പരമ്പരാഗത ഐസിഇയിലും ശക്തമായ ഹൈബ്രിഡ് മോഡലുകളിലും വിജയകരമായ ഒരു കൂട്ടുകെട്ടിന് ശേഷം സുസുക്കിയും ടൊയോട്ടയും അവരുടെ പങ്കാളിത്തം ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നു
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) വിഭാഗത്തിൽ തങ്ങളുടെ ആദ്യ സഹകരണം പ്രഖ്യാപിച്ച് സുസുക്കിയും ടൊയോട്ടയും. ഇരുകമ്പനികളും ഇതുസംബന്ധിച്ച് സംയുക്തമായി ഒരു പ്രസ്താവന പുറത്തിറക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ടൊയോട്ടയ്ക്ക് നൽകാനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ഈ വാഹനത്തിൻ്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഗുജറാത്തിലെ ഹൻസൽപൂരിലുള്ള സുസുക്കി മോട്ടോർ ഗ്രൂപ്പ് (എസ്എംജി) പ്ലാൻ്റിൽ നിർമിക്കുന്ന ഒരു ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകൾ.
രണ്ട് കമ്പനികളും പുറത്തിറക്കിയ സംയുക്ത പ്രസ്‍താവനയിൽ, സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് 60kWh ബാറ്ററി നൽകുമെന്നും ഈ കാറിൽ ഫോർ-വീൽ ഡ്രൈവ് (4WD) സിസ്റ്റം സജ്ജീകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഈ ഇലക്ട്രിക് കാർ ടൊയോട്ടയ്ക്ക് നൽകും. ഇത് ഇന്ത്യയുൾപ്പെടെ ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും വിൽപ്പനയ്‌ക്കായി അവതരിപ്പിക്കും.
ഈ എസ്‌യുവിയുടെ നിർമ്മാണം 2025 മധ്യത്തോടെ ആരംഭിക്കാനാണ് പദ്ധതി. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ മാരുതി ഇവിഎക്‌സ് അവതരിപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ടൊയോട്ടയുടെ പുതിയ ഇലക്ട്രിക് കാർ. രണ്ട് കമ്പനികളുടെയും പങ്കാളിത്തത്തിൽ നിരവധി മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ടൊയോട്ട, സുസുക്കി, ദൈഹത്‌സു എന്നിവർ സംയുക്തമായാണ് ഈ കാർ നിർമ്മിക്കുന്നത്.
ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവി എങ്ങനെയായിരിക്കും?
സമീപകാല സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തിയതുപോലെ, മാരുതി സുസുക്കി അതിൻ്റെ വരാനിരിക്കുന്ന eVX ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലും വിദേശത്തും പരീക്ഷിച്ചുവരികയാണ്. ഇത് ഒരു ആഗോള എസ്‌യുവിയായിരിക്കും. ആഗോള വിപണകൾക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ലോഞ്ചിന് ശേഷം, ടൊയോട്ട ഇവിഎക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലും അവതരിപ്പിക്കും. അതിൻ്റെ പേര് ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും.
പ്രസ്തുത വാഹനത്തിൻ്റെ ഉത്പാദനം അടുത്ത കലണ്ടർ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കുമെന്ന് ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഡ്രൈവ്ട്രെയിൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 4WD സിസ്റ്റം സജ്ജീകരിക്കും. ഇത് സിംഗിൾ മോട്ടോർ സിസ്റ്റമോ ഇരട്ട മോട്ടോർ സിസ്റ്റമോ അടിസ്ഥാനമാക്കിയുള്ളതാണോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള കരാർ:
2016 മുതൽ സുസുക്കിയും ടൊയോട്ടയും തമ്മിൽ ഒരു അന്താരാഷ്ട്ര സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സംയുക്ത സംരംഭത്തിന് കീഴിൽ രണ്ട് ജാപ്പനീസ് ഓട്ടോ ഭീമന്മാരും പരസ്പരം ചില മോഡലുകൾ പങ്കിടാൻ തീരുമാനിച്ചു. ഇതിൽ സംയുക്തമായി വികസിപ്പിച്ച കാറുകളും സുസുക്കി വികസിപ്പിച്ച റീ-എൻജിനീയറിംഗ് മോഡലുകളും ഉൾപ്പെടുന്നു. ഈ പങ്കാളിത്തം ഇരു കാർ നിർമ്മാതാക്കളെയും അവരുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് പരസ്പരം സഹായിക്കും, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ.
ഈ പങ്കാളിത്തത്തിന് കീഴിൽ ചില മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി ബലേനോ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഗ്ലാൻസ, ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി ഇൻവിക്ടോ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ബ്രാൻഡുകളിൽ നിന്നുമുള്ള ഭാവി ഇലക്ട്രിക് വാഹനങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഈ സഖ്യം ഇപ്പോൾ ഐസിഇ മോഡലിന് അപ്പുറത്തേക്കും വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.