രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും സുപ്രീം കോടതി
ദില്ലി: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീം കോടതി. ട്രെയിനുകള്‍ അകാരണമായി വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. ട്രെയിന്‍ നാലു മണിക്കൂര്‍ വൈകി ഓടിയത് കാരണം നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി എന്ന് മണി കണ്ട്രോള് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്കു പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റീസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഒരു കേസില്‍ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയോട് നഷ്ടപരിഹാരം നൽകാൻ നിര്‍ദേശിച്ചിരുന്നു. സഞ്ജയ് ശുക്ല എന്ന യാത്രക്കാരന്റെ പരാതിയിലായിരുന്നു ഈ നടപടി. ഈ ഉത്തരവ് പിന്നീട് ദേശീയ കമ്മീഷന് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ ഈ വിധിയെ ചോദ്യം ചെയ്ത് റെയില്‍വേ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇപ്പോഴത്തെ സുപ്രധാന വിധിയുണ്ടായത്.
കഴിഞ്ഞ ജൂണ്‍ 10ന് അജ്മീര്‍-ജമ്മു എക്സ്പ്രസില്‍ ജമ്മുവിലേക്ക് പോകുന്നതിനാണ് സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻ കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തത്. 17-ാം തീയതി ഇതേ ട്രെയിനില്‍ തിരിച്ചുള്ള യാത്രയ്ക്കും ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നു. 10-ാം തീയതി യാത്ര പുറപ്പെട്ട ട്രെയിന്‍ 11ന് രാവിലെ 8.10ന് ജമ്മുവില്‍ എത്തേണ്ടതായിരുന്നു. അതനുസരിച്ച് സഞ്ജയ് ശുക്ല ജമ്മുവില്‍ നിന്ന് ഉച്ചയ്ക്ക് 12-നുള്ള സ്പൈസ് ജെറ്റില്‍ ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റും കൂടാതെ ദാല്‍ തടാകത്തില്‍ ഒരു ഹൗസ് ബോട്ടും കുടുംബം ബുക്ക് ചെയ്തിരുന്നു.
എന്നാൽ നാലു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. ഉച്ചയ്ക്ക് 12-നാണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. യാത്രികന് ജമ്മു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. പിന്നീട് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സിയിലാണ് ഇവര്‍ യാത്ര തിരിച്ചത്.
തുടര്‍ന്നാണ് സഞ്ജയ് ശുക്ല പരാതിയുമായി ആല്‍വാര്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയെ സമീപിക്കുന്നത്. 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവ്. മാത്രമല്ല ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കുള്ള ടാക്സി യാത്രയുടെ ചെലവും ബോട്ടിന് വാടകയിനത്തില്‍ നല്കിയ 10,000 രൂപയും റെയില്‍വേ നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടിരുന്നു. ജില്ലാ സമിതിയുടെ ഉത്തരവ് സംസ്ഥാന സമിതിയും പിന്നാലെ ദേശീയ കമ്മീഷനും ഉത്തരവ് ശരിവച്ചു.
ഇതിനെ ചോദ്യം ചെയ്താണ് റെയില്‍വേ സുപ്രീം കോടതിയില്‍ എത്തയിതും തിരിച്ചടി നേരിട്ടതും. ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ച അല്ലെന്നായിരുന്നു കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം. പക്ഷേ, നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവില്‍ കോടതിയുടെ ഇടപെടല്‍ വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona