ഭയാനകമായ അപകടങ്ങളിൽ പോലും യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ ടാറ്റ നെക്‌സോൺ വളരെ സുരക്ഷിതമായ ഓപ്ഷനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു
മഞ്ഞുകാലം അതിന്റെ ഉച്ചസ്ഥായിയിൽ ആണ്. റോഡിലെ കറുത്ത മഞ്ഞുപാളികൾ (Black Ice) കാരണം ഉത്തരേന്ത്യയിലെ മലയോര പ്രദേശങ്ങൾ തികച്ചും അപകടകരമാണ് ഈ സമയത്ത്. ഹിമാചൽ പ്രദേശിൽ (Himachal Pradesh) നിന്നുള്ള അത്തരത്തിലുള്ള ഒരു അപകടം വാര്‍ത്ത അത്തരത്തിലുള്ളതാണ്. പല അപകടങ്ങളില്‍ നിന്നും യാത്രികരെ സുരക്ഷിതരാക്കിയ ടാറ്റ നെക്‌സോൺ തന്നെയാണ് ഈ അപകടത്തിലും താരം. റോഡിലെ കറുത്ത മഞ്ഞുപാളിയിൽ തെന്നി 200 അടി താഴ്‌ചയിലേക്ക് ഒന്നില്‍ അധികം തവണ കരണം മറിഞ്ഞ കാറിലെ യാത്രികര്‍ സുരക്ഷിതരാണെന്ന വാര്‍ത്ത കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ച നിഖിൽ റാണ എന്ന യൂട്യൂബറെ ഉദ്ദരിച്ചാണ് കാര്‍ ടോഖ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ടാറ്റ നെക്‌സോൺ കരണം മറിഞ്ഞ ശേഷം വീണ ആഴത്തിലുള്ള താഴ്‌വരയാണ് വീഡിയോയിൽ കാണിക്കുന്നത്. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ഒരു പോറൽ പോലും ഏൽക്കാതെ ഇരുവരും സുരക്ഷിതരായി പുറത്തിറങ്ങി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അപകടശേഷം ക്രെയിൻ ഉപയോഗിച്ച് കാർ താഴ്‌വരയിൽ നിന്ന് പുറത്തെടുത്തു. ഒന്നിലധികം തവണ കരണം മറിഞ്ഞ കാർ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് ഈ വമ്പന്‍ അപകടത്തിൽ നിന്ന് സുരക്ഷിതമായി കരകയറാൻ സാധിച്ചതെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെക്സോണിന്‍റെ സുരക്ഷ
രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമാണ് നെക്സോണ്‍. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്.
"മരിച്ചെന്ന് കരുതി, പക്ഷേ.." കണ്ണീരോടെ ആ കഥ പറഞ്ഞ് നെക്സോണ്‍ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!
നിരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തി നെക്‌സോൺ. 2018ല്‍ ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. ക്രാഷ് ടെസ്റ്റില്‍ മാത്രമല്ല, പല അപകടങ്ങളെയും അതിജീവിച്ച ഈ വാഹനത്തിന്റെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. നെക്സോണ്‍ ഉടമകള്‍ തന്നെ ഇക്കാര്യം പലതവണ തുറന്നുപറഞ്ഞിട്ടുമുണ്ട്.
2017 ഓഗസ്റ്റിൽ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ച ടാറ്റ നെക്‌സോൺ നാല് സ്റ്റാറാണ് നേടിയത്. പിന്നാലെ എക്കാലത്തെയും ഉയർന്ന പോയിന്റുകൾ നേടുന്നതിനായി 2018ല്‍ വീണ്ടും പരീക്ഷിച്ചു. അങ്ങനെ നെക്‌സോണിന് 17-ൽ 16.06 പോയിന്റ് ലഭിച്ചു. അങ്ങനെ വാഹനം അഞ്ച് സുരക്ഷാ സ്റ്റാറും സ്വന്തമാക്കി. അത് ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു. കാരണം ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ച ഏതൊരു കാറും നേടിയ ഏറ്റവും ഉയർന്ന റേറ്റിംഗായിരുന്നു ഇത്.
പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!
പിന്നാലെ XUV300 ഉള്‍പ്പെടെയുള്ള മറ്റ് കാറുകൾക്കും ഫൈവ് സ്റ്റാര്‍ കിട്ടിരുന്നു. ഇന്ത്യയിൽ ഗ്ലോബൽ എൻസിഎപി സാക്ഷ്യപ്പെടുത്തിയ ഏറ്റവും സുരക്ഷിതമായ കാർ നിരയിൽ ടാറ്റയ്ക്ക് ഏറെ അഭിമാനത്തിന് വകയുണ്ട്. ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ, ടാറ്റ ആൾട്രോസ് തുടങ്ങിയ പഞ്ചനക്ഷത്ര സുരക്ഷാ കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഒപ്പം ഫോർ സ്റ്റാർ നേടിയ ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ എന്നിവയും ഉണ്ട്. അപകടങ്ങളിൽ പെട്ടതിന് ശേഷം ടാറ്റ കാറുകൾ നൽകുന്ന ബിൽഡ് ക്വാളിറ്റിക്കും സുരക്ഷയ്ക്കും നിരവധി ഉടമകൾ നന്ദി പറയുന്ന വാര്‍ത്തകള്‍ അടുത്ത കാലത്ത് വൈറലായിരുന്നു.
മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. എത്തി നാലര വര്‍ഷം തികയുമ്പോള്‍ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്സോണ്‍.
ബ്ലാക്ക് ഐസും അതിലെ ഡ്രൈവിംഗും
ഇനി ബ്ലാക്ക് ഐസ് എന്താണെന്നും അതില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അറിഞ്ഞിരിക്കാം. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് താഴുമ്പോൾ തണുത്ത പ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് കറുത്ത മഞ്ഞ് രൂപം കൊള്ളുന്നു. റോഡിലൂടെ ഒഴുകുന്ന വെള്ളം തണുത്തുറഞ്ഞ് വളരെ വഴുവഴുപ്പുള്ള പ്രതലമായി മാറുന്നു. നനഞ്ഞ പാച്ച് പോലെ കാണപ്പെടുന്നതിനാൽ ഈ പാച്ച് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല. പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ അമിതവേഗത കാരണം മിക്ക യാത്രികരും ബ്ലാക്ക് ഐസിൽ വീഴുന്നു. പലപ്പോഴും, താഴെയുള്ള ഉപരിതലം വഴുവഴുപ്പുള്ളതാണെന്ന് ഒരു ഡ്രൈവര്‍ മനസിലാക്കുമ്പോൾ, അവർ പരിഭ്രാന്തരാകുകയും ബ്രേക്ക് പ്രയോഗിക്കുകയും ഗ്രിപ്പ് നഷ്‍ടപ്പെടുകയും ചെയ്യുന്നു.
കറുത്ത മഞ്ഞുവീഴ്‍ചയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം അത് തിരിച്ചറിയുകയും അതിന് മുകളിലൂടെ പതുക്കെ സവാരി ചെയ്യുകയുമാണ്. ബ്ലാക്ക് ഐസ് തിരിച്ചറിയാൻ പ്രയാസമുള്ളതിനാൽ, അതിരാവിലെ സമയങ്ങളിൽ സാവധാനം ഡ്രൈവ് ചെയ്യുന്നതും റോഡിൽ നനഞ്ഞ പാടുകൾ കണ്ടതിന് ശേഷം വേഗത കുറയ്ക്കുന്നതും നല്ലതാണ്. സൂര്യൻ ഉദിച്ചതിന് ശേഷം കറുത്ത ഐസ് ഉരുകുന്നു, പക്ഷേ നിഴൽ പ്രദേശത്ത് അവയ്ക്ക് കൂടുതൽ സമയം നിലനിൽക്കാൻ കഴിയും. ബ്ലാക്ക് ഐസിൽ ഡ്രൈവ് ചെയ്യുമ്പോൾ ഗിയർ മാറ്റാതെ അതേ വേഗത നിലനിർത്തുന്നത് പ്രധാനമാണ്. കൂടാതെ, ടയർ ശരിയായി പരിപാലിക്കുന്നത് ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുന്നു. എല്ലാത്തരം പ്രതലങ്ങളിൽ നിന്നും പരമാവധി ഗ്രിപ്പ് ലഭിക്കുന്നതിന് ട്രെഡ് ഡെപ്‍ത് 1.5 മില്ലീമീറ്ററിൽ കുറഞ്ഞാല്‍ ഉടന്‍ ടയറുകൾ നിര്‍ബന്ധമായും മാറ്റിയിടുക.
പുതിയൊരു നേട്ടം കൂടി കീശയിലാക്കി ടാറ്റയുടെ കീശ നിറച്ച മിടുക്കന്‍!