ടൊയോട്ട ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ട്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ട്. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്നാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സെമികണ്ടക്ടർ ക്ഷാമവും ചിപ്പ് നിർമാണ പ്രതിസന്ധിയുമാണ് കാരണം. കോവിഡ് കാരണം നിരവധി ഫാക്ടറികളിൽ ജോലികൾ നിർത്തിവച്ചതും നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ആഗോള ഉൽപാദന ലക്ഷ്യം പുതുക്കാൻ കമ്പനിയെ നിർബന്ധിതരാക്കി. അടുത്ത വർഷം മാർച്ച് 31 വരെ ഒമ്പത് ദശലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടൊയോട്ട ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പുതിയ തീരുമാനം ഇന്ത്യയിലെ ഉത്പാദന കേന്ദ്രത്തെ ബാധിക്കുമോ എന്ന് ടൊയോട്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കർണാടകയിലെ ബിഡാഡിയിലാണ് ഇന്ത്യയിലെ ടൊയോട്ട പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, അർബൻ ക്രൂസർ, ഗ്ലാൻസ, യാരിസ്, കാമ്രി, വെൽഫയർ എന്നിവയെല്ലാം ടൊയോട്ട ഇന്ത്യയിൽ നിര്‍മ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.
ആഗോളതലത്തിൽ വാഹനവ്യവസായത്തെ സെമികണ്ടക്ടര്‍ ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട് ഏറെക്കാലമായി. ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 ചിപ്പുകള്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ് പ്രശ്നത്തിന് കാരണമായത്. ചിപ്പ് നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
അതേസമയം ചിപ്പ് ക്ഷാമം വ്യവസായത്തിലുടനീളമുള്ള ഉൽപാദന പ്രക്രിയകളെ ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഓഗസ്റ്റിൽ 11 ശതമാനം ഇടിഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്. വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ള സെഗ്മെന്റുകളിലായി മൊത്തവ്യാപാരം കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റിൽ ഇത് 17,90,115 യൂണിറ്റായിരുന്നു.
രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി സെപ്റ്റംബറിലെ ഉൽപാദനത്തിൽ 60 ശതമാനം കുറവുണ്ടാകുമെന്ന് ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു. 'സ്ഥിതിഗതികൾ അത്ര മികച്ചതല്ല. മൊത്തം വാഹന ഉത്പാദനത്തിെൻറ അളവ് സാധാരണയിൽനിന്ന് 40 ശതമാനം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാസത്തിൽ ഏഴ് 'ഉത്പാദന രഹിത ദിവസങ്ങൾ' പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കുറവാണ് കമ്പനി ഉപ്രതീക്ഷിക്കുന്നത്. 'കമ്പനിയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ അർധചാലകങ്ങളുടെ വിതരണ ക്ഷാമം നേരിടുന്നത് തുടരുകയാണ്'-കമ്പനി വക്താവ് പറഞ്ഞു. റെനോ-നിസ്സാൻ, ഫോർഡ്, എംജി തുടങ്ങിയവ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ വിവിധ ഉൽപ്പാദകരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. മിക്ക വാഹന നിർമാതാക്കളും ചിപ്പ് ക്ഷാമത്തെ തുടർന്ന് ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരും മാസങ്ങളിൽ വീണ്ടും വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുകാരണം ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.
ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona