റോയൽ എൻഫീൽഡ്, ക്ലാസിക് 650 എന്ന മറ്റൊരു മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് ക്ലാസിക് 650, ക്ലാസിക് 350-ൻ്റെ കാലാതീതമായ രൂപകൽപ്പനയെ 648 സിസി ഇരട്ട സിലിണ്ടർ എഞ്ചിൻ ശക്തിയോടെ സമന്വയിപ്പിക്കും
ഐക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്, ക്ലാസിക് 650 എന്ന മറ്റൊരു മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് ക്ലാസിക് 650, ക്ലാസിക് 350-ൻ്റെ കാലാതീതമായ രൂപകൽപ്പനയെ 648 സിസി ഇരട്ട സിലിണ്ടർ എഞ്ചിൻ ശക്തിയോടെ സമന്വയിപ്പിക്കും. കമ്പനി അടുത്തിടെ 'ക്ലാസിക് 650 ട്വിൻ' എന്ന പേര് ട്രേഡ്മാർക്ക് ചെയ്യാൻ അപേക്ഷിച്ചിരുന്നു. ഇതാണ് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.
റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിനെ അതിൻ്റെ ചെറിയ എതിരാളിയായ ക്ലാസിക് 350-ൽ നിന്ന് വേറിട്ട് നിർത്താൻ, റോയൽ എൻഫീൽഡ് അതിൻ്റെ പേരിനൊപ്പം 'ട്വിൻ' എന്ന് ചേർക്കാൻ പദ്ധതിയിടുന്നു. കാഴ്ചയിൽ, ക്ലാസിക് 650 ട്വിൻ ക്ലാസിക് 350 ൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല. അതേസമയം പുതിയ ബുള്ളറ്റിന്‍റെ ഇടതുവശത്ത് ഒരു അധിക പീഷൂട്ടർ പൈപ്പ് ലഭിക്കും.
അടുത്തിടെ പരീക്ഷണത്തിനിടെ ഈ ബൈക്ക് കണ്ടെത്തി. ഇൻ്റർസെപ്റ്ററിനേക്കാൾ ഷോട്ട്ഗൺ മോഡലുമായി ഇത് അതിൻ്റെ പ്രധാന ഫ്രെയിം പങ്കിടുന്നതായി തോന്നുന്നു. റോയൽ എൻഫീൽഡിൻ്റെ പുതിയ മോഡലുകളിലുടനീളമുള്ള ഒരു പൊതു സവിശേഷത എൽഇഡി ഹെഡ്‌ലൈറ്റാണ്, ഇത് ക്ലാസിക് 650 ട്വിനിലും കാണാം. അതിൻ്റെ എഞ്ചിൻ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, റോയൽ എൻഫീൽഡിൻ്റെ മറ്റ് 650 സിസി മോഡലുകളിൽ ഡ്യൂട്ടി ചെയ്യുന്ന അതേ ശക്തമായ 648 സിസി ആയിരിക്കും ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ 648 സിസി ഇരട്ട സിലിണ്ടർ എഞ്ചിൻ 47 ബിഎച്ച്പി കരുത്തും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം ഈ വർഷം ഇന്ത്യയിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് പദ്ധതിയിടുന്നു, ക്ലാസിക് 650 ട്വിൻ ഈ മോഡലുകളിൽ ഒന്നായിരിക്കും. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 650 ട്വിൻ ഇൻ്റർസെപ്റ്ററിനും സൂപ്പർ മെറ്റിയോറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. അതിനാൽ, ഏകദേശം 3.30 ലക്ഷം മുതൽ 3.70 ലക്ഷം വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.