ഇന്നോവ ക്രിസ്റ്റയുടെ വാർഷിക വിൽപ്പനയിൽ 96 ശതമാനത്തിന്‍റെ വളര്‍ച്ച
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഇന്നോവ. ഏകദേശം അഞ്ച് വർഷമായി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. സെഗ്മെന്റിലെ മത്സരം പതിൻമടങ്ങ് വർധിച്ചെങ്കിലും ജാപ്പനീസ് പൈതൃകമുള്ള എംപിവിയുടെ ജനപ്രീതി കുറയുന്നില്ല എന്നാണ് പുതിയ വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 5,755 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2020ല്‍ ഇതേ മാസം കമ്പനി വിറ്റഴിച്ച 2,943 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നോവ ക്രിസ്റ്റയുടെ വാർഷിക വിൽപ്പനയിൽ 96 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.
2020ന്‍റെ അവസാന മാസങ്ങളിലാണ് ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്. വർധിച്ചു വരുന്ന മത്സരങ്ങളുമായി കിടപിടിക്കാൻ ഇന്നോവ ക്രിസ്റ്റയെ മെച്ചപ്പെടുത്തുകയായിരുന്നു കമ്പനി. സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്. ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.
ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.
2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 166 bhp കരുത്തിൽ 245 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. എംപിവിയുടെ ഓയിൽ ബർണർ പതിപ്പ് 150 bhp പവറും 360 Nm ടോര്‍ക്കും വികസിപ്പിക്കും. രണ്ട് എഞ്ചിനുകളിലെയും ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും ഓപ്ഷണൽ ആയി 6 സ്പീഡ് ഓട്ടോമാറ്റിക്കും യഥേഷ്‌ടം തെരഞ്ഞെടുക്കാം. നിലവിൽ GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റിന് 16.82 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 24.99 ലക്ഷം രൂപ വരെയും മുടക്കണം.
മാരുതി സുസുക്കി എർട്ടിഗ , XL6, കിയ കാർണിവൽ, മഹീന്ദ്ര മറാസോ തുടങ്ങിയ എംപിവി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഇന്നോവ ക്രിസ്റ്റയുടെ മുഖ്യ എതിരാളികള്‍. അതോടൊപ്പം തന്നെ ഹ്യുണ്ടായി അൽകാസർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി എന്നിവപോലുള്ള വിലയുള്ള മൂന്ന്-വരി എസ്‌യുവികളിൽ നിന്നുള്ള വെല്ലുവിളികളും ഇന്നോവ നേരിടുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona