ഒഖിനാവ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ ഉടനെത്തും

By Web Team  |  First Published Feb 27, 2021, 10:43 PM IST

ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് ഒഖിനാവ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു...


തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ സ്‍കൂട്ടേഴ്‍സ് എന്ന് കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ Oki100 എന്ന മോഡലിനെയാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.  ഇപ്പോഴിതാ Oki 100ന്റെ ടീസർ ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'ഉടൻ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ടീസർ ഇമേജ് എത്തുന്നതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ആഴ്ചകളിൽ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നാണ് ഈ ടീസര്‍ നല്‍കുന്ന സൂചന എന്നാണ് റിപ്പോര്‍ട്ടുകള്‍.  ആദ്യത്തെ പ്രോട്ടോടൈപ്പ് 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച് കമ്പനി ഇപ്പോൾ കുറച്ചുകാലമായി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ നിര്മാണത്തിലാണ്.

Latest Videos

undefined

ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് ഒഖിനാവ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ നിർമ്മാണമെല്ലാം സ്വന്തം രാജ്യത്തു തന്നെയാണ് നിർവ്വഹിക്കുന്നതെങ്കിലും വാഹനത്തിനായുള്ള ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത. 72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്.

ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ൽ ഉള്‍പ്പെടും. കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. പുതിയ ഒഖിനാവ Oki 100 ഇലക്ട്രിക് ബൈക്കിന്റെ എക്സ്-ഷോറൂം വില ഏകദേശം ഒരു ലക്ഷം രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. റിവോൾട്ട് RV 400 ആയിരിക്കും എതിരാളി.

click me!