ഒരുകാലത്ത് ഇന്ത്യൻ റോഡുകൾ അടക്കിഭരിച്ചിരുന്നു അംബി കാറുകൾ ഇന്ന് അന്യം നിന്നുപോയി. പക്ഷേ, ഇപ്പോഴും ടാക്സി വാഹനമാക്കി അംബിയെ ജീവിതത്തിലേയ്ക്ക് ചേർത്ത് നിർത്തുകയാണ് ഒരു ആലപ്പുഴക്കാരൻ. കളവംകോടം കളപ്പുരയ്ക്കൽ വീട്ടിൽ സത്യപാലൻ (59) എന്ന ടാക്സി ഡ്രൈവറാണ് 37 വർഷം പഴക്കമുള്ള അംബാസിഡർ കാറിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആ മനുഷ്യൻ.
ഇന്ത്യന്‍ വാഹനപ്രേമികളുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന ഒരു ഐക്കണിക്ക് കാറായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. രാജ്യം 'അംബി' എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന, ഇന്ത്യയുടെ ജനപ്രിയ വാഹനം. ഒരുകാലത്ത് ഇന്ത്യൻ റോഡുകൾ അടക്കിഭരിച്ചിരുന്ന 'അംബി' കാറുകൾ ഇന്ന് അന്യം നിന്നുപോയി. പക്ഷേ, ഇപ്പോഴും ടാക്സി വാഹനമാക്കി അംബിയെ ജീവിതത്തിലേയ്ക്ക് ചേർത്ത് നിർത്തുകയാണ് ഒരു ആലപ്പുഴക്കാരൻ. കളവംകോടം കളപ്പുരയ്ക്കൽ വീട്ടിൽ സത്യപാലൻ (59) എന്ന ടാക്സി ഡ്രൈവറാണ് 37 വർഷം പഴക്കമുള്ള അംബാസിഡർ കാറിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആ മനുഷ്യൻ. എയർ കണ്ടീഷണർ പോലും ഇല്ലാത്ത തന്റെ അംബാസിഡര്‍ കാറിന് സത്യപാലന്റെ നെഞ്ചിൽ ഇന്നും കുളിർമ തന്നെ.
1986 ൽ ഒരു അംബാസിഡർ കാറിലാണ് സത്യപാലൻ ഡ്രൈവിംഗ് പരിശീലനം നേടുന്നത്. തുടർന്ന് 1987 ൽ ടാക്സി ഓടിക്കുന്നതിനായി ബാഡ്‍ജും കരസ്ഥമാക്കിയ സത്യപാലൻ മൂന്ന് ഘട്ടങ്ങളിൽ മൂന്ന് മുതലാളിമാരുടെ വണ്ടികളിൽ ഡ്രൈവറായി ജോലി ചെയ്തു. ഈ മൂന്ന് വാഹനവും വിവിധ അംബാസിഡർ കാറുകളായിരുന്നു എന്നതാണ് പ്രത്യേകത. പിന്നീട് 1987 ൽ പത്തനംതിട്ട സ്വദേശിയിൽ നിന്നും 87,500 രൂപ നൽകി സെക്കന്‍ഹാന്‍ഡ് അംബാസിഡർ കാർ സ്വന്തമായി വാങ്ങി ജീവിതത്തിലേക്ക് ചേർത്തു. ഈ വാഹനമാണ് കണ്ണിലെ കൃഷ്ണമണി പോലെ ഇപ്പോഴും പരിപാലിക്കുന്നത്.
ഇടയ്ക്കിടെ ചില തകരാറുകൾ സംഭവിക്കുമ്പോൾ തൃശൂരിലും കോയമ്പത്തൂരുമൊക്കെ പോയാണ് സ്പെയർ പാർസുകൾ വാങ്ങുന്നത്. കാറിൽ രാഷ്ട്രീയക്കാരെ കൂടാതെ അനവധി സിനിമ ലൊക്കേഷനുകളിലേക്ക് നടീ നടന്‍മാരേയും കൊണ്ടുപോയിട്ടുണ്ടെന്നും ഒരു സിനിമയിൽ കാറുമായി അഭിനയിച്ചിട്ടുണ്ടെന്നും സത്യപാലൻ പറയുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സിനിമാ താരം അന്തരിച്ച നടൻ സത്താർ, നടി ഗീത, നിലവിലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രി പി തിലോത്തമൻ തുടങ്ങിയവർ തന്റെ അംബാസിഡർ കാറിൽ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ടാക്സി ഓടിത്തുടങ്ങുന്ന കാലം മുതൽ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു ഓട്ടത്തിനായി എത്തിരുന്നത്. നിലവിൽ ദേവീക്ഷേത്രത്തിന് തെക്കുവശമുള്ള ടാക്സി സ്റ്റാന്‍ഡിൽ നിരവധി ആഡംബര വാഹനങ്ങൾക്കൊപ്പം സത്യപാലൻ തന്റെ അംബാസർ കാറുമായി എന്നും രാവിലെ എത്തും. ആലപ്പുഴ ജില്ലയിൽ തനിക്ക് മാത്രമേ ടാക്സിയായി ഇപ്പോഴും അംബാസിഡർ കാർ ഉള്ളൂവെന്നും കാലഘട്ടത്തിനനുസരിച്ച് കാർ മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ വാഹനം ആർക്കും നൽകില്ലെന്നുമാണ് സത്യപാലൻ പറയുന്നത്.
അംബാസിഡർ എന്നാൽ
1958 മുതൽ 2014 വരെ നിർമ്മാണത്തിലുണ്ടായിരുന്നു അംബാസിഡർ എന്ന ഈ ഐക്കണിക്ക് മോഡല്‍. 1950കളുടെ അവസാനത്തില്‍, പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലെ ഫാക്ടറിയിലായിരുന്നു ആദ്യ അംബാസിഡറ്‍ കാറിന്‍റെ പിറവി. ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് 3 സീരീസിന്‍റെ ചുവടുപിടിച്ചായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്. അംബാസിഡറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിന്‍റെ സിംഹഭാഗം ഓഹരിയും.
1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് അംബാസഡർ കാറുകള്‍ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം. ബിബിസിയുടെ പ്രശസ്‍തമായ പരമ്പര ടോപ് ഗിയറിന്‍റെ ബെസ്റ്റ് ടാക്സി അവാര്‍ഡ് നേടിയ അംബി ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. കാലക്രമേണ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കാറിൽ നിരവധി മാറ്റങ്ങൾ വരുത്തുകയും ആധുനിക സവിശേഷതകൾ പോലും അതിൽ ഉൾപ്പെടുത്തുകയും ചെയ്‍തിരുന്നു. പക്ഷേ മാരുതിയുടെ വരവോടെയും ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് നിരത്തുകള്‍ കീഴടക്കിയ മറ്റു നിരവധി വിദേശ മോഡലുകളോടും മത്സരിക്കാനാവാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് 2014-ൽ അവരുടെ പ്രൊഡക്ഷൻ പ്ലാന്റ് അടച്ചുപൂട്ടി. അതോടെ അംബിയുടെ യാത്രകള്‍ക്കും അന്ത്യമാകുകയായിരുന്നു.