എമര്‍ജന്‍സി ബ്രേക്കിട്ടു, ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു

By Web Team  |  First Published Jul 16, 2019, 10:03 AM IST

എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ടു. കൊച്ചുവേളിയിൽ നിന്നും ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.


കൊല്ലം: എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ടു. കൊച്ചുവേളിയിൽ നിന്നും ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെ 10.30-നാണ് തീവണ്ടി കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയത്. തുടര്‍ന്ന് 10.45ന് ട്രെയിന്‍ വീണ്ടും പുറപ്പെട്ടു.  100 മീറ്ററോളം മുന്നോട്ട് നീങ്ങുന്നതിനിടെ വണ്ടി വീണ്ടും പെട്ടെന്ന് ബ്രേക്കിട്ടു. അതോടെ എന്‍ജിനില്‍ നിന്നും ആറാമതുള്ള ബി-4 കോച്ച് തൊട്ടുപിന്നിലുള്ള ബി-3യില്‍ നിന്നും വേര്‍പെട്ടു. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേര്‍പെട്ടതാണ് കാരണം.

Latest Videos

വണ്ടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ടയുടന്‍ യാത്രക്കാരിൽ ഒരാൾ ഇറങ്ങാനുണ്ടെന്ന വിവരം ലഭിച്ചപ്പോൾ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നുവെന്നാണ് റെയില്‍വേ പറയുന്നത്.  തകരാര്‍ പരിഹരിക്കുന്നതിനായി ട്രെയിന്‍ 40 മിനിറ്റോളം സ്റ്റേഷനില്‍ പിടിച്ചിട്ടു. 11.30 ഓടെയാണ് പ്രശ്നം പരിഹരിച്ച് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സംഭവത്തെ തുടർന്ന് റൂട്ടിലെ ട്രെയിന്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള വണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. 

click me!