ഇപ്പോൾ, ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾക്ക് കൂടി ലോഞ്ചിംഗിന് അനുമതി ലഭിച്ചു എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ (USA) ഇലക്ട്രിക്ക് വാഹന ഭീമനായി ടെസ്‍ല (Tesla) ഇന്ത്യന്‍ വാഹന വിപണിയില്‍ (India Vehicle Market) അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ നാല് പുതിയ മോഡലുകൾക്ക് ടെസ്‌ലയ്ക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ, ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾക്ക് കൂടി ലോഞ്ചിംഗിന് അനുമതി ലഭിച്ചു എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഇപ്പോൾ ടെസ്‌ലയ്ക്ക് ആകെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾക്ക് അനുമതി ലഭിച്ചു. അതേസമയം ഈ വാഹനങ്ങൾ ഏതൊക്കെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പക്ഷേ അവ മോഡൽ 3, മോഡൽ Y എന്നിവയുടെ വ്യത്യസ്‍ത വകഭേദങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങളും ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ വാഹനങ്ങൾ മോഡൽ 3, മോഡൽ Y എന്നിവയുടെ വകഭേദങ്ങളാണെന്ന് ടെസ്‌ല ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോഡൽ 3, മോഡൽ Y എന്നിവയേക്കാൾ വളരെ കൂടുതലാണ് മോഡൽ എസ്, മോഡൽ എക്‌സ് എന്നിവയ്ക്ക് വില കൂടുതലായതിനാൽ ടെസ്‌ല ആദ്യം ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാം. ഇന്ത്യയിൽ, മോഡൽ 3, മോഡൽ Y എന്നിവ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, ഇന്ത്യൻ റോഡുകളിൽ മോഡൽ എസ്, മോഡൽ എക്‌സ് എന്നിവയുടെ പരീക്ഷണയോട്ടം ഇതുവരെ കണ്ടിട്ടില്ല.
കൂടാതെ, എസ്, എക്‌സ് എന്നിവ ചെലവേറിയതും ഇന്ത്യയിൽ ഇറക്കുമതി നികുതി ഇതിനകം തന്നെ വളരെ ഉയർന്നതുമാണ്. ഇത് വാഹനങ്ങളുടെ വില ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും ടെസ്‍ല മേധാവി എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളെയും ഫോസിൽ ഇന്ധന വാഹനങ്ങളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും അതിനാൽ രണ്ടിനും ഒരേ ഇറക്കുമതി തീരുവയാണ് ഈടാക്കുന്നതെന്നുമാണ് ടെസ്‍ല തലവന്‍ പറയുന്നത്. തങ്ങളുടെ വാഹനങ്ങൾ ഇലക്ട്രിക് ആയതിനാൽ അവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്‌ല ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം ശരിയായി നടന്നാൽ ടെസ്‌ല നമ്മുടെ രാജ്യത്ത് തങ്ങളുടെ ഫാക്ടറി സ്ഥാപിക്കുമെന്ന് എലോൺ മസ്‌ക് സൂചന നൽകി.
ടെസ്‌ല തങ്ങളുടെ ഡീലർഷിപ്പുകൾ ഇന്ത്യയിൽ തുറക്കും. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആദ്യം ഡീലർഷിപ്പുകൾ തുറന്ന് തുടങ്ങും. ദില്ലി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഡീലർഷിപ്പ് തുറക്കുക. ടെസ്‌ല കർണാടകയിലെ ബെംഗളൂരുവിൽ ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്.
കിംവദന്തികൾ അനുസരിച്ച്, ആദ്യത്തെ വാഹനങ്ങൾ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് അല്ലെങ്കിൽ CBU ആയിട്ടായിരിക്കും ഇന്ത്യയിലെത്തുക. ഇത് വാഹനങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കും. ഇക്കാരണത്താൽ, ടെസ്‌ല അവരുടെ ഡീലർഷിപ്പുകൾ ആദ്യം മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ഥാപിക്കുന്നു, കാരണം വിൽപ്പനയുടെ ഭൂരിഭാഗവും വലിയ നഗരങ്ങളിൽ നിന്ന് മാത്രമേ വരൂ എന്ന് അവർക്കറിയാം.
മറ്റൊരു പ്രശ്‍നം, നിലവിൽ ടെസ്‌ല അഭിമുഖീകരിക്കുന്ന മോഡൽ 3 യുടെ ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്. മോഡൽ 3 ന്റെ ഗ്രൗണ്ട് ക്ലിയറൻസ് വെറും 140 എംഎം ആണ്, ഇത് ഇന്ത്യൻ റോഡുകളെ നേരിടാൻ പര്യാപ്‍തമല്ല. പരീക്ഷണയോട്ടത്തിനിടെ നേരിട്ട 200 സ്പീഡ് ബ്രേക്കറുകളിൽ 160 എണ്ണത്തിലും മോഡൽ 3 അടിതെറ്റിയതായി റോഡ് ടെസ്റ്റിംഗ് നടത്തിയ ഏജൻസി വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ മോഡൽ 3 യുടെ റൈഡ് ഉയരം 25 എംഎം വർദ്ധിപ്പിക്കാൻ ടെസ്‌ലയോട് ഏജൻസി ശുപാർശ ചെയ്‍തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.