"നമ്മുടെ വണ്ടിയും പോലീസാ" ജോർജിനും പിള്ളേർക്കുമൊപ്പം വീണ്ടും സ്റ്റാറായി സുമോയും മഹാനായ ആ ടാറ്റ എഞ്ചിനീയറും!

By Web Team  |  First Published Oct 3, 2023, 5:06 PM IST

എന്തായാലും ഫാൻസിന്‍റെ ഇടയില്‍ ഒരിക്കല്‍ക്കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ് ടാറ്റാ സുമോ എന്ന വാഹനം. ഇതാ സുമോയുടെയും ആ പേരിന് കാരണക്കാരനായ ടാറ്റയിലെ ഒരു എഞ്ചിനീയറുടെയും ചില വിശേഷങ്ങള്‍ അറിയാം.


മ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് തിയേറ്ററുകളില്‍ വിജയക്കുതിപ്പിലാണ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടുകയാണ്. "നമ്മൾ മാത്രമല്ല പൊലീസ്, നമ്മുടെ വണ്ടിയും പൊലീസാണ്" എന്ന ഡയലോഗിൽ തിയേറ്ററിൽ വമ്പൻ കരഘോഷമാണ്. നാല് പേരടങ്ങിയ കണ്ണൂർ സ്ക്വാഡിന്റെ സന്തത സഹചാരിയായ ഒരു വണ്ടിയുണ്ട്. ഒരു ടാറ്റാ സുമോ ആണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെയായ ഈ ടാറ്റാ സുമോ മമ്മൂട്ടി സ്വന്തമാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായാലും ഫാൻസിന്‍റെ ഇടയില്‍ ഒരിക്കല്‍ക്കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ് ടാറ്റാ സുമോ എന്ന വാഹനം. ഇതാ സുമോയുടെചില വിശേഷങ്ങള്‍ അറിയാം.

വാഹനം നിർത്തലാക്കിയിട്ട് നാല് വർഷം കഴിഞ്ഞുവെങ്കിലും ഇപ്പോഴും പലര്‍ക്കും സുമോ വളരെ പ്രിയപ്പെട്ട വാഹനമാണ്. 1994ലാണ് സുമോ ആദ്യമായി വിപണിയിലെത്തിയത്.  ടാറ്റയുടെ X2 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരുന്നു വാഹനത്തിന്‍റെ വരവ്. ടാറ്റയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചീഫ് എക്സിക്യൂട്ടീവായിരുന്ന സുമന്ത് മോൾഗോഖറിന്‍റെ സ്‍മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്‍റെ പേരില്‍ നിന്നും സുമോ എന്ന പേര് കമ്പനി ഉണ്ടാക്കുന്നത്.  അദ്ദേഹത്തിന്റെ പേരിന്‍റെ ആദ്യത്തെയും അവസാനത്തെയും രണ്ട് അക്ഷരങ്ങൾ ചേർത്താണ് പേര് ഇട്ടിരിക്കുന്നത്. ബ്രാൻഡിന്റെ പേരിൽ 'സു' എന്നത് സുമന്തിനെയും 'മോ' എന്നത് മൂല്‌ഗോക്കറെയും സൂചിപ്പിക്കുന്നു.  അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു കമ്പനിയും തങ്ങളുടെ ജീവനക്കാരന് നൽകുന്ന ഏറ്റവും വലിയ കോർപ്പറേറ്റ് ആദരവാണ് ടാറ്റ സുമോ. ആ കഥ ഇങ്ങനെ.

Latest Videos

undefined

ടാറ്റ മോട്ടോഴ്‌സ് പണ്ട് ടെൽകോ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതായത് ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി. ടെൽകോ സിഇഒ ആയിരുന്നു സുമന്ത് മൂൽഗോക്കർ. ടാറ്റ മോട്ടോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതാണ് പതിവ്. ഒരു ഘട്ടത്തിൽ, തങ്ങളുടെ സഹപ്രവർത്തകനായ സുമന്ത് മൂൽഗോക്കറിനെ തുടർച്ചയായി ദിവസങ്ങളോളം ഉച്ചഭക്ഷണ സമയത്ത് കാണാതാകന്നത് സഹപ്രവര്‍ത്തകർ ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ കാറില്‍ പെട്ടെന്ന് പുറത്തേക്ക് പോകുന്ന സുമന്ത് ഉച്ചഭക്ഷണ സമയം കഴിയുന്നതിന് മുമ്പ് മടങ്ങിവരും. അദ്ദേഹത്തിന്റെ ഈ അപൂര്‍വ്വമായ തിരോധാനത്തിൽ ഉന്നത മാനേജ്‌മെന്റിന് സംശയം തോന്നി. ചില ടാറ്റ ഡീലർമാർ അദ്ദേഹത്തിന് കൈക്കൂലി നൽകാൻ ശ്രമിക്കുന്നതായുംഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് അദ്ദേഹം പോകുന്നുവെന്നും ടാറ്റയിലെ ഉന്നതര്‍ കരുതി. അതിനാൽ, അവർ സത്യം കണ്ടെത്താൻ തീരുമാനിച്ചു. 

വരുന്നത് 400 കിമി മൈലേജുള്ള സൂപ്പര്‍ ബസുകള്‍, രാജ്യത്തെ ബസ് സര്‍വ്വീസുകളുടെ തലവര മാറ്റാൻ അംബാനി!

