നായാട്ടിന് റെഡിയായി റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുത്തന്‍ വേട്ടക്കാരന്‍!

By Web Team  |  First Published Aug 7, 2021, 10:33 AM IST

വളരെ ഒതുക്കമുള്ള രൂപമാണ്​ ഹണ്ടറിനുള്ളത്​​. പ്രധാനമായും നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്​ത വാഹനമാണിത്​


ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ കഴിഞ്ഞ കുറച്ചുകാലമായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലുണ്ട്. ഹണ്ടർ എന്നാണ് ഈ മോഡലിന്‍റെ വിളിപ്പേര്.ഇടയ്ക്കിടെ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഹണ്ടര്‍ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

ഇപ്പോഴിതാ നിർമ്മാണം പൂർത്തിയായ ഹണ്ടർ ബൈക്കി​ന്‍റെ ചിത്രങ്ങൾ പുറത്തുവന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു​. ഒരു റെട്രോ മോഡേൺ റോഡ്സ്റ്റർ ബൈക്ക് ആയിരിക്കും ഹണ്ടർ എന്നാണ് നേരത്തെയുള്ള വിവരം. സ്‌പോർട്ടയായ ലുക്ക്, വലിപ്പം കൂടിയ സീറ്റ്, ആയാസരഹിതമായ സീറ്റിംഗ്‌ പൊസിഷൻ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാറുകൾ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാവും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

വളരെ ഒതുക്കമുള്ള രൂപമാണ്​ ഹണ്ടറിനുള്ളത്​​. പ്രധാനമായും നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്​ത വാഹനമാണിത്​. ഓറഞ്ച് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഹാലൊജൻ ഹെഡ്‌ലാമ്പാണ്​ മുന്നിൽ. ടെയിൽ ലൈറ്റ് എൽഇഡി യൂനിറ്റാണ്​. ടേൺ ഇൻഡിക്കേറ്ററുകൾ ഹാലൊജെൻ ആയിരിക്കും. ഹെഡ്‌ലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലൈറ്റും വൃത്താകൃതിയിലാണെന്നതും പ്രത്യേകതയാണ്​.

അനലോഗ് സ്​പീഡോമീറ്ററും ചെറിയ ഡിജിറ്റൽ സ്ക്രീനും ഓഡോമീറ്ററും വാഹനത്തിലുണ്ട്​. സീറ്റ് സിംഗിൾ-പീസ് യൂനിറ്റാണ്. എഞ്ചിൻ മാറ്റ് ബ്ലാക്ക് നിറത്തിലാണ്​ പൂർത്തിയാക്കിയിട്ടുള്ളത്​. മീറ്റിയോറിൽ കണ്ട 350 സി.സി എഞ്ചിനാണിത്. എയർ- ഓയിൽ കൂൾഡ് യൂനിറ്റ്​ 20.2 എച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് ആണ്​ ഗിയർബോക്​സും മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകളും ചെറിയ മഡ്​ഗാർഡുകളും ഹണ്ടറിന്​ ആകർഷകമായി രൂപഭംഗി നൽകുന്നുണ്ട്​.

പുത്തൻ ഡിസൈനിലുള്ള ടെയിൽ ലാംപ്, വ്യത്യസ്തമായ എക്‌സ്ഹോസ്റ്റ് എന്നിവ റോയൽ എൻഫീൽഡ് ഹണ്ടറിൽ പ്രതീക്ഷിക്കാം. ട്രിപ്പർ നാവിഗേഷൻ അടക്കമുള്ള പുത്തൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആയിരിക്കും ഹണ്ടർ 350-യിൽ ഇടം പിടിക്കുക. പുതിയ തലമുറ ക്ലാസിക്​ 350ന്​​ പിന്നാലെ എത്തുന്ന ഹണ്ടറിന് രണ്ടുലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.

എന്താണ് ഹണ്ടർ?
ഹണ്ടർ എന്ന പേരുപോലും അത്ര വിശ്വസനീയമല്ല. എന്നാല്‍ തങ്ങളുടെ പുതിയ ബൈക്കിനായി ഈ പേര് അനുവദിച്ചു കിട്ടാൻ റോയൽ എൻഫീൽഡ് ട്രേഡ്‍മാർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോണ്ടയുടെ ഹൈനസ്​ 350യുടെ എതിരാളിയായിരിക്കും ഹണ്ടർ എന്നാണ്​ ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങൾ നൽകുന്ന സൂചന. ​ഹണ്ടിറിനായി ഷെർപ, ഷോട്ട്ഗൺ തുടങ്ങിയ പേരുകളും നിലവിൽ റോയൽ എൻഫീൽഡ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഡ്യുവല്‍ പര്‍പ്പസ് ബൈക്കായിരിക്കും ഹണ്ടറെന്നും ഹിമാലയന്‍ ബൈക്കിന്റെ റേഞ്ചിലായിരിക്കും 250 സിസി ബൈക്ക് എത്തുകയെന്നുമാണ് സൂചനകള്‍.  റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ താരതമ്യേന ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടര്‍ ഒരുങ്ങുക.  വാഹനത്തിന്റെ വില കുറയ്ക്കുന്നതിനായി ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നുമാണ് വാര്‍ത്തകള്‍.

ഈ ബൈക്കിന്റെ പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് സൂചന. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷനായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ എബിഎസ് സുരക്ഷയുമൊരുക്കും.

എന്‍ജിനിലും പുതുമ കൊണ്ടുവരാനും നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ട്. പുതിയ 250 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിന്​ നൽകുക. ഏറ്റവും അടുത്ത എതിരാളിയായ ജാവ 42ന് സമാനമായ കരുത്താണ്​ പ്രതീക്ഷിക്കുന്നത്​.  

ഏതു തരം ബൈക്ക് ആകും എന്നതിനെപ്പറ്റി വ്യക്തത ഇല്ലെങ്കിലും ഹിമാലയന് കൂട്ടായി മറ്റൊരു അഡ്വഞ്ചർ ബൈക്ക് ആകുമെന്നാണ് റിപ്പോർട്ടുകൾ. 250 സിസി സെഗ്മെന്റിലേക്കും നോട്ടമുള്ള റോയൽ എൻഫീൽഡിന്റെ ഒരു പക്ഷെ ഏറ്റവും ഡിപ്ലസ്മെന്റ് കുറവുള്ള ബൈക്ക് ആവും ഹണ്ടർ. ഹീറോ എക്‌സ്പൾസ്‌, ബിഎംഡബ്ള്യു ജി 310 ജിഎസ് എന്നിവയാകും പുത്തൻ റോയൽ എൻഫീൽഡ് ബൈക്കിന്റെ എതിരാളികൾ. ബൈക്കിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഹണ്ടര്‍ വരുമോ ഇല്ലയോ എന്നതു കണ്ടുതന്നെ അറിയണം. 

അതേസമയം മെറ്റിയർ 350​ന്‍റെ വമ്പിച്ച വിജയത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്​ റോയൽ എൻഫീൽഡ്​​. നിലവിൽ മെറ്റിയറി​ന്‍റെ കാത്തിരിപ്പ് കാലാവധി ആറ്​ മാസമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!