മൂല്യാധിഷ്ഠിത ബ്രാൻഡ് റാങ്കിംഗ് ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് പ്രസിദ്ധീകരിച്ച ആഗോള ഓട്ടോമൊബൈൽ ബ്രാൻഡുകൾക്കായുള്ള 2023 റാങ്കിംഗ് പട്ടികയില്‍ ആണ് ഈ ഇന്ത്യൻ വാഹന നിര്‍മ്മാണ കമ്പനികളും ഇടംപിടിച്ചത്.
ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള 50 ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ പട്ടികയിൽ ഇടംപിടിച്ച് മഹീന്ദ്ര, മാരുതി സുസുക്കി, ബജാജ് ഓട്ടോ എന്നീ ഇന്ത്യൻ വാഹന ഭീമന്മാര്‍. മൂല്യാധിഷ്ഠിത ബ്രാൻഡ് റാങ്കിംഗ് ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് പ്രസിദ്ധീകരിച്ച ആഗോള ഓട്ടോമൊബൈൽ ബ്രാൻഡുകൾക്കായുള്ള 2023 റാങ്കിംഗ് പട്ടികയില്‍ ആണ് ഈ ഇന്ത്യൻ വാഹന നിര്‍മ്മാണ കമ്പനികളും ഇടംപിടിച്ചത്.
ഈ പട്ടികയിൽ, മഹീന്ദ്രയാണ് മുൻനിര ഇന്ത്യൻ ഓട്ടോമൊബൈൽ ബ്രാൻഡ്. കഴിഞ്ഞ വർഷത്തെ 44-ാം സ്ഥാനത്ത് നിന്ന് മഹീന്ദ്ര 30-ാം സ്ഥാനത്തേക്ക് ഇത്തവണ കുതിച്ചു. മറ്റ് ഇന്ത്യൻ ഓട്ടോമൊബൈൽ ബ്രാൻഡുകളിൽ, മാരുതി സുസുക്കി 40-ാം സ്ഥാനത്താണ്. മുൻ വർഷത്തെ 45-ൽ നിന്നാണ് മാരുതി സുസുക്കിയുടെ ഈ നേട്ടം. ഇന്ത്യയിലെ കാർ നിർമ്മാതാക്കളായ മാരുതി ഉദ്യോഗ് ലിമിറ്റഡും സുസുക്കിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടം.
undefined
മറ്റ് ഇന്ത്യൻ വാഹന കമ്പനികളിൽ, ബജാജ് ഓട്ടോ ചാർട്ടിൽ 48-ാം സ്ഥാനത്താണ്. അതേസമയം ഇത് മുൻ വർഷത്തെ റാങ്കിംഗിൽ നിന്ന് അഞ്ച് സ്ഥാനങ്ങൾ താഴേക്ക് പോയി. 2022ൽ 43-ാം സ്ഥാനത്തായിരുന്നു ബജാജ് ഓട്ടോ.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ 100 ഓട്ടോമോട്ടീവ് ബ്രാൻഡുകളിൽ ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ്, റോയൽ എൻഫീൽഡ്, അശോക് ലെയ്‌ലാൻഡ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പ് പട്ടികയിൽ 52-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ 48-ാം റാങ്കിൽ നിന്ന് താഴേക്കാണ് ഹീറോയുടെ പോക്ക് എന്നതാണ് ശ്രദ്ധേയം.
2022-ലെ 84-ൽ നിന്ന് ഗണ്യമായി ഉയർന്ന് 76-ാം സ്ഥാനത്താണ് ഇത്തവണ ടിവിഎസ് മോട്ടോഴ്‌സിന്റെ സ്ഥാനം. വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് 78-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ 81-ാം സ്ഥാനത്തുനിന്നും നേരിയ തോതിൽ ഉയർച്ച.
2023-ൽ മെഴ്‌സിഡസ് ബെൻസിനെയും ടൊയോട്ടയെയും പിന്തള്ളി ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഓട്ടോമോട്ടീവ് ബ്രാൻഡിന്റെ സ്ഥാനം നേടിയ അമേരിക്കൻ വാഹ ഭീമൻ ടെസ്‌ലയാണ് ചാർട്ടിൽ ഒന്നാമത്. 2022-ൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഓട്ടോമോട്ടീവ് ബ്രാൻഡ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ആയ ടൊയോട്ട ആയിരുന്നു.