27 കിമി മൈലേജുമായി പുത്തൻ അള്‍ട്രോസ്, ബുക്കിംഗ് തുടങ്ങി ടാറ്റ, ഇതാ അറിയേണ്ടതെല്ലാം!

By Web Team  |  First Published Apr 19, 2023, 1:28 PM IST

ആൾട്രോസ് സിഎൻജിയുടെ ബുക്കിംഗും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചു. ​​21,000 രൂപയ്ക്കാണ് വാഹനത്തിന്‍റെ ബുക്കിംഗ് തുറന്നത്. 


2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആണ് നൂതനമായ ഇരട്ട സിഎൻജി സിലിണ്ടർ സാങ്കേതിക വിദ്യയോടെ ടാറ്റാ മോട്ടോഴ്‍സ് അള്‍ട്രോസ് സിഎൻജി മോഡലിനെ ആദ്യമായി പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആൾട്രോസ് സിഎൻജിയുടെ ബുക്കിംഗും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചു. ​​21,000 രൂപയ്ക്കാണ് വാഹനത്തിന്‍റെ ബുക്കിംഗ് തുറന്നത്. 

ടാറ്റ അള്‍ട്രോസ് സിഎൻജി പതിപ്പുകൾ XE, XM+, XZ, XZ+ എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിൽ ലഭ്യമാകും. ഈ വർഷം ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ നേരത്തെ അള്‍ട്രോസ് സിഎൻജി ഹാച്ച്ബാക്ക് പ്രദർശിപ്പിച്ചിരുന്നു. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുടെ സിഎൻജി പതിപ്പുകളോട് ഇത് മത്സരിക്കും.

Latest Videos

undefined

സിഎൻജി പതിപ്പുകൾ ലഭിക്കുന്ന ടാറ്റയിൽ നിന്നുള്ള മൂന്നാമത്തെ മോഡലാണ് ടാറ്റ ആൾട്രോസ്. ഐസിഎൻജി സാങ്കേതികവിദ്യയോടെ ടിഗോർ സെഡാനും ടിയാഗോ ഹാച്ച്ബാക്കും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു . എന്നിരുന്നാലും, അള്‍ട്രോസ് സിഎൻജി പതിപ്പ് മറ്റ് രണ്ട് മോഡലുകളിൽ നിന്നും വ്യത്യസ്‍തമാണ്. കാറിനുള്ളിൽ സിഎൻജി കിറ്റ് എങ്ങനെ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വ്യത്യാസം.

ലഗേജുകൾക്കായി കൂടുതൽ ഇടം കണ്ടെത്തുന്നതിനായി ടാറ്റ മോട്ടോർസ് ഇന്ത്യയിൽ ആദ്യമായി പുതിയ ഇരട്ട സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ അവതരിപ്പിച്ചു. 30 ലിറ്റർ വീതമുള്ള രണ്ട് സിഎൻജി സിലിണ്ടറുകൾ ഉൾപ്പെടുന്ന സിഎൻജി കിറ്റ്, ലഗേജിന്റെ ഇടം അധികം കുറയ്ക്കാതെ ബൂട്ട് സ്‌പെയ്‌സിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നു. സിഎൻജി കിറ്റ് ഉണ്ടെങ്കിലും പുതിയ അള്‍ട്രോസ് സിഎൻജി 300 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. ഇരട്ട സിലിണ്ടറുകൾക്കായി സ്ഥലം കണ്ടെത്തുന്നതിന്, ടാറ്റ മോട്ടോഴ്‌സിന് ബൂട്ട് സ്‌പെയ്‌സിന് താഴെ സ്ഥാപിച്ചിട്ടുള്ള സ്പെയർ വീൽ നീക്കം ചെയ്യേണ്ടിവന്നു.

ടിയാഗോ, ടിഗോർ തുടങ്ങിയ പരമ്പരാഗത സിഎൻജി വാഹനങ്ങളിൽ, ബൂട്ട് സ്‌പെയ്‌സിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ സിഎൻജി സിലിണ്ടർ ലഗേജിന് കുറച്ച് ഇടം നൽകുന്നു. അള്‍ട്രോസ് സിഎൻജിയുടെ എതിരാളികളായ ബലേനോ അല്ലെങ്കിൽ ഗ്ലാൻസ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നില്ല.

ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ അള്‍ട്രോസ് സിഎൻജി വ്യത്യസ്തമല്ല. ഐസിഎൻജി ബാഡ്‌ജിംഗ്, ഫ്യൂവൽ മോഡുകൾക്കിടയിൽ മാറാൻ ഉള്ളിലെ കൺസോളിലെ സിഎൻജി സ്വിച്ച് എന്നിവ മാത്രമാണ് ശ്രദ്ധേയമായ മാറ്റങ്ങൾ. ടാറ്റ ആൾട്രോസ് സിഎൻജി നാല് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അള്‍ട്രോസ് iCNG-യുടെ ക്യാബിൻ ലെതറെറ്റ് സീറ്റുകൾ, iRA കണക്റ്റഡ് കാർ ടെക്നോളജി, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യും.

ടിയാഗോ, ടിഗോർ സിഎൻജി മോഡലുകൾക്ക് കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ടാറ്റ ആൾട്രോസ് സിഎൻജി എത്തുന്നത്. മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച എഞ്ചിന് iCNG മോഡിൽ 73 bhp കരുത്തും 95 Nm ടോര്‍ക്കും സൃഷ്ടിക്കാനാവും. CNG കിറ്റില്ലാതെ എഞ്ചിന് 84.82 bhp കരുത്തും 113 Nm ടോര്‍ക്കും സൃഷ്ടിക്കാനാവും. അള്‍ട്രോസ് ​​iCNG-യുടെ ഇന്ധനക്ഷമത ഏകദേശം 27 km/kg ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ടിയാഗോ സിഎൻജി വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്.

click me!