ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ എസ്യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ് ടെസ്റ്റിൽ (GNPC Crash Test) ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തകാലത്തായി സുരക്ഷാ പരിശോധനയില്‍ കിടലന്‍ പ്രകടനം നടത്തുന്ന കാറുകൾ നിർമിക്കുന്നതിൽ ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് (Tata Motors) പ്രശസ്തമാണ്. രാജ്യത്തെ ഫൈവ് സ്റ്റാർ റേറ്റിങുള്ള ചെറു കാറുകളിൽ അധികവും ടാറ്റയുടേതാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് ഒരും വാഹനം കൂടി ചേര്‍ത്തിരിക്കുകയാണ് ടാറ്റ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഏറ്റവും പുതിയ മൈക്രോ എസ്യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ് ടെസ്റ്റിൽ (GNPC Crash Test) ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അൾട്രോസിൽ അരങ്ങേറ്റം കുറിച്ച ആൽഫ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് നിർമിച്ചിരിക്കുന്നത്. ഇതിനുമുമ്പ് ആൾട്രോസിനും ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തികച്ചും അപ്രതീക്ഷിതമല്ല പഞ്ചിന്‍റെ സ്റ്റാർ റേറ്റിങ് ലഭ്യത എന്നുറപ്പാണ്. ടാറ്റ അടുത്തിടെ പുറത്തിറക്കിയ ടിഗോര്‍ ഇവിയും സുരക്ഷാ പരീക്ഷയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
പഞ്ച് എസ്‌യുവി ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ഒരുകൂട്ടം സുരക്ഷാ സവിശേഷതകൾ ടാറ്റ നൽകുന്നുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ആന്റി-സ്റ്റാൾ സവിശേഷത, കൊളാപ്സബിൾ സ്റ്റിയറിങ് കോളം എന്നിവ പഞ്ചിന്‍റെ പ്രത്യേകതകളാണ്. ഡ്യുവൽ എയർബാഗിനും എ.ബി.എസിനുമൊപ്പം ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ് വൈപ്പറുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക് സിസ്റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.
പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ വാഹനം ലഭിക്കും. 86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.
3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി 100 നെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസും വീൽബെയ്സും കൂടുതലുണ്ട് പഞ്ചിന്. മഹീന്ദ്ര KUV100ന് ഒപ്പം മാരുതി സുസുക്കി ഇഗ്നിസ്, ബലേനോ, ഹ്യുണ്ടായ് i20 തുടങ്ങിയവരായിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികള്‍.