ഒരു ദിവസം, ഉച്ചഭക്ഷണ സമയത്ത് പുറത്തേക്ക് പോകുമ്പോ ടാറ്റയിലെ ചിലർ സുമന്തിനെ രഹസ്യമായി പിന്തുടരാൻ തീരുമാനിച്ചു. എന്നാൽ അവർ കണ്ടെത്തിയത് തികച്ചും വ്യത്യസ്‍തമായ ഒരു സാഹചര്യമായിരുന്നു. ഒരു ഹൈവേ ധാബയിൽ തന്റെ കാർ നിർത്തി ഭക്ഷണം ഓർഡർ ചെയ്യുന്ന സുമന്തിനെക്കണ്ട് അവര്‍ ഞെട്ടി. ആ ധാബയിൽ ട്രക്ക് ഡ്രൈവർമാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു സുമന്ത്. ഒരു ടാറ്റ ലോറിയിൽ എന്താണ് നല്ലതും ചീത്തയും എന്ന് അവരുമായി ചർച്ച ചെയ്യുകയും അത് തന്‍റെ നോട്ടില്‍ എഴുതിവെച്ച് ഓഫീസിലേക്ക് മടങ്ങുകയും ചെയ്യുന്ന സുമന്തിനെ കണ്ട് മേധാവികള്‍ അമ്പരന്നു. ട്രക്ക് ഡ്രൈവർമാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം ഈ വിവരങ്ങൾ ഉപയോഗിച്ചു. ടാറ്റ വാഹനങ്ങളെ മെച്ചപ്പെടുത്താനുള്ള സുമന്ത് മൂൽഗോക്കറിന്റെ ആവേശം കൂടിയായിരുന്നു അത്. അങ്ങനെ അദ്ദേഹത്തിന്റെ ദർശനവും അർപ്പണബോധവുമാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഗവേഷണ-വികസനത്തെ ഉയരങ്ങളിലേക്ക് നയിച്ചത്.  1989ല്‍ സുമന്ത് മൂല്‍ഗോഖര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്‍മരണയ്ക്കായി ജംഷഡ്പൂരിലെ ടെൽകോ കോളനിയിൽ സുമന്ത് മൂൽഗോക്കർ സ്റ്റേഡിയം തുറന്നു ടാറ്റ. 1994-ൽ പുറത്തിറക്കിയ വാഹനത്തിന് ടാറ്റ സുമോ എന്ന് പേരിടുകയും ചെയ്‍തു. 

സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ അവതരിപ്പിക്കപ്പെട്ടതെങ്കെിലും പൊതുനിരത്തിലേക്കും വൈകാതെ സുമോകള്‍ ഒഴുകിയെത്തി. ഇന്നത്തെപ്പോലെ എസ്‍യുവികളും മറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് വലിയ വണ്ടിയായി മഹീന്ദ്രയുടെ ജീപ്പിനെ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ സുമോയെ നെഞ്ചേറ്റി.

പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. സാധാരണക്കാരെ മുന്നിൽക്കണ്ടിറക്കിയ വാഹനമെന്നതും സസ്‌പെൻഷൻ മികവും ഇന്ധനക്ഷമതയും സർവീസ് ലഭ്യതയുമെല്ലാം സുമോയെ ജനപ്രിയമാക്കി മാറ്റി. സ്വകാര്യ വാഹനമായും ടാക്സിയായുമൊക്കെ ഒരുപാടു സുമോകൾ നിരത്തിലെത്തി.  2000 ല്‍ സുമോ സ്‌പേഷ്യോയും 2004-ല്‍ സുമോ വിക്ടയും 2011-ല്‍ സുമോ ഗോള്‍ഡും എത്തി. ടാറ്റ സഫാരി സ്റ്റോം പോലെ, സുമോയും ഒരു കാലത്ത് ഇന്ത്യൻ സൈന്യത്തെ സേവിച്ചിട്ടുണ്ട്. അതിന്റെ കരുത്തുറ്റ ബോഡി, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം, ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകള്‍ അതിന്റെ പ്രായോഗികത വർധിപ്പിക്കുന്നു. 

2013ലാണ് സുമോ അവസാനമായി മുഖംമിനുക്കുന്നത്. ഡ്യുവല്‍ സോണ്‍ എസി, റേഡിയോ-സിഡി-എംപി3 സിസ്റ്റം, പുതിയ പെയിന്റ് സ്‌കീം, സ്റ്റിക്കറുകള്‍ എന്നിവയായിരുന്നു അന്ന് വരുത്തിയ മാറ്റങ്ങള്‍. നിലവില്‍ 3.0 ലിറ്റര്‍ ബിഎസ്4 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 85 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  8.77 ലക്ഷത്തിന്റെ സുമോ ഗോള്‍ഡ് ജി.എക്സ് ആണ് വിപണിയില്‍ അവസാനമിറങ്ങിയ വാഹനം.  2019ലാണ് സുമോയുടെ നിര്‍മ്മാണം ടാറ്റ അവസാനിപ്പിക്കുന്നത്. 

എന്തായാലും ടാറ്റാ സുമോ എന്ന ജനപ്രിയ എസ്‍യുവിയും കഠിനാധ്വാനിയായ ജീവനക്കാരനെ നെഞ്ചേറ്റിയ ടാറ്റയുടെ സ്‍നേഹവും മമ്മൂട്ടിയുടെ ഈസൂപ്പര്‍ ഹിറ്റ് സിനിമ പോലെ മനുഷ്യ ഹൃദയങ്ങളില്‍ അവശേഷിക്കുമെന്ന് ഉറപ്പാണ്.

youtubevideo

 

 

click me!