കൊവിഡ് 19; നിങ്ങളുടെ വാഹനങ്ങളെ എങ്ങനെ സുരക്ഷിതവും അണുവിമുക്തവുമാക്കാം?

By Web Team  |  First Published Mar 18, 2020, 11:14 AM IST

അണുബാധകൾ കുറയ്ക്കുന്നതിന് കഴിയുന്നത്ര കാർ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ കാർ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍


കൊവിഡ് -19 അഥവാ കൊറോണ വൈറസിനെതിരെ പോരാട്ടത്തിലാണ് ലോകം. ഈ സമയങ്ങളിൽ അണുബാധയുടെ വ്യാപനം കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് അടുത്ത കുറച്ച് ദിവസങ്ങളില്‍ യാത്രകളും ഒത്തുചേരലുകളുമൊക്കെ ഒഴിവാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിർദ്ദേശം. 

ഈ സാഹചര്യത്തില്‍ സ്വന്തം വാഹനങ്ങളെ എങ്ങനെ വൈറസ് വിമുക്തമായി സൂക്ഷിക്കാം എന്നതിനെപ്പറ്റി പലരും ചിന്തിക്കുന്നുണ്ടാകും. നമ്മളെ മാത്രമല്ല പതിവായി പൊടിയും മാലിന്യങ്ങളും ബാക്ടീരിയകളെയുമൊക്കെ  വഹിക്കുന്നവര്‍ കൂടിയാണ് നമ്മുടെ വാഹനങ്ങളെന്ന് ആദ്യം ഓർമ്മിക്കുക. ഇവയെല്ലാം കൊവിഡ് 19 പോലെ തന്നെ അപകടകാരികളുമാണ്. അതിനാൽ, നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻറെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ സമയത്ത് കാർ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അണുബാധകൾ കുറയ്ക്കുന്നതിന് കഴിയുന്നത്ര കാർ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ കാർ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

Latest Videos

undefined

വാക്വം ക്ലീനര്‍ ഉപയോഗിക്കുക
നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകത മൂലം കാർ പതിവായി പൊടി ശേഖരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ അണുബാധ കുറയ്ക്കുന്നതിന് പതിവായി കാർ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വാഹനം വൃത്തിയാക്കുന്നതാണ് നല്ലത്. ഫ്ലോർ മാറ്റുകൾ, പെഡലുകൾ, ലിവർ, കാർഗോ സ്‌പെയ്‌സിലെ മാറ്റുകള്‍ തുടങ്ങിയവ വാക്വം ചെയ്യുന്നതിനൊപ്പം ഉരച്ചുവൃത്തിയാക്കുക. സെന്റർ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ ലോക്കുകൾ എന്നിവ പതിവായി തുടയ്‍ക്കുക. അതുപോലെ വാഹനങ്ങളിലെ ഫാബ്രിക് സീറ്റുകൾ ബാക്ടീരിയയുടെ കൂടാരമാണ്. അതിനാല്‍ അണുബാധക്ക് സാധ്യത ഏറെയുമാണ്. അതുകൊണ്ട് തന്നെ നീരാവി കടത്തിവിട്ടു കൊണ്ട് കാറുകളുടെ അകം ശുദ്ധീകരിക്കാന്‍ ഇടയ്ക്കിടെ ശ്രദ്ധിക്കുക. ഇതിനായി വിദഗദ്ധ തൊഴിലാളികളുടെ സേവനം തേടുക.

കാറിലെ ഈ ഭാഗങ്ങൾ ശ്രദ്ധിക്കുക
നിങ്ങൾ‌ നേരിട്ട് തൊടുന്നില്ലെങ്കിലും നിങ്ങള്‍ അറിയാതെ‌ ബന്ധപ്പെടുന്ന നിരവധി സ്ഥലങ്ങളുണ്ട് കാറില്‍. വിൻഡോ ഗ്ലാസ്, ഹെഡ്‌റെസ്റ്റ് എന്നിവ ചില ഉദാഹരണങ്ങൾ. അവയെ വൃത്തിയാക്കാന്‍ മറക്കരുത്. അതുപോലെ ഡോര്‍ ഹാൻഡിലുകൾ തുടക്കാന്‍ മറക്കരുത്. അതുപോലെ വാഹനങ്ങളിലെ നോബുകൾ, സ്വിച്ചുകൾ, ബട്ടണുകൾ, സ്‍ക്രീനുകൾ തുടങ്ങിയവ ക്ലീനിംഗ് ലായനികള്‍ ഉപയോഗിച്ച് നിര്‍ബന്ധമായും തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുക. 

