കൈക്കൂലി വാങ്ങി പിടിയിലായ ഉദ്യോഗസ്ഥർ വീണ്ടും വാളയാർ ചെക്ക് പോസ്റ്റിൽ
വാളയാർ: വിജിലൻസ് പരിശോധനകൾക്കിടയിലും വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ കൈക്കൂലി വാങ്ങൽ തുടർക്കഥയാവുന്നു. അഞ്ച് വർഷത്തിനിടെ പിടികൂടിയത് 55 ഉദ്യോഗസ്ഥരെ. ഇതുവരെ പിടിച്ച കെക്കൂലിപ്പണം 9 ലക്ഷം കടന്നു.
പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമിടയിലും വാളയാറിലെ കൈക്കൂലി കുലുക്കമില്ലാതെ തുടരുകയാണ്. നികുതി വെട്ടിച്ച് അതിർത്തി കടക്കാനായി ചെക്ക് പോസ്റ്റിലൊഴുകുന്നത് ലക്ഷങ്ങൾ. പണമൊഴുകുന്നത് മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിലിരിക്കുന്ന ഏമാൻമാരുടെ കീശയിലേക്ക്.
തമിഴ്നാടുമായി സംസ്ഥാനം പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നാണ് വാളയാർ. കൈക്കൂലിക്കഥകൾ കുത്തനെ കൂടുന്നതും ഇവിടെ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജിലൻസ് 36 മിന്നൽ പരിശോധനകളാണ് വാളയാറിൽ നടത്തിയത്. പലവട്ടമായി പിടിച്ചത് 55 പേരെ. ഇതിൽ 23 പേർ കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്നത് രണ്ടാം തവണ.
പാലക്കാട് ഡി വൈ എസ് പി ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കണക്കുകൾ പുറത്തുവന്നത്. 2019 ജൂലൈ 29 ന് വാളയാറിൽ നിന്നും കൈക്കൂലി കേസിൽ പിടിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അതേ കുറ്റത്തിന് വീണ്ടും വാളയാറിൽ വെച്ച് വിജിലൻസ് പിടിച്ചു. ഇത്തരക്കാരെ പിടിക്കപ്പെട്ട ശേഷവും അതേസ്ഥലത്ത് നിയമിക്കുന്നത് ഉന്നതതലത്തിലെ കടുത്ത വീഴ്ചയാണ്.
അതേസമയം, സംസ്ഥാനത്തെ വെബ്കോ ഔട്ട് ലെറ്റുകളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. പല ബെവ്കോ ഔട്ട് ലെറ്റുകളിലും വിൽപ്പന നടത്തിയ പണത്തിൽ കുറവ് കണ്ടെത്തി. വിജിലൻസ് സംസ്ഥാനത്തെ 78 ഷോപ്പുകളിൽ ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പല ഷോപ്പുകളിലും വിൽപ്പന നടത്തിയ പണവും ഷോപ്പിലുഉള പണവും തമ്മിൽ പൊരുത്തകേട് കണ്ടെത്തി. പത്തനംതിട്ട, റാന്നി, ഇലവുംതിട്ട എന്നിവടങ്ങളിൽ കണ്ടെത്തിയത് വലിയ വ്യത്യാസമാണ്. പുനലൂരിൽ ഒരു ഷോപ്പിൽ പൈപ്പിനുള്ളിൽ പണം സൂക്ഷിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരിൽ 3000 രൂപ കൂടുതലാണ് കണ്ടെത്തിയത്.