ഇലക്ട്രിക് വാഹന വിപണി വളരുകയാണെന്നും ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇനി ഭാവി എന്ന ബോധ്യത്തോടെ അത്തരം ബൈക്കുകൾ വികസിപ്പിക്കുന്നതിൽ കമ്പനി തന്ത്രപരമായി പ്രവർത്തിക്കുകയാണെന്നും കമ്പനി
ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് എന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഉടമസ്ഥരായ ഐഷർ മോട്ടോഴ്‍സിന്റെ 2020-21 സാമ്പത്തിക വർഷത്തെ ഇന്റഗ്രേറ്റഡ് ആനുവൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ട്രിക് വാഹന വിപണി വളരുകയാണെന്നും ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇനി ഭാവി എന്ന ബോധ്യത്തോടെ അത്തരം ബൈക്കുകൾ വികസിപ്പിക്കുന്നതിൽ കമ്പനി തന്ത്രപരമായി പ്രവർത്തിക്കുകയാണെന്നും ഐഷർ മോട്ടോഴ്‍സിന്റെ മാനേജിങ് ഡയറക്ടർ ആയ സിദ്ധാർത്ഥ ലാൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം തങ്ങളുടെ പെട്രോൾ എഞ്ചിൻ ബൈക്കുകൾ പരിഷ്‍കരിക്കുന്നതിലും ജാഗ്രത പുലർത്തുന്നുണ്ടെന്നും ആധുനിക നിർമാണ ശാലകളും, ശക്തമായ ബ്രാൻഡും, വിപുലമായ വിതരണ ശൃംഖലയും തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതെല്ലം ഉപയോഗപ്പെടുത്തി ഇന്ത്യ ഉൾപ്പടെയുള്ള ആഗോള വിപണിയ്ക്കായി പ്രീമിയം ഇലക്ട്രിക്ക് ബൈക്ക് ശ്രേണി തന്നെ തയ്യാറാക്കുമെന്നും സിദ്ധാർത്ഥ ലാൽ വ്യക്തമാക്കുന്നു.
പ്രീമിയം ഇലക്ട്രിക്ക് ബൈക്കുകളും റോയൽ എൻഫീൽഡ് ശ്രേണിയിലെ ബഹുഭൂരിപക്ഷം മോഡലുകളുടെയും ഡിസൈൻ ഭാഷ്യമായ ക്ലാസിക് ലുക്കിൽ തന്നെയാണ് വിപണിയിലെത്തുക എന്നും സിദ്ധാർത്ഥ ലാൽ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി, റോയൽ എൻഫീൽഡ് ഇതിനകം തന്നെ കുറച്ച് സെഗ്‌മെന്റുകൾ പരിഗണിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെയും വ്യക്തമാക്കിയിരുന്നു. കുറച്ചു കാലമായി തങ്ങൾ ചിന്തിക്കുന്ന കാര്യമാണ് ഇലക്ട്രിക് വാഹന വിപണിയെന്നും തങ്ങൾക്ക് അനുയോജ്യമായ സെഗ്മെന്റ് ഏതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി എന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona