കൂട്ടിയിടിക്കുമ്പോൾ കാറിൽ സംഭവിക്കുന്നത് ഈ പ്രതിഭാസം! ഒന്നുമറിയാത്ത കുഞ്ഞിനെ കുരുതികൊടുക്കരുത്..

By Web Team  |  First Published Oct 9, 2024, 2:15 PM IST

കുട്ടികളുള്ള കാ‍ർ ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ ഒരു കാ‍ർ സീറ്റ് കൂടി നി‍ബന്ധമായും വാങ്ങുക. നിയമം ഇല്ലെങ്കിൽപ്പോലും ഒരു ചൈൽഡ് സീറ്റിൽ ഇരുത്തി മാത്രം കുട്ടികളുമായി സഞ്ചരിക്കുന്നതാണ് സുരക്ഷിതം എന്നുപറയാൻ നിരവധി കാരണങ്ങൾ ഉണ്ട്. കൂട്ടിയിടി സമയത്ത് കാറിനകത്ത് സംഭവിക്കുന്ന ഈ പ്രതിഭാസമാണ് അതിൽ പ്രധാനപ്പെട്ടത്. ഇതാ അറിയേണ്ടതെല്ലാം.


സംസ്ഥാനത്ത് കാർ യാത്രകളിൽ ഒന്നുമുതൽ നാല് വരെ പ്രായമുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും  നാലുമുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ബൂസ്റ്റർ സീറ്റും നിര്‍ബന്ധമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നാലുമുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നല്‍കുമെന്നും ഡിസംബർ മാസം മുതൽ പിഴ ഈടാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.

പ്രശസ്‍ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‍കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തോടെയാണ് കാർ യാത്രകളിൽ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്ന ദുരന്തങ്ങളെപ്പറ്റി മലയാളികൾ ചർച്ച ചെയ്‍തുടങ്ങിയത്. 2018ൽ ആയിരുന്നു മലയാളികളെ ആകെ ഞെട്ടിച്ച ആ ദുരന്തം. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‍കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‍കറും രണ്ടു യസുകാരി മകള്‍ തേജസ്വി ബാലയും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. വാഹനത്തിന്‍റെ മുന്‍സീറ്റില്‍ മടിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ ജീവൻ ആശുപത്രിയിൽ എത്തുന്നതിനും മുമ്പേ നഷ്‍ടമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്തുനടന്ന ഒരു കാർ അപകടത്തിൽ മുൻസീറ്റിൽ അമ്മയുടെ മടിയിൽ ഇരുന്ന രണ്ടരവയസുകാരിയുടെ മരണവും ഞെട്ടിക്കുന്നതായിരുന്നു. കോട്ടയ്ക്കല്‍ - പടപ്പറമ്പിലായിരുന്നു കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. ഈ അപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത് എയർബാഗ് മുഖത്ത് അമർന്നതിനെത്തുടർന്നായിരുന്നു. മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടിയായിരുന്നു മരിച്ചത്.  പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് അപകടത്തിൽ മരിച്ചത്. പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് സംസ്ഥാനത്ത് കുട്ടി യാത്രകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഗതാഗതവകുപ്പിന്‍റെ നീക്കം എന്നത് ശ്രദ്ധേയമാണ്. 

ഇനി നിയമം ഒന്നും വന്നില്ലെങ്കിൽപ്പോലും നിങ്ങളുടെ വീട്ടിൽ ഒരു കാറും കുട്ടിയും ഉണ്ടെങ്കിൽ കുട്ടിക്ക് ഒരു ചൈല്‍ഡ് കാർ സീറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം എന്നത് ഏതൊരു രക്ഷിതാവും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം നിങ്ങളുടെ കുട്ടിക്ക് ഒരു പ്രത്യേക കാർ സീറ്റ് യാത്രകളില്‍ അത്യധികം സുഖം പ്രദാനം ചെയ്യുക മാത്രമല്ല, ദീർഘദൂര യാത്രകളിൽ നിങ്ങളുടെ കുട്ടി സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി ഒരു കാർ സീറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കാം.

എന്താണ് ചൈല്‍ഡ് കാർ സീറ്റ്?
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേകതരം കസേരയാണ് കാർ സീറ്റ്. വിലകുറഞ്ഞതും കരുത്തേറിയതും എന്നാൽ മോടിയുള്ളതുമായ വസ്‍തുക്കള്‍ ഉപയോഗിച്ചാണ് ചൈൽഡ് കാർ സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു അപകടം സംഭവിച്ചാലും റോഡ് യാത്രയിലുടനീളം നിങ്ങളുടെ കുട്ടി സുരക്ഷിതമായും സുഖമായും തുടരുന്നുവെന്ന് ഈ സീറ്റ് ഉറപ്പാക്കുന്നു. ഈ സീറ്റുകൾ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് ഒരു സീറ്റിൽ ബന്ധിപ്പിക്കാം. ഐസോഫിക്സ് മൌണ്ടുകൾ വഴിയും ചൈൽഡ് സീറ്റുകൾ കാറിൽ ഉറപ്പിക്കാം. 

കാര്‍ യാത്രകളില്‍ നമ്മുടെ കുട്ടികൾ സുരക്ഷിതരാകണമെങ്കില്‍
ചൈല്‍ഡ് കാർ സീറ്റുകളുടെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാൻ, ഒരു കാർ അപകടത്തിൽപ്പെടുമ്പോൾ അതിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അപകടം സംഭവിക്കുമ്പോൾ, സീറ്റ് ബെൽറ്റോ ചൈൽഡ് സീറ്റോ ഇല്ലാതെ കാറിനുള്ളിൽ ഇരിക്കുന്ന ഏതൊരു യാത്രക്കാരനും വാഹനത്തിന്റെ അതേ വേഗതയിൽ മുന്നോട്ടു തെറിക്കുകയും ഒടുവിൽ കാറിന്റെ ഡാഷ്‌ബോർഡിലേക്കോ അല്ലെങ്കിൽ യാത്രക്കാരുടെ സ്ഥാനത്തിനനുസരിച്ച് എവിടെയെങ്കിലും ഇടിച്ചുവീഴുകയോ ചെയ്യും.

ആ കാറിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത. ശരിയായി ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ, ചൈൽഡ് സീറ്റുകൾ കുട്ടികളുടെ ജീവൻ രക്ഷിക്കും. സീറ്റ് ബെൽറ്റുകൾ ചൈല്‍ഡ് കാർ സീറ്റിനെ സ്ഥിരമായും സ്ഥാനത്തും ഉറപ്പിച്ചുപിടിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ചൈല്‍ഡ് കാർ സീറ്റുകൾ ശിശുക്കളുടെ കാര്യത്തിൽ ഏകദേശം 71 ശതമാനവും പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏകദേശം 54 ശതമാനവും ജീവൻ അപകടപ്പെടുത്തുന്ന സാധ്യതകൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  

ഒരു ചൈല്‍ഡ് കാർ സീറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
വിവിധ സർവേകളുടെ ഫലങ്ങളും സ്ഥിതിവിവരക്കണക്കുകളും ഗവേഷണ ഫലങ്ങളും അനുസരിച്ച്, കുട്ടിക്കാലത്തെ മരണങ്ങളുടെയും പരിക്കുകളുടെയും പട്ടികയിൽ മോട്ടോർ വാഹനാപകടങ്ങൾ ഒന്നാം സ്ഥാനത്താണ്. ചൈൽഡ് സീറ്റുകൾ, പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത 71 ശതമാനം വരെ ഗണ്യമായി കുറയ്ക്കുകയും മരണ സാധ്യത 28 ശതമാനം കുറയുകയും ചെയ്യുന്നു. അടുത്തകാലത്തായി വാഹനാപകടങ്ങൾ വളരെ സാധാരണമാണ്. അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനമായും അശ്രദ്ധമായ ഡ്രൈവിംഗും മോശം റോഡിന്റെ അവസ്ഥയും ഉൾപ്പെടുന്നു. 

കുഞ്ഞിന്‍റെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം. വിവിധ തരത്തിലുള്ള ചൈല്‍ഡ് കാർ സീറ്റുകൾ വിപണിയിൽ ലഭ്യമാണ്. അവരവരുടെ കാർ അനുസരിച്ച്, ഒരാൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാം. പല വിലയിലും പല വലിപ്പത്തിലും 5000 രൂപ മുതൽ വിലയില്‍ ഇവ ലഭ്യമാണ്. കുട്ടികൾക്ക് നാല് അടി ഒമ്പത് ഇഞ്ച് ഉയരം(145 സെമി) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം. എട്ട് വയസ്സിനും 12 വയസിനും ഇടയിൽ അത്രയും പൊക്കം എത്താം. അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക. 

ശരിയായ കാർ സീറ്റ് തിരഞ്ഞെടുക്കുന്നത് പ്രധാനമായും കാറിന്‍റെ തരത്തെയും നിങ്ങളുടെ കുട്ടിയുടെ പ്രായത്തെയും ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല, വിവിധ തരം കാർ സീറ്റുകൾ വിപണിയിൽ ലഭ്യമാണ്. കേടുപാടുകളുടെ ആഘാതം നിലനിർത്താനും ഉള്ളിൽ ഇരിക്കുന്ന വ്യക്തിയെ സംരക്ഷിക്കാനും കഴിയുന്ന കാഠിന്യമുള്ള വസ്‍തുക്കള്‍ ഉപയോഗിച്ചാണ് കാർ സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.

റോഡ് നല്ലതല്ലെങ്കിൽ ചൈൽഡ് സീറ്റ് എന്തായാലും വേണം
ആദ്യം റോഡ് ശരിയാക്കൂ എന്നിട്ടാകാം ചൈൽഡ് സീറ്റ് എന്നായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക. റോഡ് നല്ലതല്ലെങ്കിൽ ചൈൽഡ് സീറ്റ് എന്തായാലും ഉപയോഗിക്കണം എന്നതാണ് യാതാർത്ഥ്യം. കാരണം റോഡിലെ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ ഭയമില്ലാതെ സുരക്ഷിതമായി കുട്ടികൾ അതിൽ ഇരിക്കും. ബേബി കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുക, യാതൊരു കാരണവശാലും മുമ്പിൽ ഉറപ്പിക്കരുത്. അതുപോലെ ചെറിയ കുഞ്ഞുങ്ങളെ ചൈൽഡ് സീറ്റിൽ പിന്നിലോട്ട് തിരിച്ച് ഇരുത്തുന്നതാകും ഉചിതം. എന്തായാലും നമ്മുടെ കുട്ടികൾ സുരക്ഷിതരായി യാത്ര ചെയ്യിക്കുക എന്നത് നമ്മുടെ കടമയാണ്. കാ‍ർ വാങ്ങിയ ശേഷം സൗന്ദര്യ വർദ്ധക ആക്സസറികൾ വാങ്ങാൻ ചിലവഴിക്കുന്ന പണത്തിന്‍റെ ചെറിയൊരു ഭാഗം മതി ഒരു ചൈൽഡ് കാ‍ർ സീറ്റുകൂടി വാങ്ങാൻ എന്നും ഓ‍ർമ്മിക്കുക.

എന്താണ് ഐസോഫിക്സ്?
സീറ്റ് ബെൽറ്റ് ഉപയോഗിച്ച് ചൈൽഡ് സീറ്റ് ഉറപ്പിക്കുന്നതിന് പകരം ഇപ്പോൾ പുറത്തിറങ്ങുന്ന കാറുകളിൽ ഉള്ള സംവിധാനമാണ് ഐസോഫിക്സ് ചൈൽഡ് സീറ്റ് മൌണ്ടുകൾ. ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ ഫിക്സ് എന്നതിൻ്റെ ചുരുക്കപ്പേരാണ് ഐസോഫിക്സ് . കാറുകളിൽ ചൈൽഡ് സീറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ സുരക്ഷിതവും എളുപ്പവുമായ മാർഗം നൽകുന്ന ഒരു അന്താരാഷ്ട്ര നിലവാരമാണിത്. ഐസോഫിക്സ് സിസ്റ്റത്തിൽ കാറിൻ്റെ ചേസിസിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ആങ്കർ പോയിൻ്റുകൾ അടങ്ങിയിരിക്കുന്നു, അതിൽ ചൈൽഡ് സീറ്റ് ദൃഡമായി ഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ, ഇപ്പോൾ നിരവധി കാറുകൾ ഐസോഫിക്സ് ചൈൽഡ് സീറ്റുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അവ ക്രമേണ ജനപ്രിയമാവുകയാണ്.

ഐസോഫിക്സ് ചൈൽഡ് സീറ്റിൻ്റെ പ്രയോജനങ്ങൾ
ഐസോഫിക്സ് സീറ്റുകൾ പരമ്പരാഗത ചൈൽഡ് സീറ്റുകളേക്കാൾ സുരക്ഷിതമാണ്. കാറിൻ്റെ ഷാസിയിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നതിനാൽ അപകടമുണ്ടായാൽ കുട്ടികൾക്ക് മികച്ച സംരക്ഷണം നൽകുന്നവയാണ് ഇവ. ഐസോഫിക്സ് ചൈൽഡ് സീറ്റ് ഇൻസ്റ്റാൾ ചെയ്യാനും നീക്കംചെയ്യാനും എളുപ്പമാണ്. നിങ്ങൾ ആങ്കർ പോയിൻ്റുകളിലേക്ക് സീറ്റിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് കാലുകൾ ക്രമീകരിക്കുക. ഐസോഫിക്സ് ചൈൽഡ് സീറ്റുകൾ കുട്ടിക്ക് മികച്ച പിന്തുണ നൽകുന്നതിനാൽ കൂടുതൽ സൗകര്യപ്രദമാണ്.

ഐസോഫിക്സ് ചൈൽഡ് സീറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങൾ ഐസോഫിക്സ് ചൈൽഡ് സീറ്റ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആദ്യം നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ വലുപ്പത്തിലും ഭാരത്തിലും ഒരു ചൈൽഡ് സീറ്റ് തിരഞ്ഞെടുക്കുക. കാർ നിർമ്മാതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചൈൽഡ് സീറ്റ് ഇൻസ്റ്റാൾ ചെയ്യുക. കാറിലെ കുട്ടികളുടെ സുരക്ഷ മറ്റുള്ളവരെപ്പോലെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് ഉപയോഗിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും.

 

click me!