ഇങ്ങനെ പേരിട്ടു വിളിക്കുന്ന വാഹനങ്ങളില്‍ പലതിനും അവയുടെ കമ്പനി, മോഡൽ തുടങ്ങിയവയുമായി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. അവയില്‍ പ്രധാനികളാണ് ടോറസ് ലോറികള്‍.
ഇരട്ടപ്പേരിടാൻ, പ്രത്യേകിച്ച് വാഹനങ്ങള്‍ക്ക്, മിടുക്കന്മാരാണ് മലയാളികൾ. വമ്പന്‍ വണ്ടിക്കമ്പനികള്‍ വിദഗ്ധരെയൊക്കെ ഉപയോഗിച്ച് പഠിച്ചിടുന്ന പേരുകള്‍ക്ക് നിമിഷങ്ങള്‍ കൊണ്ടാവും നമ്മള്‍ ഇരട്ടപ്പേരിടുക. പഞ്ചാബ് രജിസ്‍ട്രേഷനിലുള്ള നാഷനൽ പെർമിറ്റ് ലോറിയാണെങ്കിലും നമ്മള്‍ അവയെ പാണ്ടിലോറി എന്നേ പറയൂ. കെഎസ്ആർടിസി നമുക്ക് ആനവണ്ടിയാണ്. എംബ്ലത്തിലെ ആനയുടെ ചിത്രമോ ആനയുടെ ലുക്കോ ഒക്കെയാവാം കാരണം. ജിസോപ്പിന്‍റെ റോഡ് റോളര്‍ അമ്മാവന്‍ വണ്ടിയും മഹീന്ദ്ര മാക്സിമോയും ടാറ്റ ഐറിസുമൊക്കെ വെള്ളിമൂങ്ങയുമാണ് നമുക്ക്.
ഇങ്ങനെ പേരിട്ടു വിളിക്കുന്ന വാഹനങ്ങളില്‍ പലതിനും അവയുടെ കമ്പനി, മോഡൽ തുടങ്ങിയവയുമായി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. അവയില്‍ പ്രധാനികളാണ് ടോറസ് ലോറികള്‍.
ഹെവിഡ്യൂട്ടി ടിപ്പർ ലോറികളെയാണ് പൊതുവേ മലയാളികൾ ടോറസ് എന്നു വിളിക്കുന്നത്. ടാറ്റ, അശോക് ലെയ്‌ലൻഡ് , ഭാരത് ബെൻസ്, മാൻ, മഹീന്ദ്ര തുടങ്ങി കമ്പനി ഏതുമാകട്ടെ ഹെവിഡ്യൂട്ടി ട്രക്കുകളെ നമ്മള്‍ ടോറസ് എന്നേ വിളിക്കൂ. അടുത്തകാലത്ത് വാഹന ലോകത്ത് കണ്ടു വരുന്ന ഒരു പ്രവണതയാണിത്.
എന്നാല്‍ യഥാർഥ ടോറസ് എന്നത് ഇതൊന്നുമല്ല എന്നതാണ് കൌതുകം. ഈ ഒറിജിനല്‍ ടോറസിന് ഇന്നു നമ്മള്‍ ഇതേ പേരിട്ടു വിളിക്കുന്ന ലോറികളുമായി യാതൊരു സാമ്യവുമില്ല എന്നതാണ് രസകരം. ഈ യതാര്‍ത്ഥ ടോറസ് ആരാണെന്ന് അറിയേണ്ടേ?
മാനും ഭാരതു ബെന്‍സുമൊക്കെ എത്തുന്നതിനു മുമ്പുള്ള കാലം. അന്ന് രാജ്യത്തെ ട്രക്ക് ലോകം അടിക്കിഭരിച്ചിരുന്നത് ടാറ്റയും അശോക് ലെയ്‍ലന്‍ഡും മാത്രം. അക്കാലത്ത് സാക്ഷാല്‍ അശോക് ലെയ്‌ലാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ മൾട്ടി ആക്സിൽ ട്രക്കാണ് ടോറസ്. രാജ്യത്തെ ആദ്യത്തെ 13 ടണ്‍ ട്രക്കായ ലെയ്‍ലന്‍ഡിന്റെ തന്നെ ടസ്‍കര്‍ കുടുംബത്തിലെ മൂന്ന് ആക്സിസുകളുള്ള പതിപ്പായിരുന്നു ടോറസ്. 1980ലായിരുന്നു കമ്പനിയുടെ ഹൊസൂരിലെ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചതും. എംജി ആറായിരുന്നു ഈ പ്ലാന്റിന്‍റെ ഉദ്ഘാടനം. ഇതേ വര്‍ഷം ഇതേ പ്ലാന്‍റില്‍ നിന്നായിരുന്നു ടോറസിന്‍റെയും പിറവി.
ഗ്രീക്കു പുരാണത്തിലെ കാളക്കൂറ്റന്‍റെ നാമമാണ് കമ്പനി വാഹനത്തിനു നല്‍കിയത്. ടോറസിന്‍റെ മുന്‍ഗാമിയായ ടസ്‍കറിന്‍റെ എഞ്ചിന്‍ 125 എച്ച് പി കരുത്തായിരുന്നു ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ 165 എച്ച് പി കരുത്തായിരുന്നു ടോറസിന്‍റെ ഹൃദയം സൃഷ്‍ടിച്ചിരുന്നത്. ടര്‍ബോ ചാര്‍ജ്ജ്‍ഡ് എച്ച് സീരീസ് എഞ്ചിനായിരുന്നു ടോറസിന്‍റെ ഈ ഹൃദയം. മണിക്കൂറില്‍ 74 കിലോ മീറ്ററായിരുന്നു ആറ് സ്‍പീഡ് ട്രാന്‍സ്മിഷനുകളുള്ള ഈ വാഹനത്തിന്‍റെ പരമാവധി വേഗത.
ഇനി ഈ ടോറസിന്‍റെ രൂപഭാവങ്ങള്‍ എങ്ങനെയാണെന്ന് അറിയേണ്ടേ? ഇന്നു നമ്മള്‍ ഇതേ പേരിട്ടു വിളിക്കുന്ന ലോറികളുമായി യാതൊരു സാമ്യവുമില്ല. ഇന്നു രാജ്യത്ത് ചരക്കു നീക്കത്തിനു വ്യാപകമായി ഉപയോഗിക്കുന്ന നമ്മൾ പാണ്ടിലോറിയെന്നു വിളിക്കുന്ന ലോറികളില്ലേ? ഇങ്ങനെ പത്തോ അതിലേറെയോ ചക്രങ്ങൾ ഉള്ള നാഷനൽ പെർമിറ്റ് ലോറിയോടായിരുന്നു ഈ ഒറിജനല്‍ ടോറസിനു സാമ്യം! ഒരു കാര്യം കൂടി, ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 1980കളില്‍ നിരത്തിലെത്തിച്ച ഒരു കാറിന്റെ പേരും ടോറസ് എന്നു തന്നെയായിരുന്നു.
നമ്മള്‍ ഇരട്ടപ്പേരിട്ടു വിളിക്കുന്ന വണ്ടികള്‍ ഇനിയും ഏറെയുണ്ട്. അവയെ വരും ദിവസങ്ങളില്‍ പരിചയപ്പെടാം.