എയര്‍ കണ്ടീഷന്‍ യൂണിറ്റ്
വാഹനത്തിലെ എയര്‍ കണ്ടീഷന്‍ യൂണിറ്റുകള്‍ വൈറസ് ബാധയുടെ കേന്ദ്രങ്ങളാണ്. ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം എയർ ഫിൽട്ടര്‍ നന്നായി വൃത്തിയാക്കുക എന്നതാണ്. അണുബാധ ഒഴിവാക്കുന്നതിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഈ വൃത്തിയാക്കലുകള്‍ ഏസി യൂണിറ്റിനെ സഹായിക്കും. ഫില്‍ട്ടറുകള്‍ തിരികെ വയ്‍ക്കുന്നതിനു മുമ്പ് അണുനാശിനി ഉപയോഗിച്ച് തുടക്കുന്നതും നല്ലതാണ്. പക്ഷേ ഈ അണുനാശിനി അപകടകാരി അല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. 

കളിപ്പാട്ടങ്ങളും ഗാഡ്‌ജെറ്റുകളും മറ്റും
നിങ്ങൾക്ക് കാറിൽ യാത്ര ചെയ്യുന്ന കുട്ടികളുണ്ടെങ്കിൽ, കാറിലെ കളിപ്പാട്ടങ്ങൾ ഇടക്കിടെ വൃത്തിയാക്കുക. ചില കളിപ്പാട്ടങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ എളുപ്പമാണ്. അതേസമയം ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ച് ബ്ലീച്ചും ഡിറ്റർജന്റും ചേർത്ത് പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളെ അണുവിമുക്തമാക്കാം. സീറ്റുകളുടെ പിൻഭാഗം പോലെ കുട്ടികളുമായി പലപ്പോഴും സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങൾ സ്‌ക്രബ് ചെയ്‍ത് വൃത്തിയാക്കുക. 

അതുപോലെ ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വാഹനത്തില്‍ നിന്നും പുറത്തെടുത്ത് പൂർണ്ണമായും വൃത്തിയാക്കിയ ശേഷം മാത്രം കാറിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ടാബ്‌ലെറ്റുകൾക്കും ​​കുട്ടികൾ കാറില്‍ ഉപയോഗിക്കുന്ന ഹാൻഡ്‌ഹെൽഡ് ഗെയിമുകൾക്കുമക്കെ ​​ഇത് ബാധകമാണ്. സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ അറകള്‍, ട്രേകൾ, സീറ്റ് ബെൽറ്റ് എന്നിവയൊക്കെ ദിവസവും തുടച്ചുവൃത്തിയാക്കുക.

ഇവ കാറില്‍ കരുതുക
വാഹനങ്ങളില്‍ ഹാൻഡ് സാനിറ്റൈസർ, വെറ്റ് വൈപ്പുകൾ, മാസ്‍ക് തുടങ്ങിയവ അടങ്ങിയ ഒരു ചെറിയ കിറ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. യാത്ര തുടങ്ങുന്നതിനു മുമ്പും ശേഷവും സ്റ്റിയറിംഗ് വീൽ, ഡോർ ഹാൻഡിലുകൾ, ഗിയർ ഷിഫ്റ്റ് നോബ്, ഹാൻഡ്‌ബ്രേക്ക് ലിവർ തുടങ്ങിയ ഉപരിതലങ്ങൾ വൃത്തിയാക്കാന്‍ വെറ്റ് വൈപ്പുകൾ നിങ്ങളെ സഹായിക്കും. 

click me!