോൺ എത്തുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയോട് കൂടിയ എബിഎസ് ആൻഡ് ബ്രേക്ക് അസ്സിസ്റ്, എഞ്ചിൻ ഇമ്മൊബിലൈസർ, ഹിൽ ഹോൾഡ് അസ്സിസ്റ്റ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‌പി), ISO ഫിക്സ് ചൈൽഡ് സീറ്റ് അങ്കറേജ്‌സ് ഉൾപ്പടെയുള്ള നൂതന സുരക്ഷാ ഫീച്ചറുകളാണ് G-AT ഗ്രേഡിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രിറ്റെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള മുൻ സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും ഇതിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
ടൊയോട്ട ഈയടുത്തായി അവതരിപ്പിച്ച 5 വർഷത്തെ കോംപ്ലിമെൻ്ററി റോഡ്‌സൈഡ് അസിസ്റ്റൻസും മൂല്യവർദ്ധിത സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, 3 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ എന്ന സ്റ്റാൻഡേർഡ് വാറൻ്റി ഇപ്പോൾ കുറഞ്ഞ ചിലവിൽ 5 വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ വരെ നീട്ടാനും വാഹന ഉടമകൾക്ക് സാധിക്കും. ഇതോടൊപ്പം, ഡീലർ സ്റ്റാഫ് ഡെലിവറി ലൊക്കേഷനിലേക്ക് പുതിയ വാഹനങ്ങൾ റോഡിലൂടെ ഓടിച്ച് സെയില്‍സ് ഔട്ട്ലൈറ്റുകളില്‍ എത്തിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ടൊയോട്ട ഡീലര്‍മാര്‍ക്ക് സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വിപണനകേന്ദ്രങ്ങളിലേക്ക് നേരിട്ട് ട്രക്കില്‍ അയക്കാനാകുന്ന ഡെലിവറി സംവിധാനവും കമ്പനി ഈയടുത്ത് അവതരിപ്പിച്ചിരുന്നു.
"ടൊയോട്ട റൂമിയോൺ ലൈനപ്പിൽ പുതിയ ഗ്രേഡ് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതോടെ ഉപഭോക്താക്കൾക്ക് അവരുടെ യാത്രാ ആവശ്യങ്ങളും ഇഷ്ടങ്ങളും അടിസ്ഥാനമാക്കി കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകുമെന്നും സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു. പുതിയ G-AT വേരിയന്റിന്റെ ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ അവതരിപ്പിച്ച ടൊയോട്ട റൂമിയോൺ ഇതിനോടകം തന്നെ ഉപഭോക്താക്കൾക്കിടയിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും മോഡലിനെക്കുറിച്ച് ലഭിക്കുന്ന അന്വേഷണങ്ങളും മികച്ച ബുക്കിംഗ് നിരക്കും ഇതിന് തെളിവാണെന്നും ഉപഭോക്താക്കൾ കാണിക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിന്റെ ഭാഗമായി, എക്കാലത്തെയും മികച്ച വാഹനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിലാണ് ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി, കൃത്യമായ ഇടവേളകളിൽ പുതിയ ഉൽപ്പന്നങ്ങളും വേരിയന്റുകളും അവതരിപ്പിച്ചുകൊണ്ട് വളരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനി ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ, അത്യാധുനിക ഫീച്ചറുകളും മികച്ച പ്രകടനവും തേടുന്ന കുടുംബങ്ങൾക്ക് ടൊയോട്ട റൂമിയോൺ ഒരു മികച്ച ഓപ്‌ഷനായിരിക്കുമെന്നും ശബരി മനോഹർ പറഞ്ഞു.